കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് സീറ്റ് ലഭിക്കണമെങ്കില്‍ സ്വന്തം ശരീരംകൂടി കാഴ്‌ച്ചവയ്‌ക്കേണ്ട സാഹചര്യമെന്ന വിമർശനവുമായി വനിതാ നേതാവ്.ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും നിയമസഭാംഗവുമായ ശാരദ രത്തോർ ആണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കവെയാണ് ശാരദയുടെ വെളിപ്പെടുത്തല്‍ എന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ശാരദ രത്തോർ പാർട്ടി പ്രവർത്തകരോട് ഈ ദുരവസ്ഥ പങ്കുവെക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. കേരളത്തിന് പിന്നാലെ കാസ്റ്റിംഗ് കൗച്ച് എന്ന തലക്കെട്ടോടെയാണ് വീഡിയോ എക്സില്‍ പങ്കുവച്ചത്.
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് സിമി റോസ്ബെല്‍ ജോണും പാർട്ടിക്കുള്ളിലെ സ്ത്രീകള്‍ കാസ്റ്റിംഗ് കൗച്ചിന് ഇരയാകുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശാരദയുടെ ആരോപണവും. ലൈംഗികതയുടെ കണ്ണിലൂടെ മാത്രം സ്ത്രീകളെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നതിന്റെ ഫലമാണിതെന്നാണ് ഉയരുന്ന ആക്ഷേപം.
