കേരള ബ്ലാസ്‌റ്റേഴ്‌സിനെ അനുനയിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ; കുരുക്കുമായി കൊച്ചി കോര്‍പ്പറേഷന്‍

0
  • ബ്ലാസ്റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടായി കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയം മാറിയശേഷം നടന്ന മത്സരങ്ങളുടെ ഒന്നും വിനോദ നികുതി അടച്ചിരുന്നില്ല എന്നാണ് കോര്‍പ്പറേഷന്‍ കുറ്റപ്പെടുത്തുന്നത്.

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിനെ അനുനയിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടുന്നതിനിടെ കുരുക്കുമായി വീണ്ടും കൊച്ചി കോര്‍പ്പറേഷന്‍ രംഗത്ത്. വിനോദ നികുതിയായി കുടിശ്ശിക വരുത്തിയിരിക്കുന്ന തുക ഉടന്‍ അടക്കാന്‍ കോര്‍പ്പറേഷന്‍ അന്ത്യശാസനം നല്‍കി. ബ്ലാസ്റ്റേഴ്‌സ് സിഇഒ വീരേന്‍ ഡിസില്‍വയ്ക്കാണ് നോട്ടീസയച്ചത്. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഏക കേരളടീമായ ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുകയാണെന്ന തീരുമാനത്തിനിടെയാണ് നഗരസഭയുടെ കടുത്തതീരുമാനം വീണ്ടും വന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടായി കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയം മാറിയശേഷം നടന്ന മത്സരങ്ങളുടെ ഒന്നും വിനോദ നികുതി അടച്ചിരുന്നില്ല എന്നാണ് കോര്‍പ്പറേഷന്‍ കുറ്റപ്പെടുത്തുന്നത്. വിറ്റഴിക്കുന്ന ടിക്കറ്റിന്റെ തുകയുടെ ആനുപാതികമായ നികുതി കോര്‍പ്പറേഷനാണ് ഈടാക്കുന്നത്. എന്നാല്‍ പ്രൊഫഷണല്‍ ഫുട്‌ബോളിനെ സഹായിക്കുന്നതിന് പകരം തദ്ദേശസ്ഥാപനങ്ങള്‍ മത്സരങ്ങളെ വെറും കറവപ്പശുവാക്കുകയാണെന്ന പരാതി ബ്ലാസ്റ്റേഴ്‌സ് ഉന്നയിക്കുകയും കൊച്ചി വിടുകയാണെന്നും പറഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്‌സ് തട്ടകം കോഴിക്കോട്ടേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനിടെ അനുനയത്തിനായി കേരള സര്‍ക്കാര്‍ ശ്രമം തുടങ്ങിയതിന് പിന്നാലെയാണ് കൊച്ചി നഗരസഭ അന്ത്യശാസനം നല്‍കിയത്. നികുതികാര്യത്തില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി സെക്രട്ടറിയുടെ ഒപ്പോടുകൂടി ബ്ലാസ്റ്റേഴ്‌സിന് 24 മണിക്കൂര്‍ സമയപരിധിവച്ച് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

കേരള സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സജ്ജന്‍കുമാര്‍. സ്‌പോര്‍ട്ട്‌സ് വകുപ്പ് ഡയറക്ടര്‍ ജെര്‍മി ജോര്‍ജ് എന്നിവരടങ്ങുന്ന സമിതിയെ പ്രശ്‌നപരിഹാരത്തിനായി നിയോഗിച്ചിരുന്നു. ഇതിനിടെ ഡിസംബര്‍ 1ന് ഗോവക്കെതിരെ നടക്കേണ്ട മത്സരം കൊച്ചിയില്‍ എങ്ങനെ കളിക്കുമെന്നത് നിലവിലെ പ്രശ്‌നം തീരാതെ പറയാന്‍ പറ്റാത്ത അവസ്ഥയിലുമായി.

LEAVE A REPLY

Please enter your comment!
Please enter your name here