കൊച്ചി വിടുമെന്ന സൂചന നല്‍കി വീണ്ടും ബ്ലാസ്‌റ്റേഴ്‌സ്; ജിസിഡിഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാനേജ്‌മെന്റ്

0

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന് എതിരെ ജിസിഡിഎ നിരത്തുന്ന വാദഗതികള്‍ വാസ്തവത്തിന് നിരക്കാത്തതെന്ന് കെബിഎഫ്‌സി. നാലാം സീസണിന് ശേഷം സ്‌റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ജിസിഡിഎ കണക്കാക്കിയ തുക 53 ലക്ഷമാണ്. ഇതില്‍ 24 ലക്ഷം രൂപ ജിസിഡിഎക്ക് നല്‍കി. ശേഷമുള്ള അറ്റകുറ്റപ്പണികള്‍ക്കായി ജിസിഡിഎ നല്‍കിയ എസ്റ്റിമേറ്റ് തുക യഥാര്‍ത്ഥ എസ്റ്റിമേറ്റ് തുകയെക്കാള്‍ ഭീമമായതിനാല്‍ ബാക്കിയുള്ള അറ്റകുറ്റപണികള്‍ ക്ലബ്ബ് നേരിട്ട് നടത്തി സ്‌റ്റേഡിയം ഉപയോഗ യോഗ്യമാക്കി. എന്നിട്ടും പണം നല്‍കാനുണ്ടെന്ന വാദഗതി വാസ്തവങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് ക്ലബ് അറിയിച്ചു.

അഞ്ചാം സീസണ് ശേഷം ജിസിഡിഎ മെയ്ന്റനന്‍സ് തുക കണക്കാക്കിയപ്പോള്‍ നാലാം സീസണ് ശേഷം അറ്റകുറ്റപ്പണികള്‍ക്ക് ജിസിഡിഎ ആവശ്യപ്പെട്ട തുകയും ചേര്‍ത്താണ് ആകെ തുക കണക്കാക്കിയത്. ആ തുകയാണ് കെബിഎഫ്‌സി ജിസിഡിഎ ക്ക് നല്‍കാന്‍ ഉണ്ടെന്ന് ജിസിഡിഎ അവകാശപ്പെടുന്ന 48.89 ലക്ഷം. നാലാം സീസണിന് ശേഷം സ്‌റ്റേഡിയം കെബിഎഫ്‌സി സ്‌റ്റേഡിയം മെയിന്റനന്‍സ് നടത്തിയിട്ടും പണം നല്‍കാന്‍ ഉണ്ടെന്ന വാദമാണ് ജിസിഡിഎ ഉയര്‍ത്തുന്നത്.
മാത്രമല്ല ഐഎസ്എല്ലിന്റെ ആറാം സീസണിലേക്കായി സ്‌റ്റേഡിയം ക്ലബ്ബിന് വിട്ടുനല്‍കേണ്ട ദിവസമായ ഒക്ടോബര്‍ 1ന് 2 ദിവസം മുന്‍പ് മാത്രമാണ് ജിസിഡിഎ ഡാമേജ് റിപ്പോര്‍ട്ട് നല്‍കിയത് എന്നതും ബ്ലാസ്‌റ്റേഴ്‌സ് ചൂണ്ടികാട്ടുന്നു. തുടര്‍ന്ന് ഇരിപ്പിടങ്ങള്‍, ശൗചാലയങ്ങള്‍, ഇലക്ട്രിക്കല്‍ എന്നിവയിലെ കേടുപാടുകള്‍ ക്ലബ്ബ് അറ്റകുറ്റപണികള്‍ നടത്തി ഉപയോഗയോഗ്യമാക്കി.

ഐഎസ് എല്‍ മത്സരങ്ങള്‍ തുടങ്ങുന്നതിനു മുന്‍പായി ജിസിഡിഎയുമായി കരാറില്‍ ഒപ്പിട്ടില്ല എന്നവാദം ഉയര്‍ത്തുന്ന ജിസിഡിഎ അതിനുള്ള സാഹചര്യം പരിശോധിക്കണമെന്നും കെബിഎഫ്‌സി ആവശ്യപ്പെട്ടു. അഞ്ചാം സീസണില്‍ കെബിഎഫ്‌സി ജിസിഡിഎക്ക് ഓരോകളിക്കും വാടകയിനത്തില്‍ നല്‍കിയിരുന്ന തുക അഞ്ചു ലക്ഷവും നികുതിയുമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ജിസിഡിഎ യാതൊരു അറിയിപ്പും കൂടാതെ വാടക 20ശതമാനം വര്‍ധിപ്പിച്ചു 6ലക്ഷമാക്കി മാറ്റി. കുത്തനെയുള്ള വാടക വര്‍ദ്ധന ഒഴിവാക്കി അനുഭാവ പൂര്‍വ്വം പരിഗണിക്കണം എന്ന കെബിഎഫ്‌സിയുടെ ആവശ്യത്തില്‍ തീരുമാനമാകാത്തതാണ് കരാര്‍ ഒപ്പിടാന്‍ വൈകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here