മുഖ്യമന്ത്രിയ്ക്ക് മാന്യമായി രാജി വെയ്ക്കാനുള്ള അവസരമാണിത്: ചെന്നിത്തല

0
  • മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യാനുള്ള സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടേ രാജിവെക്കൂ എന്ന നിര്‍ബന്ധം പാടില്ല.

സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ സെക്രട്ടറിയേറ്റിലേക്കോ എന്‍ഐഎ പോലെയൊരു അന്വേഷണസംഘം കടന്നുചെന്ന ചരിത്രം ഇന്ത്യയിലോ കേരളത്തിലോ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്ക് കേരളത്തിന് അപമാനം വിളിച്ചുവരുത്തുന്ന സംഭവമാണിത്. എന്നാല്‍ ഇത്രയും അതീവഗുരുതരമായ സംഭവം നടന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രി പതിവ് പത്രസമ്മേളനത്തില്‍ സംസാരിക്കുന്നത്. എവിടെ വേണമെങ്കിലും അന്വേഷണം നടക്കട്ടെ, അരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ എന്ന നിലപാട് അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് എന്‍ഐഎയുടെ അടുത്ത നീക്കമുണ്ടാവുക. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് മാന്യമായി രാജിവെച്ചുപോവാനുള്ള അവസാനത്തെ അവസരമാണ് ഇത്. മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യാനുള്ള സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടേ രാജിവെക്കൂ എന്ന നിര്‍ബന്ധം പാടില്ല.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ആദ്യം മുതല്‍ ശ്രമിക്കുന്നത്. എം ശിവശങ്കര്‍ക്ക് നേരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ ആദ്യം മുതല്‍ തന്നെ ശിവശങ്കറെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ആഭ്യന്തരവകുപ്പ് കേസിലെ പ്രതികളെ പൂര്‍ണമായും സഹായിക്കുകയാണ് ചെയ്തത്.

എന്ത് ജോലിയാണ് ഈ കേസില്‍ കേരള പൊലീസ് ചെയ്തത്. കേരളത്തില്‍ നിന്നും ബംഗ്ലൂരിലേക്ക് പോയ പ്രതികള്‍ക്ക് യാത്രസൗകര്യം ഒരുക്കിക്കൊടുത്തത് കേരള പൊലീസ് അല്ലേ? കേരളത്തിന്റെ എബ്ലം ദുരുപയോഗപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടും കേരള പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.

കള്ളക്കടത്ത് സ്വര്‍ണം എയര്‍പോര്‍ട്ടിന് പുറത്തേക്ക് വന്നാല്‍ അത് പിടിക്കേണ്ട ഉത്തരവാദിത്തം പൊലീസിനാണ്. അതും ഉണ്ടായില്ല. തുടക്കം മുതല്‍ നിഷ്‌ക്രിയമായി ഇരുന്നുകൊണ്ട് കേരള പൊലീസ് പ്രതികളെ സഹായിക്കുകയായിരുന്നു. അത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here