സമൂഹത്തില്‍ പരിഭ്രാന്തി പരത്തി: ഡോ. ഷിനു ശ്യാമളനെതിരെ പൊലീസ് കേസെടുത്തു

0

തൃശൂര്‍: കൊറോണ ബാധ സംബന്ധിച്ച് അനാവശ്യപ്രചരണം അഴിച്ചു വിട്ടെന്നാരോപിച്ച് ഡോക്ടര്‍ ഷിനു ശ്യാളനെതിരെ പൊലീസ് കേസെടുത്തു.ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായി തൃശൂര്‍ ഡിഎംഒ നല്‍കിയ പരാതിയിലാണ് വാടാനപ്പള്ളി പൊലീസ് കേസെടുത്തത്.

സമൂഹത്തില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചെന്ന കുറ്റം ചുമത്തി ഐപിസി 505 , കെപി ആക്‌ട് 120 ( ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. രണ്ടു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഡോ ഷിനു ആരോഗ്യപ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നത് പബ്ലിസിറ്റിക്കു വേണ്ടിയാണെന്ന വിമര്‍ശന വുമായി നേരത്തെ ഡിഎംഒ ഓഫീസ് രംഗത്തെത്തിയിരുന്നു.

ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ വ്യക്തി കൊവിഡ് രോഗലക്ഷണങ്ങളോടെ സ്വകാര്യ ക്ലിനിക്കിലെത്തിയെന്നാണ് ഷിനു ശ്യാമളന്‍ പറഞ്ഞത്. തുടര്‍ന്ന് വിവരം പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. എന്നാല്‍, അന്ന് തന്നെ തുടര്‍നടപടികളുണ്ടായില്ലെന്നും ഈ വ്യക്തി അടുത്ത ദിവസം ഖത്തറിലേക്ക് മടങ്ങിപ്പോയെന്നും ഷിനു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. എന്നാല്‍, രോഗി നേരത്തെ തന്നെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്നാണ് ഡിഎംഒ ഓഫീസിന്റെ പ്രതികരണം.

ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതോടെ രോഗലക്ഷണമുള്ള വ്യക്തിയെ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പൊലീസിനെയും അറിയിക്കുകയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിനാണ് തന്നെ പിരിച്ചുവിട്ടതെന്ന ആരോപണവുമായി ഷിനു തന്നെ രംഗത്തെത്തി. സംഭവം വിവാദമായതോടെയാണ് പരാതിയുമായി തൃശൂര്‍ ഡിഎംഒ ഓഫീസ് രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here