ഹിന്ദി സിനിമാ ലോകത്ത് വിവാദനായകനായി മാറിയ സഞ്ജയ് ദത്ത് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. 1959 ജൂലൈ 29 ന് ജനിച്ച നടന് തന്റെ അറുപത്തിമൂന്നാം പിറന്നാളാണ് ഇത്തവണ കൊണ്ടാടുന്നത്. ഇതിനോട് അനുബന്ധിച്ച് താരത്തെ കുറിച്ചുള്ള നിരവധി കഥകളാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്നിരിക്കുന്നത്.
ഏറ്റവും പ്രധാനപ്പെട്ടത് നടന്റെ പ്രണയകഥകളാണ്. മൂന്ന് തവണ വിവാഹിതനായി എന്നതിന് പുറമേ പ്രമുഖരടക്കം പല നടിമാരും സഞ്ജയ് ദത്തിനെ പ്രണയിച്ചിട്ടുണ്ട്. എറ്റവുമൊടുവില്‍ മാന്യത ദത്താണ് നടന്റെ ഹൃദയം കീഴടക്കിയ സുന്ദരി. ഇരുവരും തമ്മില്‍ വലിയ പ്രായ വ്യത്യാസം ഉണ്ടെങ്കിലും ഇപ്പോഴും സന്തുഷ്ടരായി കഴിയുകയാണ്. താരങ്ങളുടെ പ്രണയകഥ വായിക്കാം…
സഞ്ജയുടെ ജീവിതത്തിലേക്ക് വന്ന താരസുന്ദരിമാരെ കുറിച്ച് പല കഥകളും പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ മാന്യത ദത്ത് വന്നതിനെ പറ്റി കൂടുതല്‍ കാര്യങ്ങളൊന്നും താരം പറഞ്ഞിട്ടില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നാദിയ ദുറാനിയുമായി ഡേറ്റിങ് നടത്തുമ്പോഴാണ് സഞ്ജയ് മാന്യതയെ കാണുന്നത്. വൈകാതെ ഇരുവരും ഇഷ്ടത്തിലായി. അത് വിവാഹത്തിലേക്ക് എത്തുകയും ഇപ്പോള്‍ മക്കളുടെ കൂടെ സന്തുഷ്ട കുടുംബ ജീവിതമായി മാറുകയും ചെയ്തു.
സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ കവചം താനാണെന്ന് ഒരിക്കല്‍ മാന്യത പറഞ്ഞിരുന്നു. ‘സഞ്ജു ശരിക്കും ശക്തനാണ്. അദ്ദേഹത്തെ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന നിരവധി ആളുകള്‍ അദ്ദേഹത്തിന് ചുറ്റുമുണ്ട്. സഞ്ജുവിനെയും അദ്ദേഹത്തെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ ഇടയിലേക്കാണ് ഞാന്‍ വന്നത്. ഒരു കവചം പോലെ ഞാന്‍ സഞ്ജുവിന്റെ ചുറ്റും നിന്നു. സ്വഭാവികമായിട്ടും ഈ അവസ്ഥയില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് എന്നോട് നീരസം തോന്നാം. ഞാന്‍ അവരുടെ പാര്‍ട്ടി നശിപ്പിച്ചെന്ന്’ പറയുന്നുണ്ടെന്നും മാന്യത സൂചിപ്പിച്ചു.
തന്റെ കുടുംബത്തിന്റെ നട്ടെല്ല് ഭാര്യ മാന്യതയാണെന്ന് സഞ്ജുവും സമ്മതിച്ചിട്ടുണ്ട്. അവള് ജീവിതത്തിലേക്ക് വന്നിട്ടില്ലായിരുന്നെങ്കില്‍ താന്‍ ഇത്രയും സംതൃപ്തനാകുമായിരുന്നില്ലെന്നാണ് സഞ്ജയ് പറഞ്ഞത്. അതേ സമയം സഞ്ജയ് ദത്ത് മൂന്നാമതും വിവാഹിതനായ ശേഷം നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അതില്‍ പ്രധാന കാര്യം തന്നെക്കാളും പ്രായം കുറഞ്ഞ ചെറിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്നതാണ്.
സഞ്ജയ് ദത്തിനെക്കാളും പതിനെട്ട് വയസിന് ഇളയതാണ് മാന്യത. മകളുടെ പ്രായമുള്ള ആളെയാണോ വിവാഹം കഴിച്ചതെന്ന ചോദ്യത്തിലൂടെ പലരും നടനെ കളിയാക്കി. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പിച്ച് സഞ്ജയും മാന്യതയും അവരുടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ്. ഷഹ്റാന്‍, ഇഖ്റ എന്നിങ്ങനെ രണ്ട് ഇരട്ടക്കുട്ടികളാണ് താരങ്ങള്‍ക്ക്. 2010 ലാണ് കുഞ്ഞുങ്ങള്‍ ജനിക്കുന്നത്.
