ബോളിവുഡിൽ ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും പ്രണയ ജോഡികളായി മാറിയ താരങ്ങൾ നിരവധിയാണ്. സഫലമായ പ്രണയവും തകർന്ന പ്രണയങ്ങളും കോളിളക്കം സൃഷ്ടിച്ച പ്രണയങ്ങളും ഒട്ടേറ ബോളിവുഡിൽ ഉണ്ടായിട്ടുമുണ്ട്. സിനിമകളോടൊപ്പം തന്നെ തങ്ങളുടെ വ്യക്തി ജീവിതത്തിന് വലിയ മാധ്യമ ശ്രദ്ധ ലഭിക്കുന്നതിനാൽ ഗോസിപ്പുകളെ അകറ്റി നിർത്തുക എന്നത് താരങ്ങൾക്കും പറ്റാറില്ല. കരിയറിൽ വർഷങ്ങൾ പിന്നിടുമ്പോഴും വിജയ, പരാജയ സിനിമകൾക്കൊപ്പം തന്നെ പഴയ ഗോസിപ്പുകളും ഇവരുടെ സിനിമാ ജീവിതത്തിൽ പിന്തുടരും.
ഇത്തരത്തിൽ 15 വർഷങ്ങൾക്കിപ്പുറവും ബോളിവുഡിലെ ഹോട് ടോപിക് ആയി തുടരുന്നതാണ് ദീപിക പദുകോണും രൺബീർ കപൂറും തമ്മിലുണ്ടായിരുന്ന പ്രണയം. 2007 ൽ പ്രണയത്തിലായ ദീപികയും രൺബീറും രണ്ട് വർഷത്തിനുള്ളിൽ വേർപിരിഞ്ഞു. പക്ഷെ വർഷങ്ങൾക്കിപ്പുറവും ഇവരെ സംബന്ധിച്ചുള്ള പ്രണയ കഥകൾ ചർച്ചയാവാറുണ്ട്.
ദീപിക പദുകോണിന്റെ മുൻ കാമുകനുമായി രൺബീർ തർക്കത്തിലേർപ്പെട്ട സംഭവമാണ് ഇതിലൊന്ന്. ദീപികയുടെ മുൻ കാമുകനായിരുന്ന നിഹാർ പാണ്ഡ്യയുമായിട്ടായിരുന്നു ഈ പ്രശ്നം. ഖലീജ് ടൈംസിലാണ് ഈ റിപ്പോർട്ട് പുറത്തു വന്നത്. ദീപികയുമായി രൺബീർ കടുത്ത പ്രണയത്തിലായിരിക്കെയാണ് മുൻ കാമുകനായിരുന്ന നിഹാർ പാണ്ഡ്യയുടെ കടന്നുവരവ്.
ദീപികയുമായി ഒരു കൂടിക്കാഴ്ചയും നിഹാർ നടത്തി. ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പോയ ഇരുവരും പഴയ പ്രശ്നങ്ങളും മറ്റും പറഞ്ഞ് ഏറെ നേരം സംസാരിച്ചിരുന്നു. രണ്ട് മണിക്കൂറിലേറെ ഈ സംസാരം നീണ്ടെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. രൺബീർ ഈ സമയത്ത് ഷൂട്ടിംഗ് ആവശ്യത്തിനായി ഊട്ടിയിലായിരുന്നു.
പിന്നീട് ഇരുവരെയും ഒരുമിച്ച് കണ്ട രൺബീർ ക്ഷുഭിതനായത്രെ. റോഡിൽ വെച്ച് നിഹാറിനെ രൺബീർ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇരുവരും തമ്മിൽ കൈയ്യാങ്കളിയിലെത്തിയതോടെ ദീപിക ഇടപെട്ട് രണ്ട് പേരെയും പിടിച്ചു മാറ്റിയെന്നാണ് അന്ന് പുറത്തു റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ടിനെ പറ്റി ഇരുതാരങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.
വർഷങ്ങൾ കടന്നു പോകവെ രൺബീർ-ദീപിക പ്രണയത്തിൽ കാര്യങ്ങൾ മാറി മറഞ്ഞു. ദീപികയുമായി അകന്ന രൺബീർ 2010 ഓടെ നടി കത്രീന കൈഫുമായി പ്രണയത്തിലായി.
പിന്നീട് രൺബീറിനെതിരെ ദീപിക പരസ്യമായി രംഗത്ത് വരികയുമുണ്ടായി. രൺബീറിന് ഒരു പെട്ടി കോണ്ടം സമ്മാനിക്കുമെന്ന് കോഫി വിത്ത് കരണിൽ ദീപിക തുറന്നടിച്ചു.
രൺബീറിന്റെ പിതാവ് ഋഷി കപൂറിനെ വരെ അലോസരപ്പെടുത്തിയ പരാമർശമായിരുന്നു ഇത്. കോഫി വിത്ത് കരണിൽ അന്ന് ദീപികയ്ക്കൊപ്പം സോനം കപൂറും രൺബീറിനെതിരെ സംസാരിച്ചിരുന്നു.
നടിമാരുടെ പരാമർശം ഋഷി കപീറിനെ ക്ഷുഭിതനാക്കിയെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ തനിക്ക് ഇടപെടേണ്ടി വന്നെന്നും കരൺ ജോഹറും അടുത്തിടെ പറഞ്ഞിരുന്നു.
ഈ തർക്കമെല്ലാം പിന്നീട് അവസാനിച്ചു. ദീപികയും രൺബീറും വീണ്ടും സുഹൃത്തുക്കളായി. യഹ് ജവാനി ഹെ ദീവാനി, തമാശ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു.
നടൻ രൺവീർ സിംഗുമായി പ്രണയത്തിലായ ദീപിക 2018 ൽ നടനുമായി വിവാഹവും കഴിച്ചു. രൺബീറാവട്ടെ കാമുകി കത്രീന കൈഫുമായി 2016 ഓടെ വേർപിരിയുകയും ആലിയ ഭട്ടുമായി പ്രണയത്തിലാവുകയും ചെയ്തു. ഈ വർഷമാണ് ഇരുവരും വിവാഹിതരായത്.
