തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി കരിയറിന്റെ മികച്ച സമയത്ത് നിൽക്കുകയാണ് നയൻതാര. 18 വർഷത്തോളമായി മുൻനിര നായികയായി തുടരുന്ന നയൻസ് ഇതിനകം നേടിയെടുത്ത നേട്ടങ്ങൾ നിരവധിയാണ്. തെന്നിന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി, ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഡിമാൻഡുള്ള നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് വാണിജ്യ വിജയം ഉറപ്പു നൽകുന്ന നടി തുടങ്ങി ഒരുപിടി ഖ്യാതികൾ നയൻതാരയ്ക്കുണ്ട്.
അടുത്തിടെയാണ് സംവിധായകൻ വിഘ്നേശ് ശിവനുമായി താരത്തിന്റെ വിവാഹവും കഴിഞ്ഞത്. നയൻതാര അഭിനയിച്ച നാനും റൗഡി താൻ, കാതുവാക്കുല രണ്ട് കാതൽ എന്നീ സിനിമകളുടെ സംവിധായകനാണ് വിഘ്നേശ് ശിവൻ.
കഴിഞ്ഞ ദിവസം നയൻതാരയുടെ 75ാ മത്തെ സിനിമയും പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല. ഷാരൂഖ് ഖാൻ ചിത്രം ജവാനാണ് നയൻതാര നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ. അറ്റ്ലിയാണ് ചിത്രത്തിന്റെ സംവിധായകൻ. നയൻസ് ആദ്യമായാണ് ഒരു ബോളിവുഡ് താരത്തിന്റെ സിനിമയിൽ നായിക ആവുന്നത്. 2003 ൽ സിനിമയിലെത്തിയ നടി ഇതിനകം തെന്നിന്ത്യയിലെ നാല് ഭാഷകളിലും അഭിനയിച്ചു. പക്ഷെ ഒരു ഹിന്ദി ചിത്രത്തിലും നടി അഭിനയിച്ചിട്ടില്ല. ഇത് പലപ്പോഴും ഒരു കൗതുകമായി ആരാധകർ ചൂണ്ടിക്കാട്ടാറുണ്ടായിരുന്നു.
നേരത്തെ ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രമായ ചെന്നെെ എക്സ്പ്രസിൽ നിന്നും നടിക്ക് ഓഫർ വന്നിരുന്നെങ്കിലും നയൻസ് ഇത് നിരസിക്കുകയായിരുന്നു.
ചെന്നെെ എക്സ്പ്രസിലെ ഹിറ്റ് ഡാൻസ് നമ്പറായ വൺ ടു ത്രീ ഫോർ എന്ന ഗാനത്തിന് വേണ്ടിയായിരുന്നു നയൻതാരയെ പരിഗണിച്ചത്. തെന്നിന്ത്യൻ കഥാപശ്ചാത്തലമുള്ള സിനിമയായതിനാൽ തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു നടി ഈ ഐറ്റം ഡാൻസ് ചെയ്യണമെന്നാണ് നിർമാതാക്കൾ തീരുമാനിച്ചിരുന്നത്. അന്ന് ഗ്ലാമറസ് വേഷങ്ങൾ കൂടുതലായും ചെയ്തിരുന്ന നയൻസിനെ ഇവർ സമീപിക്കുകയും ചെയ്തു. എന്നാൽ നയൻസ് സമ്മതം മൂളിയില്ല.
രണ്ട് കാരണങ്ങളാണ് ഇതിന് പിന്നിലെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ട്. ഒന്ന് ഒരു ഐറ്റം ഡാൻസിനോട് നയൻസിന് താൽപര്യക്കുറവുണ്ടായിരുന്നു. പ്രത്യേകിച്ചും ഒരു ബോളിവുഡ് ചിത്രത്തിൽ. പിന്നീട് അത്തരത്തിൽ ടൈപ് കാസ്റ്റ് ചെയ്യപ്പെടുമോ എന്നായിരുന്നത്രെ നടി മുന്നിൽ കണ്ട പ്രശ്നം. രണ്ടാമതായി ഈ പാട്ടിന്റെ കൊറിയോഗ്രാഫർ നയൻതാരയുടെ മുൻ കാമുകൻ പ്രഭുദേവയുടെ സഹോദരനായ രാജു സുന്ദരം ആയിരുന്നു. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാനുള്ള ബുദ്ധിമുട്ടും കൊണ്ട് നയൻസ് ഈ ഓഫർ നിരസിക്കുകയായിരുന്നെന്നാണ് വിവരം.
ഒടുവിൽ നടി പ്രിയാമണിയാണ് ഈ ഡാൻസ് നമ്പർ ചെയ്തത്. പാട്ട് വൻ ഹിറ്റാവുകയും ചെയ്തു. 2013 ൽ റിലീസ് ചെയ്ത ചെന്നെെ എക്സ്പ്രസിൽ ദീപിക പദുകോണായിരുന്നു നായിക. ചിത്രം ആ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രമായി മാറുകയും ചെയ്തു. 2015 ഓടെ തന്നെ നയൻതാരയുടെ കരിയറും മാറി മറിഞ്ഞു.
മായ, നാനും റൗഡി താൻ, ഇരുമുഖൻ, തനി ഒരുവൻ തുടങ്ങി ഹിറ്റുകളുടെ ഒരു നിര തന്നെ നയൻതാര സൃഷ്ടിച്ചു. ഇന്ന് പല ബോളിവുഡ് നായികമാർക്ക് ലഭിക്കാത്തത്രയും താരമൂല്യമാണ് നയൻസിനുള്ളത്.
