സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനം

0
  • പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കക്ഷിനേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തതായും എല്ലാവരും സഹകരണം അറിയിച്ചതായും മുഖ്യമന്ത്രി.

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്നു സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. സംസ്ഥാനം വീണ്ടും ലോക്ഡൗണിലേക്കു പോയാല്‍ വിഷമകരമായ സാഹചര്യം ഉണ്ടാകുമെന്നു യോഗത്തില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ക്ലസ്റ്ററുകളിലെ നിയന്ത്രണം ശക്തിപ്പെടുത്തണമെന്നു യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ മാത്രം പോരാ, നിയന്ത്രണം ശക്തമാക്കണം.

യോഗത്തിലെ ഈ അഭിപ്രായങ്ങള്‍ നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ലോക്ഡൗണിലേക്കു പോകില്ല. ഈയാഴ്ച എന്തായാലും ലോക്ഡൗണ്‍ ഉണ്ടാകില്ല. അങ്ങനെ ഒരു ഘട്ടമുണ്ടായാല്‍ അപ്പോള്‍ ആലോചിക്കും. രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിച്ചു. രോഗികളുടെ എണ്ണം മുന്‍ ദിവസത്തേക്കാള്‍ കുറഞ്ഞതും ആശ്വാസകരമാണ് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കക്ഷിനേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തതായും എല്ലാവരും സഹകരണം അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ കക്ഷിനേതാക്കള്‍ മുന്നോട്ടുവച്ചു. അക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചു നടപടിയെടുക്കും.

കോവിഡ് പ്രതിരോധത്തിനു തദ്ദേശസ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനു സര്‍ക്കാരിനൊപ്പം മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനു ഫണ്ട് പ്രശ്‌നമാകില്ല. പരിശോധനകള്‍ വേഗത്തിലാക്കണമെന്നു യോഗത്തില്‍ ചിലര്‍ ചൂണ്ടികാണിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here