മലയാളത്തിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങിയ അപൂർവ നടിമാരിൽ ഒരാളാണ് അമല പോൾ. മലയാളത്തിലേയും തമിഴിലേയും സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചുള്ള നടി കൂടിയാണ് അമല. 2009-ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യിലൂടെയായിരുന്നു അമലയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലൂടെയാണ് അമല തന്റെ കരിയർ ഗ്രാഫ് ഉയർത്തിയത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമൻ റോളുകളും ചെയ്ത് അമല പോള്‍ തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയ താരമാവുകയായിരുന്നു.
എന്നാൽ കരിയറിൽ പല ഉയർച്ച താഴ്ചകളും അമലയ്ക്ക് ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരിക്കെ സിനിമ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു എന്ന് പറയുകയാണ് അമല ഇപ്പോൾ. മാനസികമായി അത്രയേറെ ബുദ്ധിമുട്ടു നേരിട്ട ഒരു ഘട്ടത്തിൽ അങ്ങനെ തീരുമാനിച്ചിരുന്നെന്നും വളരെ പ്രയാസമേറിയ കാലഘട്ടത്തിലൂടെയാണ് കടന്നു പോയതെന്നും അമല ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“2020 ലോ 2021ന്റെ തുടക്കത്തിലോ ഞാൻ സിനിമ നിർത്താമെന്ന് തീരുമാനിച്ചിരുന്നു. എനിക്ക് ഒരു ഇടവേള അത്യാവശ്യം ആണെന്ന് തോന്നിയിരുന്നു. സിനിമകൾ വന്നെങ്കിലും വേണ്ടെന്ന് വച്ചു. വീട്ടിലും അത് പ്രശ്‌നമായി. എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കും ആശങ്കയായി. എന്താണെന്ന് എനിക്കും അറിയില്ലായിരുന്നു, ഇങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ നാളെ എന്ത് സംഭവിക്കുമെന്നും അറിയിലായിരുന്നു.”
“ഞാൻ സിനിമ നിറുത്തുകയാണെന്ന തോന്നൽ എനിക്കുണ്ടായി. കാരണം അത്തരമൊരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. ഞാൻ ക്ഷീണിതയായിരുന്നു. തളർന്നിരുന്നു. ഞാൻ പത്തൊൻപതാം വയസുമുതൽ അഭിനയിക്കുകയാണ്. എനിക്ക് എന്നെ തന്നെ ഇഷ്ടമാകുന്നുണ്ടായിരുന്നില്ല.എന്റെ സാഹചര്യങ്ങളോ ചുറ്റുമുള്ള ആളുകളോ നല്ലതായിരുന്നില്ല. ഞാൻ ഞാനല്ലാതായിരുന്നു. അതിൽ എനിക്ക് എന്തെങ്കിലും ചെയ്തേ പറ്റുകയുള്ളായിരുന്നു. അതുകൊണ്ട് ഞാൻ സിനിമയിൽ നിന്ന് പൂർണമായും ഒരു ബ്രേക്ക് എടുത്തു.” അമല പറഞ്ഞു.
“ഞാൻ നിർമ്മിക്കുന്ന കഡാവര്‍ എന്ന എന്റെ പുതിയ സിനിമയെ കുറിച്ചും എനിക്ക് ചിന്തിക്കണമായിരുന്നു. അന്ന് എനിക്ക് അത്ര ഊർജം ഉണ്ടായിരുന്നെങ്കിലും ഉള്ള ഊർജം ഞാൻ അതിൽ ഉപയോഗിച്ചു.” അമല കൂട്ടിച്ചേർത്തു.
മനഃപൂർവം ഒരു ഇടവേളയെടുത്ത് ഞാൻ എനിക്ക് തന്നെ സ്വാതന്ത്ര്യം നൽകുകയായിരുന്നു. അതിനിടയിൽ ഞാൻ തോറ്റ് പോയാലും എന്റെ ഹൃദയം തകർന്നാലും കുഴപ്പമില്ല എന്നായിരുന്നു എനിക്ക്. ഞാൻ വെറുതെ ഇരുന്ന് കരയുന്ന ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ ബലഹീനതകൾ കുടുംബത്തെ കാണിക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു. പക്ഷെ ആ സമയത്ത് ഞാൻ അമ്മയുടെ മുന്നിൽ കരഞ്ഞു. ആരോടും സംസാരിക്കാതെ പുറത്തുപോകാതെ വീട്ടിൽ തന്നെ കഴിഞ്ഞു.”
ഒരു സമയം കഴിഞ്ഞപ്പോൾ ഞാൻ സ്വാതന്ത്രയായത് പോലെ തോന്നി. കുറച്ചു നാൾ വെറുതെ ഇരുന്നു. ഒരു പദ്ധതികളും ഇല്ലാതെ. ഒരുപാട് ചിന്തിച്ചു. കുറെ എഴുതി. സ്വയം കുറെ സംസാരിച്ചു. അതൊരു ശുദ്ധീകരണ പ്രക്രിയ ആയിരുന്നു. അതിൽ ഞാനിപ്പോൾ സന്തോഷവതിയാണ്.” അമല പറഞ്ഞു.
ഏറ്റവും പുതിയ ചിത്രമായ ‘കഡാവറി’ന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അമല മനസ് തുറന്നത്. നേരത്തെ 2019ലും താൻ അഭിനയം നിർത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായി അമല പറഞ്ഞിട്ടുണ്ട്. കഥകൾ ഇഷ്ട്ടപ്പെടാതെ വന്നതിനെത്തുടർന്നായിരുന്നു അത്.
അമല പോൾ കേന്ദ്ര കഥാപാത്രമാകുന്ന ‘കഡാവർ’ ഒരു ഫോറൻസിക് ത്രില്ലര്‍ ചിത്രമായിട്ടാണ് എത്തുന്നത്. ചിത്രത്തിൽ ഡോ.ഭദ്ര എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. അനൂപ് എസ് പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്താം വളവ്, നൈറ്റ് ഡ്രൈവ് തുടങ്ങിയ മലയാള ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയാണ് കഡാവറിനും തിരക്കഥയൊരുക്കിയിരിക്കുന്നത്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ.
ഓഗസ്റ്റ് 12ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. അമല പോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമല പോൾ തന്നെയാണ് ‘കഡാവർ’ നിർമ്മിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും.
