ബ്രസീലിൽ റെക്കോഡിട്ട് കൊവിഡ് മരണം

0
  • ബ്രസീലിൽ കൊവിഡ് മരണം 20,000 കടന്നു.പ്രസിഡന്‍റ് ബൊൽസനാരോ ലോക് ഡൗൺ നടപടികളൊന്നും വേണ്ടെന്ന് ഇപ്പോഴും സംസ്ഥാനങ്ങളോടു നിർദേശിക്കുന്നു. നിയന്ത്രണങ്ങൾ സാമ്പത്തിക വ്യവസ്ഥയെ തകർക്കുമെന്നാണ് പ്രസിഡന്‍റിന്‍റെ നിലപാട്.

ബ്രസീലിൽ കൊവിഡ് മരണം 20,000 കടന്നു. അവസാന 24 മണിക്കൂറിൽ 1,188 പേരാണ് അവിടെ മരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണസംഖ്യ. മൊത്തം മരണം 20,047 ആയിട്ടുണ്ട്. മൊത്തം രോഗബാധിതർ 3,10,000 ആയി ഉയർന്നു. കാര്യമായി പരിശോധനകൾ നടക്കാത്ത രാജ്യമായതിനാൽ യഥാർഥ കണക്ക് ഇതിലുമൊക്കെ വളരെ വലുതാകുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്.

ലാറ്റിൻ അമെരിക്കയിലെ കൊവിഡിന്‍റെ കേന്ദ്രമായി മാറിയിരിക്കുകയാണ് ബ്രസീൽ. അമെരിക്ക കഴിഞ്ഞാൽ രോഗബാധിതർ ഏറ്റവും കൂടുതലുള്ള റഷ്യയ്ക്ക് തൊട്ടുപിന്നിലായി മൂന്നാം സ്ഥാനത്താണ് ബ്രസീൽ ഇപ്പോഴുള്ളത്. റഷ്യയിൽ 3,17,000ലേറെയാണു രോഗബാധിതർ. പക്ഷേ, റഷ്യയിലെ മരണം മൂവായിരത്തിലേറെ മാത്രമാണ്. ബ്രസീലുമായുള്ള താരതമ്യത്തിൽ വളരെ കുറവ്.

രോഗബാധിതരെ കണ്ടെത്തുന്നതിലെ ബ്രസീലിന്‍റെ പരാജയമാണ് ഇതു കാണിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 11 ദിവസം കൊണ്ടാണ് രാജ്യത്ത് കൊവിഡ് മരണം ഇരട്ടിയായത്. രാജ്യത്തെ 27 സംസ്ഥാനങ്ങളും പലവിധ നിയന്ത്രണങ്ങളുള്ള ലോക്ഡൗണുകളിലാണ്.

എന്നാൽ പ്രസിഡന്‍റ് ബൊൽസനാരോ ലോക് ഡൗൺ നടപടികളൊന്നും വേണ്ടെന്ന് ഇപ്പോഴും സംസ്ഥാനങ്ങളോടു നിർദേശിക്കുന്നു. നിയന്ത്രണങ്ങൾ സാമ്പത്തിക വ്യവസ്ഥയെ തകർക്കുമെന്നാണ് പ്രസിഡന്‍റിന്‍റെ നിലപാട്. ബ്രസീലിന്‍റെ സാമ്പത്തിക- സാംസ്കാരിക തലസ്ഥാനമായ സാവോപോളോയിലാണ് രാജ്യത്തെ നാലിലൊന്നോളം രോഗബാധിതരും മരണവും. റയോ ഡി ജനീറോയിലും വൈറസ് അടുത്തിടെ വ്യാപിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here