തെന്നിന്ത്യയിലെമ്പാടും തിയറ്ററുകളില്‍ രജനികാന്ത് ചിത്രം ജയിലര്‍ സൃഷ്ടിച്ച തരംഗമാണ്. കേരളത്തിലും വന്‍ പ്രതികരണമാണ് ചിത്രത്തിന്. എന്നാല്‍ കോളിവുഡില്‍ നിന്നുള്ള ഈ ബിഗ് ബജറ്റ് മാസ് ചിത്രം സൃഷ്ടിച്ച തരംഗത്തില്‍ മുങ്ങിപ്പോവാതെ ഒരു പുതിയ മലയാള ചിത്രം പ്രേക്ഷകപ്രീതി നേടുന്നുണ്ട്. ഉർവശി, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്ത ജലധാര പമ്പ് സെറ്റ് സിൻസ് 1962 എന്ന ചിത്രമാണ് പ്രേക്ഷകപ്രിയം നേടുന്നത്.വണ്ടർഫ്രെയിംസ് ഫിലിം ലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഓഗസ്റ്റ് 11 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ചിത്രം ഇന്ന് മുതല്‍ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. യഥാർത്ഥ സംഭവത്തെ അധികരിച്ചുള്ള കോർട്ട് റൂം ഡ്രാമ ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്നതാണ്. വണ്ടർഫ്രെയിംസ് ഫിലിം ലാൻഡിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സംസ്ഥാന അവാർഡ് ജേതാവ് മാസ്റ്റർ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
