വിവാദങ്ങളെ തുടർന്ന് മിസ്സ് ജപ്പാൻ കിരീടം തിരികെ നല്‍കി മത്സര വിജയിയായ കരോലിന ഷിനോ. വിവാഹിതനായ മറ്റൊരു പുരുഷനുമായുള്ള ബന്ധം വാർത്തയായതിനെ തുടർന്നാണ് ഈ തീരുമാനം. യുക്രൈനാണ് കരോലിനയുടെ ജന്മസ്ഥലം. ഇത് ചൂണ്ടിക്കാട്ടി മുൻപും കരോലിനയ്ക്ക് എതിരെ വിമർശനങ്ങള്‍ ഉയർന്നിരുന്നു. തന്റെ അഞ്ചാം വയസ്സില്‍ ജപ്പാനിലേക്ക് കുടിയേറിയ കരോലിന 2022ല്‍ ജാപ്പനീസ് പൗരത്വം നേടി.
മിസ്സ് ജപ്പാൻ സൗന്ദര്യ മത്സരം വിജയിക്കുന്ന യൂറോപ്യൻ വംശജയായ ആദ്യ വനിതയായിരുന്നു കരോലിന. എന്നാല്‍ വിജയിച്ച് രണ്ടാഴ്ച്ചക്കുള്ളിലാണ് കരോലിനയ്ക്ക് കിരീടം ഉപേക്ഷിക്കേണ്ടി വന്നത്. കരോലിനയ്ക്ക് വിവാഹിതനായ ഒരു ഡോക്ടറുമായുള്ള ബന്ധത്തെക്കുറിച്ച് റിപ്പോർട്ടുകള്‍ വന്നിരുന്നു എങ്കിലും വിവാഹിതനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യുവതി ബന്ധം അവസാനിപ്പിച്ചുവെന്ന് മിസ്സ് ജപ്പാൻ പരിപാടിയുടെ സംഘാടകർ മുൻപ് പറഞ്ഞിരുന്നു.എന്നാല്‍ ബന്ധം തുടരുന്നതായി കരോലിന പിന്നീട് കുറ്റസമ്മതം നടത്തിയെന്ന് തിങ്കളാഴ്ച സംഘാടകർ അറിയിച്ചു. തന്നെ പിന്തുണച്ചവരെ വിഷമിപ്പിക്കേണ്ടി വന്നതില്‍ താൻ ഖേദിക്കുന്നതായി കരോലിന ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം കിരീടം ഉപേക്ഷിക്കാനുള്ള തീരുമാനവും അറിയിച്ചു. കിരീടം ഉപേക്ഷിക്കാനുള്ള കരോലിനയുടെ അഭ്യർത്ഥന മിസ്സ് ജപ്പാൻ അസോസിയേഷൻ അംഗീകരിക്കുകയും മിസ്സ് ജപ്പാൻ കിരീടം ഈ വർഷം ഒഴിഞ്ഞു കിടക്കുമെന്ന് അറിയിക്കുകയും ചെയ്തു.
