സിനിമാ വ്യവസായം തകര്‍ന്ന് തരിപ്പണമായെന്ന് പ്രമുഖ നിര്‍മ്മാതാക്കള്‍

0
  • ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായും കഴിഞ്ഞാലും തിയറ്ററുകളില്‍ എ.സി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കാനുള്ള സാധ്യത കുറവാണ്. ഇത് പ്രേക്ഷകരുടെ തിയറ്റര്‍ ഭ്രമത്തെ ബാധിക്കും.മാത്രമല്ല, ഇനി തിയ്യറ്ററുകള്‍ തുറന്നാല്‍ തന്നെ സാമൂഹിക അകലം നിര്‍ബന്ധമായിരിക്കും.ഇതോടെ സീറ്റുകളുടെ എണ്ണത്തില്‍ പ്രകടമായ വ്യത്യാസമുണ്ടാകും. തിയറ്റര്‍ കളക്ഷനെയാണ് ഇത് ബാധിക്കുക.

ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായും കഴിഞ്ഞാലും തിയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ ഇനിയും ഏറെ സമയമെടുക്കും. അത് എത്ര മാസം നീളുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരുറപ്പുമില്ലന്നതാണ് യാഥാര്‍ത്ഥ്യം.

കോവിഡ് കുറേക്കാലം ഇവിടെ തന്നെയുണ്ടാകുമെന്നതിനാല്‍ തിയറ്റര്‍ തുറന്നാലും ജനങ്ങള്‍ വരാനുള്ള സാധ്യതയും കുറവാണ്. തിയറ്റര്‍ ഉടമകള്‍, വിതരണക്കാര്‍, ഇവരുടെ ജീവനക്കാര്‍, സിനിമാ താരങ്ങള്‍, മറ്റു അണിയറ പ്രവര്‍ത്തകര്‍ തുടങ്ങി അനവധി പേരെയാണ് ഇത് ബാധിക്കുക. സ്റ്റേജ് ഷോകളും അടുത്ത കാലത്തൊന്നും ഉണ്ടാകില്ല. ചാനലുകള്‍ക്ക് വേണ്ടി പ്രോഗ്രാം അവതരിപ്പിച്ച് വലിയ താരങ്ങള്‍ പോലും ‘ചുരുങ്ങേണ്ടിയും’ വരും. പരസ്യ വരുമാനം കുത്തനെ ഇടിഞ്ഞതിനാല്‍ താരങ്ങള്‍ക്ക് വലിയ പ്രതിഫലം നല്‍കാന്‍ ചാനലുകളും തയ്യാറായെന്ന് വരില്ല.

ഈ സാഹചര്യത്തിലാണ് ടിക് ടോക്ക് താരങ്ങളെ അണിനിരത്തി പുതിയ പരീക്ഷണത്തിന് നിര്‍മ്മാതാക്കള്‍ മുന്നിട്ടിറങ്ങുന്നത്. നല്‍കുന്ന പ്രതിഫലത്തിന് അഭിനയിക്കാന്‍ താല്‍പ്പര്യമുള്ള സിനിമാ താരങ്ങളെയും ഈ പ്രോജക്ടിന്റെ ഭാഗമാക്കും. സിനിമാ തിരക്കഥാകൃത്തുക്കളില്‍ പലരോടും വെബ് സീരിസിനായി കഥ തയ്യാറാക്കാന്‍ നിര്‍മ്മാതാക്കളില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതും പാതിവഴിയിലുമായ സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ് ഫോമിലേക്ക് മാറ്റാനുള്ള നീക്കവും സജീവമായിട്ടുണ്ട്. തമിഴ് താരം ജോതിക, കീര്‍ത്തി സുരേഷ് തുടങ്ങിയ താരങ്ങളുടേയും മലയാളത്തില്‍ ജയസൂര്യയുടെയും സിനിമകള്‍ ഇത്തരത്തില്‍ റിലീസിന് ഒരുങ്ങുകയാണ്. തിയറ്ററുടമകളും വിതരണക്കാരും വിലക്കുമായി രംഗത്തുണ്ടെങ്കിലും അത് എത്രമാത്രം ഫലപ്രദമാകുമെന്നത് കണ്ട് തന്നെ അറിയേണ്ടതുണ്ട്. ആമസോണ്‍, നെറ്റ് ഫ്‌ലിക് സ്, സി 5 എന്നിവയിലൂടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാണ് നീക്കം.

പ്രിയവാര്യരും സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും അഭിനയിച്ച ഹിന്ദി സിനിമ ‘ശ്രീദേവി ബംഗ്ലാവ് ‘ ഇത്തരത്തില്‍ റിലീസ് ചെയ്യാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. 20 കോടി ചിലവിട്ട് നിര്‍മ്മിച്ച ഈ സിനിമയുടെ നിര്‍മ്മാതാക്കള്‍ മലയാളികളാണ്.പ്രശാന്താണ് സംവിധായകന്‍.

ഇതേ രൂപത്തില്‍ നിരവധി സിനിമകളുടെ ചര്‍ച്ചകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാക്കാനായി അണിയറയില്‍ നടന്നു വരുന്നുണ്ട്.മുടക്കിയ കാശ് കിട്ടിയാല്‍ തന്നെ സിനിമ ഇത്തരത്തില്‍ റിലീസ് ചെയ്യാന്‍ ഒരു വിഭാഗം നിര്‍മ്മാതാക്കള്‍ തയ്യാറാണ്.

ലോക മാര്‍ക്കറ്റ് തുറക്കാതെ ഇന്ത്യയിലെയും ഭൂരിപക്ഷ സിനിമകളും റിലീസ് ചെയ്യാന്‍ കഴിയുകയില്ല. ബിഗ് ബജറ്റ് ചിത്രങ്ങള്‍ നിരവധിയാണ് ലോക്ക് ഡൗണില്‍ ലോക്കായി കിടക്കുന്നത്. മിക്കവരും പലിശക്ക് പണമെടുത്താണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. പലിശ പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഈ നിര്‍മ്മാതാക്കളെല്ലാം.

മലയാള സിനിമാവ്യവസായത്തില്‍ ഈസ്റ്റര്‍, വിഷു സീസണില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രമുണ്ടായ നഷ്ടം മുന്നൂറ് കോടിരൂപയാണ്. റിലീസ് മാറ്റിവച്ചതിന് പുറമെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതും മുടങ്ങിയതുമായ ചിത്രങ്ങളുടെയടക്കം വ്യവസായനഷ്ടം അറൂന്നൂറ് കോടി പിന്നിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവിടെ റിലീസിങ് മുടങ്ങിയത് ഒമ്പത് ചിത്രങ്ങളാണ്. പോസ്റ്റ് പ്രോഡക്ഷന്‍ ഘട്ടത്തില്‍ നിലച്ചത് ഇരുപത്തിയാറെണ്ണമാണ്. ഷൂട്ടിങ് പാതിവഴിയില്‍ മുടങ്ങിയത് ഇരുപത് ചിത്രങ്ങള്‍ക്കാണ്.

ലോക്ഡൗണ്‍ പിന്‍വലിച്ച് കുറഞ്ഞത് മൂന്നുമാസത്തിനപ്പുറം സിനിമാമേഖല സജീവമായാല്‍പോലും ഈ ചിത്രങ്ങളുടെ നഷ്ടക്കണക്കില്‍നിന്ന് കരകയറുക എളുപ്പമായിരിക്കില്ല. നൂറുകോടി ചെലവുള്ള മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍’, ഉള്‍പ്പടെയുള്ള ഒമ്പത് ഈസ്റ്റര്‍, വിഷു ചിത്രങ്ങള്‍ റീലിസ് ചെയ്യാനാകാതെയുണ്ടായ നഷ്ടം മാത്രം മുന്നൂറ് കോടിരൂപയാണ്. മരക്കാറും ഫഹദ് ഫാസിലിന്റെ മാലിക്കും മമ്മൂട്ടിയുടെ വണ്ണും ദുല്‍ഖറിന്റെ കുറുപ്പും ഉള്‍പ്പടെയുള്ള ചിത്രങ്ങളെല്ലാം ഗള്‍ഫ് മാര്‍ക്കറ്റ്കൂടി ലക്ഷ്യമിട്ട് നിര്‍മ്മിച്ചവയാണ്. കോവിഡ് ഈ സ്വപ്നങ്ങളെല്ലാമാണ് ഇപ്പോള്‍ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here