സിനിമാ മേഖലയിൽ പ്രവർത്തിക്കുമ്പോൾ ഭാഗ്യവും കൂടെയുണ്ടെങ്കിൽ മാത്രമെ ശോഭിക്കാൻ കഴിയൂവെന്ന് പലപ്പോഴായി സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ചിലപ്പോഴൊക്കെ ഭാഗ്യം തുണയ്ക്കാതെ ആയപ്പോഴാണ് സൂപ്പർസ്റ്റാറുകൾക്ക് പോലും അടി പതറുന്ന സ്ഥിതിയുണ്ടായത്.
ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായ മോഹൻലാൽ എന്ന നടന്റെ കരയിറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരുന്നു 2013ൽ തിയേറ്ററുകളിലെത്തിയ ദൃശ്യം.
ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ എക്കാലത്തേയും സൂപ്പർ ഹിറ്റ് ത്രില്ലർ സിനിമകളിൽ ഒന്നാണ്. ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മോഹൻലാൽ ചിത്രവും ദൃശ്യമായിരുന്നു.
ഒന്നാം ഭാഗത്തിന്റെ വിജയത്തിന് ശേഷം 2021 തുടക്കത്തിൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗവുമെത്തി വലിയ വിജയമായി. ആന്റണി പെരുമ്പാവൂരാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ദൃശ്യം നിർമിച്ചത്. മീന, എസ്തർ, അൻസിബ ഹസൻ, മുരളി ഗോപി, ആശാ ശരത്ത്, കലാഭവൻ ഷാജോൺ തുടങ്ങി വലിയൊരു താരനിര തന്നെ രണ്ട് ഭാഗങ്ങളിലുമായി അണിനിരന്നു.
ദൃശ്യത്തിന്റെ റീമേക്ക് ബോളിവുഡ്, തെലുങ്ക് അടക്കം വിവിധ ഭാഷകളിൽ സംഭവിച്ചുവെങ്കിലും മലയാളത്തിനോട് കിടപിടിക്കാൻ അവയ്ക്കൊന്നും ആയില്ലെന്നതാണ് സത്യം. തമിഴിൽ സിനിമ റീമേക്ക് ചെയ്തപ്പോൾ കമൽഹാസനായിരുന്നു മോഹൻലാലിന്റെ റോളിൽ എത്തിയത്.
ഇടുക്കി ജില്ലയിലെ രാജാക്കാട് കേബിൾ ടി.വി സ്ഥാപനം നടത്തുകയാണ് ജോർജുകുട്ടിയെന്ന മോഹൻലാൽ കഥാപാത്രം. ജോർജുകുട്ടി ഒരു സിനിമാ പ്രേമിയാണ്. അനാഥനായ ജോർജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും മക്കളായ അഞ്ജുവും അനുവുമാണ്.
മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോർജുകുട്ടിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് ചലച്ചിത്രങ്ങളും അതിലെ ദൃശ്യങ്ങളുമാണ്.
തങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ നാലംഗ കുടുംബം അസാധാരണമായൊരു പ്രതിസന്ധിയിൽ പെടുന്നു. ജോർജുകുട്ടിയുടെ കൗമാരക്കാരിയായ മകൾ അഞ്‌ജു ഒരു കൊലപാതകത്തിനുത്തരവാദിയാകുന്നു.
കൊല്ലപ്പെടുന്നത് പോലീസ് ഐ.ജിയുടെ മകനായ വരുണാണ്. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളാണ് സിനിമയുടെ ഇതിവ്യത്തം.
സിനിമയുള്ള കാലത്തോളം മലയാളത്തിന് അഭിമാനമായി നിലകൊള്ളുന്ന സിനിമയെ കുറിച്ച് പാസഞ്ചർ അടക്കമുള്ള ഹിറ്റ് ചിത്രങ്ങൾ നിർമിച്ച നിർമാതാവ് എസ്.സി പിള്ള പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
താൻ ശ്രീനിവാസനെ നായകനാക്കി എടുക്കാനിരുന്ന സിനിമയായിരുന്നു ദൃശ്യമെന്നും തന്നെ കൂടെനിന്നൊരാൾ ചതിച്ചതാണ് കാരണമെന്നും മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ എസ്.സി പിള്ള പറഞ്ഞു. ‘ജനമൈത്രി പൊലീസെന്ന പേരിലാണ് സിനിമ എടുക്കാൻ തീരുമാനിച്ചിരുന്നത്.’
‘ഞാനാണ് പിന്നീട് ദൃശ്യമെന്ന പേരിൽ പ്രേക്ഷകരിലേക്ക് എത്തിയ സിനിമയുടെ കഥ ആദ്യം കേട്ടത്. ഞാൻ കഥകേട്ട് നാല് വർഷത്തിന് ശേഷമാണ് ദൃശ്യം റിലീസിനെത്തിയത്. ജീത്തു തന്നെയാണ് കഥ എഴുതിയത്. കഥ കേട്ടപ്പോൾ എനിക്ക് ഒരുപാടിഷ്ടപ്പെട്ടു.’
‘അങ്ങനെ കഥ കേട്ടശേഷം ഞാനും എന്റെ മാനേജർ ശങ്കരകുട്ടിയും കൂടി നടൻ ശ്രീനിവാസനെ കാണാൻ പോയി. ശ്രീനിവാസനും കഥ ഇഷ്ടപ്പെട്ടു. ശ്രീനിവസനല്ലാതെ മറ്റൊരാള വെച്ച് ഈ സിനിമ ചെയ്യുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു.’
‘എനിക്ക് ആവറേജ് കലക്ഷൻ കിട്ടിയ മതി എന്ന ചിന്തയായിരുന്നു. പിന്നെ ജിത്തുവിനോട് സംസാരിച്ച് എല്ലാം ശരിയാക്കി അഡ്വാൻസ് കൊടുക്കാൻ തുടങ്ങിയപ്പോൾ എന്റെ മാനേജർ ശങ്കരൻകുട്ടി ആ സിനിമ കമ്മിറ്റ് ചെയ്യാൻ സമ്മതിച്ചില്ല. അങ്ങനെ ഞാനും എന്റെ മാനേജറും തമ്മിൽ തർക്കമായി.’
‘ശ്രീനിയെ വെച്ച് സിനിമ ചെയ്യാനെ എനിക്ക് പറ്റൂ. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പുറകെ പോയാൽ പത്ത് കൊല്ലം കാത്തിരിക്കേണ്ടി വരും. കുടുംബവിളക്കിലെ മീര വാസുദേവിനെയായിരുന്നു നായികയാക്കാൻ ഉദ്ദേശിച്ചിരുന്നത്.’
‘എന്റെ മാനേജർ എന്നെ ചതിച്ചു. പടം കമ്മിറ്റ് ചെയ്യാൻ സമ്മതിച്ചില്ല. അത്ര നല്ല കഥയൊന്നുമല്ലെന്ന് പറഞ്ഞാണ് അയാൾ എന്നെ പിന്തിരിപ്പിച്ചത്.’
‘ടോക്കൺ തുകപോലും കൊടുക്കാൻ പറ്റാത്തതുകൊണ്ടാണ് ദൃശ്യം കൈവിട്ട് പോയത്. പിന്നീട് മണിയൻ പിള്ള രാജുവാണ് കഥ മറ്റൊരാൾ നിർമിക്കാൻ തീരുമാനിച്ചുവെന്ന് അറിയിച്ചത്’ എസ്.സി പിള്ള പറഞ്ഞു.
.
