സമീപകാലത്ത് മലയാള സിനിമയിൽ തന്റേതായ ഒരിടം ഉറപ്പിച്ച നടനാണ് ഷൈൻ ടോം ചാക്കോ. വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നിൽക്കുകയാണ് താരം. കഥാപാത്രങ്ങളായി ഷൈൻ അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നാണ് പലപ്പോഴും ആരാധകർ അഭിപ്രായപ്പെടുന്നത്. എന്നാൽ അതേസമയം തന്നെ നിറയെ വിവാദങ്ങളും വിമർശനങ്ങളും ഷൈനെ ചുറ്റിപ്പറ്റി ഉയർന്നുവരാറുണ്ട്. അതിനെല്ലാം തന്റെ പ്രകടനങ്ങളിലൂടെ കൂടെയാണ് ഷൈൻ മറുപടി നൽകുക.
ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘തല്ലുമാല’യാണ് ഷൈന്റെ ഏറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 12ന് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ താൻ തിയേറ്ററിൽ നിന്ന് ഇറങ്ങി ഓടുന്നതിനിടയിലുണ്ടായ ഒരു രസകരമായ സംഭവത്തെ പറ്റി പറഞ്ഞിരിക്കുകയാണ് ഷൈൻ.
ഷൈൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘പന്ത്രണ്ട്’ എന്ന ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞു മാധ്യമങ്ങൾ പ്രതികരണം എടുക്കാൻ ചെന്നപ്പോഴായിരുന്നു ഷൈൻ ഓടിയത്. പിന്നാലെ മാധ്യമങ്ങളും ഓടിയതോടെ സംഭവം വാർത്തയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയിൽ ഓട്ടത്തിനിടെ ഒരു പെൺകുട്ടിയുമായി ഷൈൻ സംസാരിക്കുന്നത് കാണാമായിരുന്നു. പെൺകുട്ടി അവിടെ വെച്ച് പരിചയപ്പെടണം എന്ന് പറഞ്ഞെന്നാണ് ഷൈൻ പറയുന്നത്. ‘ഇപ്പോഴാണോ പരിചയപ്പെടുന്നത്, ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കു’ എന്ന് പറഞ്ഞു അവിടെന്ന് വീണ്ടും ചാടി ഓടിയെന്നും ഷൈൻ പറയുന്നു.
തിയേറ്ററിൽ നിന്ന് അത്തരത്തിൽ ഓടാൻ ഉണ്ടായ കാരണവും ഷൈൻ പറഞ്ഞു. പറഞ്ഞാൽ മനസിലാവാത്തവരോട് പറഞ്ഞിട്ട് കാര്യമില്ലലോ അതാണ് ഓടിയതെന്നാണ് ഷൈൻ പറഞ്ഞത്. ഓടി ഒളിക്കാനൊന്നും ഓടിയതല്ല രക്ഷപ്പെടാൻ ഓടിയതാണെന്നും ഷൈൻ പറഞ്ഞു.
“ആദ്യം തിയേറ്ററില്‍ ഒരു റൗണ്ട് ഓടി. ഇവരൊക്കെ കൂടെ ഓടി. ഓട്ടം കൂടുന്തോറും ആള്‍ക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങി. അപ്പോ ഞാന്‍ സ്‌ക്രീനില്‍ കയറി ഇരുന്നു. അവിടെ ഷൂട്ട് ചെയ്യാന്‍ പറ്റില്ലല്ലോ. എല്ലാവരും കിതപ്പിലായിരുന്നു. കിതപ്പ് മാറിയപ്പോൾ ഞാന്‍ അവിടെന്ന് വീണ്ടും ഓടി. അപ്പൊഴാണ് ആ ഗ്രില്ലിന്റെ ഉള്ളില്‍ പെടുന്നത്. ഞാന്‍ വിചാരിച്ചു അവരോട് സംസാരിക്കാമെന്ന്. പിന്നെ ഓര്‍ത്തു വേണ്ട. വീണ്ടും ആ വയ്യാത്ത കാലും വെച്ച് ചാടി ഓടി, വയ്യാത്ത കാലും വെച്ച് ഓടിപ്പിക്കുന്നതല്ല പ്രശ്‌നം ഞാൻ ഓടുന്നതാണ് പ്രശ്‌നം! അവസാനം പുറത്ത് എത്തിയപ്പോൾ ആകെ രണ്ടു പേരായി പുറകെ” ഷൈൻ പറഞ്ഞു.
ടൊവിനോയും ഷൈനെ പിന്തുണച്ചു സംസാരിച്ചു. “എന്തിനാണ് ഇങ്ങനെ പുറകെ ഓടുന്നത്. ഇദ്ദേഹത്തിനിടെ സ്വകാര്യതയെ ബഹുമാനിച്ചൂടെ മറ്റുള്ളവർ ഉണ്ടല്ലോ അവരുടെ പ്രതികരണം എടുത്താൽ പോരെ?” ടൊവിനോ ചോദിച്ചു. ഷൈൻ ടോമിനെ അയാൾ എങ്ങനെയാണോ അതുപോലെ സ്വീകരിച്ചു കൂടെയെന്നും ടൊവിനോ ചോദിച്ചു. “ഓരോരുത്തർ അങ്ങനെയാണെന്ന രീതിയിൽ സ്വീകരിച്ചൂടെ എല്ലാവരും നമ്മളെ പോലെ ആവണം എന്ന് കരുതുന്ന എന്തിനാണ്. നമ്മളെ അങ്ങനെ പലരും സ്വീകരിക്കുന്നില്ലേ” ടൊവിനോ പറഞ്ഞു.
ഷൈൻ ടോം ചാക്കോയുടെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാകും ‘തല്ലുമാല’യിലേത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ് ജോസ്, ലുക്മാൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഹിറ്റാണ്.
