വീണ്ടും റെക്കോഡ് വർധന: പുതിയ കേസുകൾ 69,874

0
  • അവസാന 24 മണിക്കൂറിൽ 945 പേർ കൂടി രാജ്യത്തു മരിച്ചു.

രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന വർധനയിൽ വീണ്ടും റെക്കോഡ്. ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 69,874 പേർക്ക്. ഇതോടെ മൊത്തം കേസുകൾ 29,75,701 ആയി കുതിച്ചുകയറി. 58 ലക്ഷത്തിനടുത്ത് രോഗബാധിതരുള്ള യുഎസും 35 ലക്ഷത്തിലേറെ കേസുകളുള്ള ബ്രസീലും കഴിഞ്ഞാൽ ലോകത്ത് ഇന്ത്യ തന്നെയാണ് മൊത്തം വൈറസ്ബാധിതരിൽ മൂന്നാം സ്ഥാനത്ത്. ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിദിന വർധന കാണിക്കുന്നതും ഇന്ത്യയിലാണ്. തുടർച്ചയായി നാലാം ദിവസമാണ്  അറുപതിനായിരത്തിലേറെ പുതിയ രോഗബാധിതരെ ഇന്ത്യയിൽ കണ്ടെത്തുന്നത്.

അവസാന 24 മണിക്കൂറിൽ 945 പേർ കൂടി രാജ്യത്തു മരിച്ചു. ഇതോടെ മൊത്തം കൊവിഡ് മരണം 55,794 ആയിട്ടുണ്ട്. മരണസംഖ്യയിൽ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. യുഎസിനും ബ്രസീലിനും പിന്നിൽ മെക്സിക്കോയുണ്ട്. അഞ്ചര ലക്ഷത്തോളം കേസുകളുള്ള മെക്സിക്കോയിൽ 59,000ലേറെ പേർ ഇതുവരെ മരിച്ചു. യുഎസിൽ 1.79 ലക്ഷവും ബ്രസീലിൽ 1.13 ലക്ഷവും പേരാണു മരിച്ചത്.

ഇതുവരെ ഇന്ത്യയിൽ രോഗമുക്തി നേടിയത് 22.22 ലക്ഷത്തിലേറെ പേരാണ്. 6,97,330 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്തെ റിക്കവറി നിരക്ക് 74.69 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.87 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. പത്തു ലക്ഷത്തിലേറെ സാംപിളുകൾ വെള്ളിയാഴ്ച പരിശോധിച്ചെന്ന് ഐസിഎംആർ. 10,23,836 ടെസ്റ്റുകൾ എന്നാണ് ഔദ്യോഗിക കണക്ക്. പ്രതിദിന പരിശോധനയിലെ റെക്കോഡാണിത്.

14,161 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. മൊത്തം കേസുകൾ 6.57 ലക്ഷം കടന്നു. 339 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 21,698 ആയി. തമിഴ്നാട്ടിൽ 5,995 പുതിയ കേസുകളും 101 മരണവും. മൊത്തം കേസുകൾ 3.67 ലക്ഷത്തിലേറെ. മൊത്തം മരണം 6,340. ആന്ധ്രയിൽ വീണ്ടും വൻ വർധനയാണ്. 9,544 പേർക്കു കൂടി രോഗം കണ്ടെത്തി. 3.34 ലക്ഷത്തിലേറെയായിട്ടുണ്ട് സംസ്ഥാനത്തെ മൊത്തം രോഗബാധിതർ. മൊത്തം മരണം 3,092. ഇന്നലെ മരിച്ചത് 91 പേരാണ്. 0.92 ശതമാനം മാത്രമാണ് മരണനിരക്കെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം. 72 ശതമാനം റിക്കവറി നിരക്കുമുണ്ട്.

7,571 പേർക്കു കൂടി കർണാടകയിൽ രോഗം സ്ഥിരീകരിച്ചു. 93 പേർ 24 മണിക്കൂറിനിടെ മരിച്ചു. മൊത്തം രോഗബാധിതർ 2.64 ലക്ഷത്തിലേറെ. മൊത്തം മരണം 4,522. ബംഗളൂരു അർബനിലെ പോസിറ്റീവ് കേസുകൾ ഒരു ലക്ഷം പിന്നിട്ടു. 2,948 പുതിയ കേസുകളാണ് ഇവിടെ. 83,066 ആക്റ്റിവ് കേസുകളുണ്ട് കർണാടകയിൽ.

ഉത്തർപ്രദേശിൽ 4,991 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മൊത്തം  കേസുകൾ 1.77 ലക്ഷമായിട്ടുണ്ട്. 2,797 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ 66 മരണം കൂടി രേഖപ്പെടുത്തി. ഡൽഹിയിലെ മൊത്തം കേസുകൾ 1.58 ലക്ഷം മറികടന്നിട്ടുണ്ട്. 4,270 പേർ ഇതുവരെ മരിച്ചു. പശ്ചിമ ബംഗാളിൽ രോഗമുക്തരായവർ ഒരു ലക്ഷം കടന്നു. മൊത്തം കേസുകൾ 1.32 ലക്ഷമാണ്. ഒരു ദിവസത്തെ ഏറ്റവും വലിയ വർധനയാണ് ഇന്നലെ സംസ്ഥാനത്ത് പുതിയ കേസുകളിൽ- 3,245. മരണസംഖ്യ 2689 ആയി ഉയർന്നു. അവസാന 24 മണിക്കൂറിൽ മരിച്ചത് 55 പേർ. ബിഹാറിൽ 1.17 ലക്ഷം കേസുകളും 588 മരണവുമാണ് ഇതുവരെ.

LEAVE A REPLY

Please enter your comment!
Please enter your name here