തലശ്ശേരി സബ് കലക്ടര്‍ക്ക് ഐഎഎസ് നഷ്ടമാകും

0

തിരുവനന്തപുരം : തലശ്ശേരി സബ് കലക്ടര്‍ക്ക് ഐഎഎസ് നഷ്ടമാകും . വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സിവില്‍ സര്‍വീസിലെ ഒബിസി ക്വാട്ടയില്‍ ഐഎഎസ് നേടിയെന്ന പരാതിയിലാണ് തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ. യൂസഫിനെതിരെ അന്വേഷണ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. സംവരണത്തിന് ആസിഫിന് അര്‍ഹതയില്ലെന്ന് എറണാകുളം കലക്ടര്‍ എസ്.സുഹാസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കു സമര്‍പ്പിച്ചു. ഇതോടെ ആസിഫ്.കെ.യൂസഫിന്റെ ഐഎഎസ് പദവി നഷ്ടപ്പെടുമെന്നുറപ്പായി.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും റദ്ദാക്കും. സിവില്‍ സര്‍വീസ് റാങ്കും അസാധുവാകും. ശിക്ഷ നേരിടേണ്ടി വരും. കേന്ദ്ര പേഴ്‌സ്ണല്‍ മന്ത്രാലയമാണ് തുടര്‍നടപടി തീരുമാനിക്കേണ്ടത്. 2016 ബാച്ചില്‍ 215-ാം റാങ്കുകാരനായ എറണാകുളം സ്വദേശി ആസിഫ് ഒബിസി സംവരണത്തിലാണ് ഐഎഎസും കേരള കേഡറും നേടിയത്.

സംവരണം കിട്ടാന്‍ സമര്‍പ്പിച്ച സാമ്പത്തിക വിവരങ്ങളും സര്‍ട്ടിഫിക്കറ്റും തെറ്റാണെന്ന പരാതിയിലാണു കേന്ദ്ര പഴ്‌സ്ണല്‍ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം ചീഫ് സെക്രട്ടറി അന്വേഷണം പ്രഖ്യാപിച്ചത്. മാതാപിതാക്കള്‍ക്കു പാന്‍കാര്‍ഡ് ഇല്ലെന്നും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും അപേക്ഷയില്‍ രേഖപ്പെടുത്തിയിരുന്നു.

സിവില്‍ സര്‍വീസിന് അപേക്ഷിക്കുന്നതിനു മുന്‍പുള്ള 3 വര്‍ഷത്തെ കുടുംബ വരുമാനം 6 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് ഒബിസി സംവരണത്തിന് അര്‍ഹത. 2013-15 ല്‍ ആകെ വരുമാനം 2.4 ലക്ഷം രൂപ എന്നാണ് ആസിഫിന്റെ അപേക്ഷയില്‍ പറയുന്നത്. എന്നാല്‍ ഇത് 28.71 ലക്ഷം രൂപയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ആസിഫ് നല്‍കിയ 2015-16 ലെ വരുമാന സര്‍ട്ടിഫിക്കറ്റില്‍ 1.8 ലക്ഷം എന്നാണു രേഖപ്പെടുത്തിയത്. എന്നാല്‍, രേഖകള്‍ പ്രകാരം 4.33 ലക്ഷം രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here