ബോളിവുഡിലെ പുതിയ പ്രണയിതാക്കളായിരിക്കുകയാണ് നടൻ ഹൃതിക് റോഷനും സബ ആസാദും.ഏറെ നാൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം സ്ഥിരീകരിച്ചത്. അടുത്തിടെ നടന്ന കരൺ ജോഹറിന്റെ ബർത്ത് ഡേ പാർട്ടിയിൽ രണ്ട് പേരും ഒരുമിച്ചാണെത്തിയത്. ഈ ചിത്രങ്ങൾ വലിയ തോതിൽ വൈറലായിരുന്നു. പാർട്ടിയിൽ ഹൃതിക് തന്റെ കാമുകിയെന്ന് പറഞ്ഞ് സബയെ പരിചയപ്പെടുത്തുകയും ചെയ്തെന്നാണ് ബി ടൗൺ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. നേരത്തെ ഹൃതകിന്റെ കുടുംബാംഗങ്ങളോടൊപ്പം നിൽക്കുന്ന സബയുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
ആദ്യ ഭാര്യ സൂസൻ ഖാനുമായി അകന്ന് ഏതാനും വർഷങ്ങൾ പിന്നിടവെയാണ് ഹൃതിക് സബയുമായി അടുത്തത്. 2014 നവംബറിലാണ് ഹൃതിക് സൂസൻ ഖാനുമായി വേർ പിരിഞ്ഞത്. ഈ വിവാഹ മോചനത്തിന് പിന്നാലെ ബോളിവുഡിൽ വാർത്തയായ പ്രവചനമായിരുന്നു ഹൃതിക് രണ്ടാമതും വിവാഹിതനാവുമെന്ന്. ബി ടൗണിലെ സെലിബ്രറ്റികളെ പറ്റി പ്രവചനം നടത്തുന്ന ബെജൻ ധരുവാല എന്ന ജോത്സ്യനായിരുന്നു ഇത്തരമാെരു പ്രവചനം നടത്തിയത്. ഹൃതിക്കിന്റെ ജാതക പ്രകാരം രണ്ടാം വിവാഹം നടക്കുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രവചനം.
അന്ന് മുബൈ മിറർ എന്ന ബോളിവുഡ് മാധ്യമത്തിൽ ഇത് വലിയ വാർത്തയായി പുറത്തു വരികയും ചെയ്തു. ജോത്സ്യൻ ഈ പ്രവചനം നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇദ്ദേഹം മുംബൈയിൽ നിന്നും ഗുജറാത്തിലേക്ക് മാറുകയും ചെയ്തു. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും ഇടയ്ക്ക് മുംബൈയിലേക്ക് വരാറുണ്ട്.
വർഷങ്ങൾക്കിപ്പുറം ജോത്സ്യന്റെ പ്രവചനം ശരിയായാവാനുള്ള വഴിയിലൂടെയാണ് ഹൃതിക്കിന്റെ പോക്കെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. സൂസൻ ഖാനുമായുള്ള വേർപിരിയലിന് ശേഷം ഹൃതിക് ആദ്യമായാണ് കാമുകിയോടൊപ്പം പൊതുവേദികളിൽ എത്തുന്നത്. സബയോടൊപ്പമുള്ള യാത്രകളും ബോളിവുഡിൽ ചർച്ചയാവുന്നുണ്ട്. നടൻ രണ്ടാം വിവാഹത്തിന് ഒരുങ്ങിയേക്കും എന്നാണ് ആരാധകർ പറയുന്നത്.
