ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി ഗ്ലോബൽ സ്റ്റാർ ആയി മാറിയ താരമാണ് പ്രിയങ്ക ചോപ്ര. കരിയറിൽ നടി എത്തിപ്പിടിച്ച ഉയരങ്ങൾക്ക് ഇന്ത്യയിൽ സമാനതകളില്ലെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
2000 ൽ ലോക സുന്ദരിപട്ടം ചൂടി സിനിമാ ലോകത്തേക്ക് ചുവടു വെച്ച നടി 2002 ൽ തമിഴൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ശേഷം 2003 ൽ ദ ഹീറോ: ലൗ സ്റ്റോറി ഓഫ് എ സ്പെെ എന്ന ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചു. പിന്നീട് പെട്ടന്ന് തന്നെ ബോളിവുഡിൽ ശ്രദ്ധ പിടിച്ചു പറ്റി.
ഫാഷൻ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്കാരം കരസ്ഥമാക്കിയ പ്രിയങ്ക ഒരു പിടി ഹിറ്റ് ചിത്രങ്ങളിലും നായികയായെത്തി. ഡോൺ, ബർഫി, മേരി കോം, ദിൽ ദഡക്നേ ദോ, ബാജിരാവോ മസ്താനി തുടങ്ങി ഒരുപിടി ഹിറ്റ് സിനിമകളിൽ പ്രിയങ്ക തിളങ്ങി. പിന്നീട് ക്വാണ്ടികോ എന്ന അമേരിക്കൻ സീരിസിലൂടെ ഇന്ത്യക്ക് പുറത്തും ആരാധകരെ സൃഷ്ടിച്ചു.
ക്വാണ്ടികോയിലെ അഭിനയത്തിന് രണ്ട് തവണ അമേരിക്കൻ ടെലിവിഷനിലെ പീപ്പിൾസ് ചോയ്സ് അവാർഡും പ്രിയങ്ക ചോപ്രയ്ക്ക് ലഭിച്ചിട്ടുണ്ട്. ബേ വാച്ച്, ഈസ് ഇന്റ്ഇറ്റ് റൊമാന്റിക്, മാട്രിക്സ് ദ റിസറക്ഷൻ തുടങ്ങിയ ഹോളിവുഡ് സിനിമകളിലും അഭിനയിച്ചു. 2018 ൽ വിവാഹിതയായ പ്രിയങ്ക നിക് ജോനാസിനൊപ്പം അമേരിക്കയിലാണ് ഇപ്പോഴുള്ളത്.
അതേസമയം വൻ നേട്ടങ്ങൾ കൊയ്ത കരിയറിൽ ഇടയ്ക്ക് ചില ഇടർച്ചകളും പ്രിയങ്ക ചോപ്രയ്ക്ക് ഉണ്ടായിട്ടുണ്ട്. 2010 കളിലാണ് പ്രിയങ്കയുടെ വ്യക്തി ജീവിതവും കരിയറും വിവാദത്തിലകപ്പെട്ടത്. നടൻമാരായ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ എന്നിവരുമായി ചേർത്ത് പ്രിയങ്ക ചോപ്രയെക്കുറിച്ച് ഗോസിപ്പ് വന്ന സമയത്തായിരുന്നു ഇത്.
വിവാഹിതരായ രണ്ട് നടൻമാരുടെയും ഭാര്യമാർ ഇവർ പ്രിയങ്ക ചോപ്രയോടൊപ്പം സിനിമകളിൽ അഭിനയിക്കുന്നത് വിലക്കിയിരുന്നത്രെ. ഷാരൂഖിന് മുമ്പായിരുന്നു പ്രിയങ്ക-അക്ഷയ്കുമാർ ഗോസിപ്പ് പ്രചരിച്ചത്. ശേഷം ഭാര്യ ട്വിങ്കിൾ ഖന്ന അക്ഷയ് കുമാറിനെ പ്രിയങ്കയോടൊപ്പം അഭിനയിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തത്രെ. 2009 ന് ശേഷം ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുമില്ല.
ഈ വിവാദത്തിന് ശേഷമാണ് ഷാരൂഖും പ്രിയങ്ക ചോപ്രയും തമ്മിൽ അടുക്കുന്നു എന്ന വാർത്ത പ്രചരിച്ചത്. ഡോൺ, ഡോൺ 2 എന്നീ സിനിമകളിൽ പ്രിയങ്കയായിരുന്നു ഷാരൂഖിനൊപ്പം അഭിനയിച്ചത്. ഇരുവരും അടുത്ത ബന്ധമാണെന്ന് ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാൻ അറിഞ്ഞെന്നാണ് പുറത്തു വന്ന വിവരം.
അന്ന് ഗൗരി ഖാൻ, ഹൃതിക് റോഷന്റെ ഭാര്യ സൂസൻ ഖാൻ, അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിൾ ഖന്ന തുടങ്ങിയവരെല്ലാം സുഹൃത്തുക്കളായിരുന്നു.
പ്രിയങ്കയെ ഒറ്റപ്പെടുത്താൻ ഇവരെല്ലാവരും ശ്രമിച്ചിരുന്നു. ഗൗരിയുടെ അടുത്ത സുഹൃത്തായിരുന്നു ഫിലിം മേക്കർ കരൺ ജോഹർ. ഷാരൂഖ് പ്രിയങ്ക ബന്ധമറിഞ്ഞ് കരണും പ്രിയങ്ക ചോപ്രയെ സിനിമകളിൽ നിന്നും മാറ്റി നിർത്തിയെന്നായിരുന്നു അന്ന് പുറത്തു വന്ന റിപ്പോർട്ട്.
അന്ന് കരണും പ്രിയങ്കയും തമ്മിലുള്ള ഈ അസ്വാരസ്യങ്ങളിൽ ചിലത് പരസ്യമാവുകയും ചെയ്തിരുന്നു. ബോളിവുഡിലെ പ്രമുഖർ നടത്തിയ പാർട്ടികളിൽ നിന്നും നടി മാറ്റി നിർത്തപ്പെട്ടത്രെ. എന്നാൽ ഈ ശ്രമങ്ങളൊന്നും പ്രിയങ്കയുടെ കരിയറിനെ ബാധിച്ചില്ല. നടി ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്കും ചുവടുമാറി. ക്വാണ്ടികോ സീരീസിലൂടെ ലോകപ്രശസ്തയാവുകയും ചെയ്തു.
