ആമിർ ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലാൽ സിംഗ് ഛദ്ദ. ഒരിടവേളയ്ക്ക് ശേഷം ആമിർ ഖാൻ ബിഗ് സ്ക്രീനിലേക്ക് തിരിച്ചു വരുന്ന സിനിമ, ട്രെയ്ലറിലെ പുതുമ, തുടങ്ങിയ കാരണങ്ങളാൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ലാൽ സിംഗ് ഛദ്ദയെ നോക്കിക്കാണുന്നത്. ആരാധകർക്ക് പുറമെ ബോളിവുഡ് ഇൻഡസ്ട്രിക്കും ഈ സിനിമയിൽ പ്രതീക്ഷയുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡിൽ പറയത്തക്ക ഹിറ്റുകളൊന്നും ഉണ്ടായിട്ടില്ല.
വൻ പ്രതീക്ഷകളോടെ എത്തിയ സിനിമകളെല്ലാം ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. മറുവശത്ത് തെന്നിന്ത്യൻ സിനിമകൾ വൻ വിജയവുമാവുന്നു. മുംബൈയിലെ തിയറ്ററുകളിൽ മൊഴി മാറ്റിയെത്തുന്ന തെന്നിന്ത്യൻ സിനിമകൾ ഭരിക്കുന്ന കാലം വിദൂരമല്ലെന്നാണ് ബോളിവുഡിലെ പലർക്കുമുള്ള ഭയം. ആർആർആർ, കെജിഎഫ് ചാപ്റ്റർ 2, പുഷ്പ തുടങ്ങിയ സിനിമകളുടെ ഹിന്ദി പതിപ്പ് വൻ ഹിറ്റായിരുന്നു. സൂപ്പർ സ്റ്റാറായ ആമിർ ഖാന് ഈ പ്രതിസന്ധിയിൽ നിന്നും ബോളിവുഡിനെ കരകയറ്റാനാവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. ഇന്ത്യൻ പ്രേക്ഷകർക്കിഷ്ടപ്പെടുന്ന രീതിയിലാണ് ഈ സിനിമ റീമേക്ക് ചെയ്തിരിക്കുന്നതെന്നാണ് ആമിർ ഖാൻ പറയുന്നത്. ഹോളിവുഡ് പതിപ്പിലുള്ള സെക്സ് സീനുകൾ സിനിമയിലുൾപ്പെടുത്തിയിട്ടില്ലെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.
ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് ആമിർ ഖാനിപ്പോൾ. പ്രേക്ഷകർക്ക് മുഴുവൻ കുടുംബത്തോടൊപ്പം വന്ന് കാണാൻ പറ്റുന്ന രീതിയിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നതെന്നും അതിനാൽ ഇത്തരം സീനുകൾ ഒഴിവാക്കുകയുമായിരുന്നെന്നാണ് ആമിർ പറയുന്നത്.
ആമിർ ഖാന് പുറമെ കരീന കപൂർ, നാഗ ചൈതന്യ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് താരങ്ങൾ. കോഫി വിത്ത് കരണിന്റെ പുതിയ എപ്പിസോഡിലും കരീനയും ആമിറും എത്തുന്നുണ്ട്. 2018 ലിറങ്ങിയ തഗ്സ് ഓഫ് ഹിന്ദുസ്ഥാനാണ് ആമിർ ഖാന്റെ അവസാനം റിലീസ് ചെയ്ത സിനിമ. വൻ ബജറ്റിൽ ഒരുങ്ങിയ സിനിമ പക്ഷെ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.
ഇതിനുശേഷം ചെറിയൊരു ഇടവേള ആമിർ ഖാൻ കരിയറിൽ എടുക്കുകയായിരുന്നു. മികച്ച സിനിമയിലൂടെയുള്ള തിരിച്ചു വരവിനാണ് ആമിർ കാത്തിരുന്നതെന്നാണ് വിവരം. ദംഗൽ, പികെ, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങിയ ആമിർ ചിത്രങ്ങൾ നേടിയ വൻ വിജയം ലാൽ സിംഗ് ഛദ്ദയും ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
