വാഷിങ്ടൺ: അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിക്കായി തെരച്ചിൽ തുടരുമ്പോള്‍ ലോകം മുഴുവൻ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ്. ഇനി 8 മണിക്കൂറിന് കൂടിയുള്ള ഓക്സിജൻ മാത്രമേ അന്തർവാഹിനിയിലുള്ളൂ എന്ന റിപ്പോര്‍ട്ടുകള്‍ ഇന്ന് രാവിലെ പുറത്ത് വന്നിരുന്നു. കടലിനടിയിൽ നിന്ന് കൂടുതൽ ശബ്‍ദതരംഗങ്ങൾ കിട്ടിയതായി യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചതോടെ തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര പുറപ്പെട്ടതായിരുന്നു അന്തർവാഹിനി.ഇപ്പോള്‍ കാണാതായ അന്തർവാഹിനിയുടെ പൈലറ്റ് സ്റ്റോക്റ്റോണ്‍ റഷും 1912 ഏപ്രിലിൽ മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങിയ ടൈറ്റാനിക്കും തമ്മിലുള്ള ഒരു ബന്ധം കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. സ്റ്റോക്റ്റോണ്‍ റഷിന്‍റെ ഭാര്യ വെൻഡി റഷ് ടൈറ്റാനിക്ക് അപകടത്തിൽ മരണപ്പെട്ട യുഎസ് ദമ്പതികളുടെ പിൻഗാമിയാണ്. 1912ല്‍ ടൈറ്റാനിക് മുങ്ങിയപ്പോള്‍ അതിൽ ഫസ്റ്റ് ക്ലാസ് യാത്രക്കാരായി യാത്ര ചെയ്ത ഇസിഡോർ സ്ട്രോസിന്റെയും ഭാര്യ ഐഡയുടെയും ഇന്നത്തെ തലമുറയിൽപ്പെട്ടയാളാണ് വെൻഡി.




