എച്ച്‌ഐവിയുടെ മരുന്ന് കൊറോണയ്ക്ക് വിജയകരം

0

കൊറോണ ബാധിച്ച് ജയ്പൂരില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇറ്റാലിയന്‍ വയോധിക ദമ്പതികള്‍ക്ക് നല്‍കിയത് എച്ച്‌ഐവി ചികിത്സയ്ക്കുള്ള മരുന്നായിരുന്നു. എന്നാല്‍ ഇത് വിവാദങ്ങള്‍ക്ക് വഴിവെച്ചെങ്കിലും ഈ ദമ്പതികള്‍ ഇപ്പോള്‍ സുഖപ്പെട്ടുവരികയാണ് എന്നാണ് വിവരം. ഭാര്യ ഒരാഴ്ച കൊണ്ടു വൈറസ് മുക്തയായി, ഭര്‍ത്താവും സുഖപ്പെട്ടുവരുന്നു. സവായ് മാന്‍ സിങ് ആശുപത്രിയിലാണ് ഇറ്റലിയില്‍ നിന്നെത്തിയ ടൂറിസ്റ്റുകള്‍ കഴിഞ്ഞിരുന്നത്.

അതേസമയം, വിവാദം തലപൊക്കിയപ്പോള്‍ ഈ മരുന്ന് വെറും പരീക്ഷണാടിസ്ഥാനത്തിലാണ് ഉപയോഗിച്ചിരുന്നതെന്നും രോഗികളുടെ പൂര്‍ണസമ്മതം വാങ്ങിയിരുന്നു പരീക്ഷണം നടത്തിയത് എന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വ്യക്തമാക്കിയിരുന്നു. രോഗികള്‍ സുഖപ്പെട്ടെങ്കിലും ഈ മരുന്ന് കൂടുതല്‍ പേരില്‍ ഉപയോഗിക്കാന്‍ സമയമായിട്ടില്ല എന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. കൂടുതല്‍ വ്യാപകമായി പരീക്ഷിച്ചു തെളിയിക്കപ്പെടുന്നതുവരെ ഫലപ്രാപ്തി ഉറപ്പു നല്‍കാനാവില്ലെന്ന് ഐസിഎംആറിലെ പകര്‍ച്ചവ്യാധി ചികിത്സാവിഭാഗം മേധാവി ഡോ. രാമന്‍ ആര്‍. ഗംഗാഖേദ്കറും വ്യക്തമാക്കി.

എച്ച്‌ഐവി ബാധിതര്‍ക്കു നല്‍കാറുള്ള ലോപിനാവിര്‍, റിറ്റോനാവിര്‍ മരുന്നുകള്‍ ചേര്‍ത്താണ് നല്‍കിയത് രോഗികള്‍ക്ക് നല്‍കിയിരുന്നത്. ഇതിനു പുറമെ മലമ്പനി, എച്ച്1എന്‍1 എന്നിവയ്ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കും നല്‍കിയിരുന്നു. എച്ച്‌ഐവി ചികിത്സയില്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ പരിചയസമ്പന്നരാണെന്ന് ഡോ. ഗംഗാഖേദ്കര്‍ പറഞ്ഞു. ഈ മരുന്നുകളുടെ മിശ്രിതം ചൈനയില്‍ 199 രോഗികളില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലം വന്നാല്‍ ഈ ചികിത്സാമാര്‍ഗം വ്യാപകമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകളെല്ലാം ഇന്ത്യയില്‍ ആവശ്യത്തിനു സ്റ്റോക്കുണ്ടെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

അതേസമയം സാര്‍സ്, മെര്‍സ് തുടങ്ങി മാരകരോഗങ്ങള്‍ പടര്‍ന്നപ്പോള്‍ മൃഗങ്ങളിലും ഏതാനും രോഗികളിലും ഇതു വിജയകരമായി പരീക്ഷിച്ചതാണെന്നും ഐസിഎംആര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടര്‍ ഡോ. മനോജ് മുര്‍ഹേക്കറും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here