- ആയിരം പ്രവർത്തകർ പോലും തികച്ചില്ലാത്ത അഞ്ച് കേരളാ കോൺഗ്രസ്സ് ഗ്രൂപ്പുകൾ നിലവിൽ പ്രമുഖ മുന്നണികളുടെ ഘടകകക്ഷികളാണ് എന്നതാണ് രസകരമായ വസ്തുത.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഇവയിൽ പലതും അപ്രത്യക്ഷമാകാനാണ് സാധ്യത കൂടുതൽ.
മന്നത്തുപത്മനാഭനിൽ നിന്നാരംഭിച്ച് കെ എം ജോർജ്ജ്, പിടി ചാക്കോ, ആർ ബാലകൃഷ്ണപിളള, കെ എം മാണി, പി ജെ ജോസഫ്, ടി എം ജേക്കബ് തുടങ്ങിയവരെപ്പോലുളള നേതാക്കളിലൂടെ വളർന്നും പിളർന്നും അരനൂറ്റാണ്ടിലധികം കാലം കേരളാ രാഷ്ട്രീയത്തിലെ നിർണ്ണായക ഘടകമായിരുന്ന കേരളാ കോൺഗ്രസ്സ് ഇപ്പോൾ അന്ത്യശ്വാസം വലിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
‘വളരും തോറും പിളർന്നും,പിളരും തോറും വളർന്നും’ ഏഴ് കേരളാ കോൺഗ്രസ്സുകളാണ് ഇപ്പോൾ നിലവിലുളളത്.ഒരു പ്രമുഖ കേരളാ കോൺഗ്രസ്സിലാവട്ടെ (മാണി) രണ്ട് ഗ്രൂപ്പുകളാണ്.പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും. രണ്ടുമുന്നണികളിലും തരാതരം പോലെ മാറിമാറി നിന്നുകൊണ്ട് സംസ്ഥാന ഭരണത്തിൻറെ ആനുകൂല്യങ്ങളും സുഖഭോഗങ്ങളും അനുഭവിച്ചുശീലിച്ചുപോയ നേതാക്കൻമാർ തമ്മിലുളള അധികാരവടംവലിയും മൂപ്പിളമത്തർക്കവുമാണ് ആദ്യകാലം തൊട്ടേ പിളർപ്പുകൾക്ക് കാരണമായതെന്നതാണ് വസ്തുത. എങ്കിലും കുറച്ചുകാലം മുമ്പുവരെ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ ഒരു ശക്തമായ വോട്ടുബാങ്ക് കേരളാ കോൺഗ്രസിനുണ്ടായിരുന്നു. എന്നാലിപ്പോൾ കാറ്റ് തിരിഞ്ഞു വീശുന്നതായാണ് സൂചനകൾ.
ആർ ബാലകൃഷ്ണപിളളയും പിജെ ജോസഫുമാണ് നിലവിലുളള കേരളാ കോൺ. നേതാക്കളിൽ ഏറ്റവും മുതിർന്നവർ. രണ്ടുപേർക്കും പ്രായം എൺപതുകളിലെത്തി നിൽക്കുന്നു.അടുത്ത കാലത്തായി ഇവർ രണ്ടുപേരും കൈക്കൊണ്ട രാഷ്ട്രീയ തീരുമാനങ്ങളെല്ലാം പാളിപ്പോകുന്ന കാഴ്ചയാണുളളത്. കെ എം മാണിയുടെ മരണശേഷം ആ സ്ഥാനം സ്വയമേറ്റെടുത്ത മകൻ ജോസ് കെ മാണിയാകട്ടെ മാണിയുടെ നിഴൽപോലുമാകുന്നില്ലെന്നാണ് അണികൾക്കിടയിലെ മുറുമുറുപ്പ്.
ജോസഫ് – ജോസ് കെ മാണി അധികാരത്തർക്കത്തെത്തുടർന്ന് ജോസഫ് വിഭാഗത്തിൽ നിന്നും അണികൾ കൂട്ടത്തോടെ കൊഴിയുകയാണ്. ജോസഫിനെ വിട്ട് ഇടതുമുന്നണിയിൽ ചേക്കേറിയ ഫ്രാൻസിസ് ജോർജ്ജ് വിഭാഗമാകട്ടെ കാര്യശേഷിയുളള നേതാക്കൾ പോലുമില്ലാത്ത അവസ്ഥയിലുമാണ്. ഒരു മുന്നണിക്കും വേണ്ടാത്ത പി സി ജോർജ്ജു് ഒടുവിൽ എൻ ഡി എ യും ഉപേക്ഷിച്ചതോടെ വീണ്ടും പെരുവഴിയിലായ സ്ഥിതിയാണ്.
ആയിരം പ്രവർത്തകർ പോലും തികച്ചില്ലാത്ത അഞ്ച് കേരളാ കോൺഗ്രസ്സ് ഗ്രൂപ്പുകൾ നിലവിൽ പ്രമുഖ മുന്നണികളുടെ ഘടകകക്ഷികളാണ് എന്നതാണ് രസകരമായ മറ്റൊരു വസ്തുത.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഇവയിൽ പലതും അപ്രത്യക്ഷമാകാനാണ് സാധ്യത കൂടുതൽ.
വ്യക്തമായൊരു ആദർശമോ അജണ്ടയോ ഇല്ലാതെ അധികാരമോഹികളായ കുറച്ച് നേതാക്കളും അവർക്ക് ‘കീ ജയ്’ വിളിച്ച് കാര്യം സാധിച്ചെടുക്കാനറിയാവുന്ന ചെറിയ ചെറിയ ആൾക്കൂട്ടങ്ങളും മാത്രമായി മാറിയിരിക്കുകയാണ് ഒരു കാലത്ത് കേരളത്തിലെ പ്രബല പ്രാദേശിക രാഷ്ട്രീയ കക്ഷിയായിരുന്ന കേരളാ കോൺഗ്രസ്സ്.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പേരിന് ഒരു കേരളാ കോൺഗ്രസെങ്കിലും ബാക്കിയുണ്ടാകുമോ എന്ന് കണ്ടറിയേണ്ട അവസ്ഥയാണ്.