
മലയാളത്തിൽ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മീരാ ജാസ്മിൻ. 2000 ങ്ങളിൽ തെന്നിന്ത്യയിലാകെ നിറഞ്ഞു നിന്ന നടി വാരിക്കൂട്ടിയ പുരസ്കാരങ്ങളേറെയാണ്. 2004 ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ മീര രണ്ട് തവണ മികച്ച നടിക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരവും ഒരു തവണ തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്. നാല് തവണ ഫിലിം ഫെയർ അവാർഡും മീര ജാസ്മിൻ നേടിയിട്ടുണ്ട്.
സൂത്രധാരൻ എന്ന ലോഹിതാദാസ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയെ തേടി പിന്നീട് മലയാളത്തിൽ നിന്ന് കൈ നിറയെ സിനിമകളെത്തി. ഗ്രാമഫോൺ, അച്ചുവിന്റെ അമ്മ, പാഠം ഒന്ന് ഒരു വിലാപം, രസതന്ത്രം, വിനോദ യാത്ര ഒരേ കടൽ, കസ്തൂരിമാൻ, കൽക്കട്ട ന്യൂസ്, മിന്നാമിന്നിക്കൂട്ടം തുടങ്ങി ഒരു പിടി മികച്ച സിനിമകളിൽ മീരാ ജാസ്മിൻ വേഷമിട്ടു.
വാണിജ്യ സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുത്ത മീര ജാസ്മിൻ ഒരു നടിയെന്ന നിലയിലും താരമെന്ന നിലയിലും ഒരേ പോലെ വളർന്നു.
റൺ എന്ന സിനിമയിലൂടെയായിരുന്നു മീരയുടെ തമിഴകത്തേക്കുള്ള അരങ്ങേറ്റം. സൂപ്പർ ഹിറ്റായ ചിത്രത്തിന് ശേഷം സണ്ടക്കോഴി, മണിരത്നത്തിന്റെ ആയുധ എഴുത്ത് തുടങ്ങിയ സിനിമകളിൽ മീര തിളങ്ങി. റണ്ണിന്റെ തെലുങ്ക് പതിപ്പിലൂടെ ടോളിവുഡിലും മീര താരമായി. 2000ങ്ങളിൽ ഇത്രയധികം മികച്ച സിനിമകളും മികച്ച കഥാപാത്രങ്ങളും കിട്ടിയ നായിക നടിമാർ കുറവാണെന്നാണ് മീരയെക്കുറിച്ച് സിനിമാ പ്രേക്ഷകർ പറയുന്നത്.
2010 ന് ശേഷമാണ് മീര ജാസ്മിൻ സിനിമകളിൽ നിന്ന് അകന്ന് തുടങ്ങിയത്. പിന്നീടഭിനയിച്ച പാട്ടിന്റെ പാലാഴി, ഫോർ ഫ്രണ്ട്സ്, മൊഹബത്ത്, ലിസമ്മയുടെ വീട്, മിസ് ലേഖ തരൂർ കാണുന്നത് തുടങ്ങിയ സിനിമകൾ ബോക്സ് ഓഫീസിൽ വിജയം കണ്ടില്ല. പിന്നീട് കുറച്ച് കാലത്തേക്ക് സിനിമകളിൽ നിന്ന് മാറി നിന്ന മീരാ ജാസ്മിൻ ഇതിനിടെ യുഎഇയിലേക്ക് താമസം മാറുകയും ചെയ്തു.
അടുത്തിടെ പുറത്തിറങ്ങിയ മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് മീര തിരിച്ചു വരവ് നടത്തിയത്. തീർത്തും സ്വകാര്യമായ ജീവിതം നയിക്കുന്ന നടി ഈയടുത്താണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതും. താരത്തിന്റെ മിക്ക വിശേഷങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് മീര തിരിച്ചു വരവ് നടത്തിയത്. തീർത്തും സ്വകാര്യമായ ജീവിതം നയിക്കുന്ന നടി ഈയടുത്താണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതും. താരത്തിന്റെ മിക്ക വിശേഷങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്.
‘പുനസമാഗമങ്ങളുടെ ഏറ്റവും നല്ല കാര്യം അതാണ്. അത് നമ്മളെ സമയത്തിന് പിന്നിലേക്ക് നടത്തിക്കും. കടന്നു വന്ന വഴികളിൽ നിങ്ങളുടെ പാത പാത പ്രകാശിപ്പിച്ച എല്ലാ ഊഷ്മളതയും ആർദ്രതയും അനുഭവിപ്പിക്കുകയും ചെയ്യും’
‘ആ അമൂല്യമായ ഓർമ്മകൾ പുനരുജ്ജീവിപ്പിച്ചതിന് നന്ദി പ്രിയപ്പെട്ട നരേൻ. ഏറ്റവും മികച്ചത് മാത്രം ഞാൻ നിങ്ങൾക്ക് ആശംസിക്കുന്നു. കാരണം നിങ്ങൾ തികച്ചും അതിന് അർഹനാണ്,’ നരേനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് മീരാ ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.
നേരത്തെ അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ എന്നീ സിനിമകളിൽ മീര ജാസ്മിനും നരേനും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. മൂന്ന് ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.