അവസാന നിമിഷം രക്ഷകനായി മെസി; അര്‍ജന്റീന-യുറുഗ്വായ് മത്സരം സമനിലയില്‍

0

ര്‍ജന്റീന-യുറുഗ്വായ് സൗഹൃദ മത്സരം സമനിലയില്‍. ആവേശകരമായ മത്സരത്തിനൊടുവില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് അര്‍ജന്റീനക്ക് സമനില ഗോള്‍ നേടിക്കൊടുത്തത്. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി.

മെസിയും ലൂയിസ് സുവാരസും മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ യുറുഗ്വായാണ് അദ്യ ഗോള്‍ നേടിയത്. 34ാം മിനിട്ടില്‍ സുവാരസ് നല്‍കിയ പാസിലൂടെ എഡിസണ്‍ കവാനിയാണ് ഗോള്‍ നേടിയത്. കരിയറിലെ 50ാം അന്താരാഷ്ട്ര ഗോളാണ് കവാനി സ്വന്തമാക്കിയത്. എന്നാല്‍ ആദ്യ പകുതിക്ക് മുന്‍പ് തന്നെ ഡിബാലയിലൂടെ അര്‍ജന്റീന സമനില ഗോള്‍ കണ്ടെത്തിയെങ്കിലും റഫറി ഹാന്‍ഡ് ബോള്‍ ചൂണ്ടിക്കാട്ടി ഗോള്‍ നിഷേധിച്ചു. ഒരു ഗോള്‍ ലീഡുമായാണ് യുറുഗ്വായ് ആദ്യ പകുതി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയില്‍ അര്‍ജന്റീന സമനില ഗോളിനായി ശ്രമിച്ചു കൊണ്ടേയിരുന്നു. 63ാം മിനിട്ടില്‍ മെസിയുടെ ഫ്രീകിക്കിലൂടെ സെര്‍ജിയോ അഗ്യൂറോ ഗോള്‍ നേടി. മെസിയുടെ അളന്നു മുറിച്ച ഫ്രീകിക്കിന് തല വെച്ചുകൊടുക്കേണ്ട ചുമതല മാത്രമേ അഗ്യൂറോയ്ക്ക് ഉണ്ടായിരുന്നുള്ളൂ. അഞ്ച് മിനിട്ടിനുള്ളില്‍ യുറുഗ്വായ് വീണ്ടും ലീഡുയര്‍ത്തി. ബോക്‌സിനു പുറത്തു നിന്നും സുവാരസ് എടുത്ത ഫ്രീകിക്ക് തടുത്തിടാന്‍ അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ക്കായില്ല. തുടര്‍ന്ന് അര്‍ജന്റീന നിരന്തരം യുറുഗ്വായ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി ആക്രമണം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.

കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ മെസി വീണ്ടും അര്‍ജന്റീനയുടെ രക്ഷകനായി. ബോക്‌സിനുള്ളില്‍ മാര്‍ട്ടിന്‍ കസിറെസിന്റെ ഹാന്‍ഡ് ബോള്‍. 90+2 മിനിറ്റിലാണ് മെസിയുടെ പെനാല്‍ട്ടിയിലൂടെ അര്‍ജന്റീന സമനില പിടിച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മെസി ഗോള്‍ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here