ന്യു നോർമൽ കൺസെപ്റ്റിൽ ആരംഭിച്ച ബിഗ് ബോസ് സീസൺ 4 ന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. മിനിസ്ക്രീനിൽ മാത്രമല്ല സോഷ്യൽമീഡിയയിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു സീസൺ കൂടിയാണ് ഇത്തവണത്തേത്. വ്യത്യസ്തരായ 20 മത്സാരാർത്ഥികൾ ഷോയിൽ മാറ്റുരച്ചു. 17 പേർ തുടക്കത്തിലും 3 പേർ വൈൽഡ് കാർഡ് എൻട്രിയിലൂടെയുമാണ് ഷോയിൽ എത്തിയത്.
വ്യത്യസ്ത മേഖലയിൽ നിന്നുള്ള മത്സരാർത്ഥികൾ ആയതുകൊണ്ട് തന്നെ ഒരുപാട് സംഭവബഹുലമായ നാടകീയ രംഗങ്ങളാണ് ബിഗ് ബോസ് ഹൗസിൽ അരങ്ങേറിയത്. വാക്കേറ്റവും അഭിപ്രായവ്യത്യാസങ്ങളും സൗഹൃദവും പ്രണയവും ഒക്കെ ബിഗ് ബോസ് ഹൗസിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തി. സോഷ്യൽ മീഡിയ ഏറ്റവുമാദ്യം ആഘോഷിച്ച സൗഹൃദമായിരുന്നു ദിൽഷ, ബ്ലെസ്ലി, റോബിൻ എന്നിവരുടേത്. പക്ഷെ ചില തെറ്റിദ്ധാരണകളാൽ ആ സൗഹൃദങ്ങൾക്ക് ചെറുതായി മങ്ങലേറ്റു.
ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ബ്ലെസ്ലിയും ദിൽഷയും തമ്മിൽ ഒരു ബന്ധവുമുണ്ടായിരുന്നില്ല. നേരത്തെ, ഹൗസിനുള്ളിൽ വച്ച് തന്നെ റോബിനും ബ്ലെസ്‍ലിയും തമ്മിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായി. അതിൻ്റെ പേരിൽ ഇരുവരുടെയും ഫാൻസുകാർ പരസ്പരം ഡീഗ്രേഡിംഗ് നടത്തുകയുമുണ്ടായി.
എന്തായാലും ബിഗ് ബോസ് സീസൺ 4 അവസാനിച്ച് ആഴ്ചകൾ പിന്നിടുമ്പോൾ ബ്ലെസ്ലിയും റോബിനും തമ്മിലുള്ള വഴക്കുകൾ മാറി വീണ്ടും ഇരുവരുടെയും സൗഹൃദം പൂവിടുകയാണ്. തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ പ്രശ്നങ്ങളാണ് എല്ലാമെന്ന് റോബിനും ബ്ലെസ്‌ലിയും അറിയിച്ചുകഴിഞ്ഞു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് വീണ്ടും ഒന്നായിരിക്കുകയാണ് ഇപ്പോൾ.
‘ഞാൻ റോബിന്റെ അമ്മയേയും അച്ഛനെയുമൊക്കെ വിളിച്ചു സംസാരിച്ചു. വെറുതേ എന്തിനാണ് വിഷമങ്ങൾ വെച്ച് കൊണ്ടിരിക്കുന്നത്. എല്ലാ പ്രശ്നങ്ങളും ഉണ്ടായതും ഓരോ തെറ്റിദ്ധാരണയുടെ പുറത്താണ്. ഒരാളോടുള്ള വിദ്വേഷം മുന്നോട്ട് പോകുമ്പോൾ എല്ലാവർക്കും വിഷമമാണ്. അത് എങ്ങനെയെങ്കിലും അഴിച്ചുമാറ്റി പോസിറ്റീവായി നിർത്തുക എന്നുള്ളതാണ് എന്റെ രീതി. ആരുടെ മനസ്സിലും പഴയ കാര്യങ്ങൾ ഒന്നും വെക്കേണ്ട, എന്റെ മനസ്സിലും വെക്കില്ല’.
‘നമ്മളെ സപ്പോർട്ട് ചെയ്യുന്നവർ നമ്മുക്ക് വേണ്ടി ഫൈറ്റ് ചെയ്യുന്നവരാണ്. അതിനെ ഞാൻ ബഹുമാനിക്കുന്നു. കാരണം അത് നമ്മുക്ക് വേണ്ടിയാണ് ചെയ്യുന്നത്. അത് കുടുംബത്തിലേക്ക് പോകാതിരിക്കുക. രണ്ട് വ്യത്യസ്ത അഭിപ്രായങ്ങൾ തമ്മിൽ ഫൈറ്റ് നടന്നോട്ടെ. അത് വ്യക്തിഹത്യയിലേക്ക് മാറരുത്’, ബ്ലെസ്ലി പറയുന്നു.
ബ്ലെസ്ലിയുമായി ഒരു പ്രശ്നവുമില്ലെന്ന് റോബിനും വ്യക്തമാക്കുന്നുണ്ട്. ‘ആരുടെ അടുത്തും നമ്മൾ പ്രശ്നം വച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ല. എപ്പോഴും പോസിറ്റീവ് ആയിട്ടുള്ള കാര്യം തിരഞ്ഞെടുക്കുക. ക്ഷമയാണ് എല്ലാം. ഞാനും റോബിനും തമ്മിലുള്ള വൈബ് വച്ചാണ് എല്ലാം ശരിയായത്. റോബിന്റെയും ദിൽഷയുടേയും കാര്യത്തിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ല’, കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ ബ്ലെസ്ലി സൂചിപ്പിച്ചു.
ബിഗ് ബോസ് വീട്ടിൽ വന്നതിന് ശേഷം എല്ലാ മത്സരാർത്ഥികളുടെയും ജീവിതം മാറി മറിഞ്ഞു. ഹൗസിൽ നിന്ന് 70-ാമത്തെ ദിവസം അപ്രതീക്ഷിതമായി ഔട്ട് ആകേണ്ടി വന്നെങ്കിലും ഏറ്റവും കൂടുതൽ ജനപിന്തുണ നേടിയ താരമായിരുന്നു ഡോ. റോബിൻ. അതുപോലെ തന്നെ പ്രേക്ഷക പിന്തുണ നേടിയ മറ്റൊരു മത്സരാർത്ഥിയായിരുന്നു ബ്ലെസ്ലിയും.
ഇരുവരും ഷോ കഴിഞ്ഞതിന് ശേഷം മുതൽ അഭിമുഖങ്ങളും ഉദ്ഘാടനങ്ങളും ഒക്കെയായി സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ്. ഇരുവരും വീണ്ടും പഴയ സൗഹൃദം പുതുക്കിയപ്പോൾ ആരാധകരും ആവേശത്തിലാണ്. പ്രധാനമായും ബ്ലെസ്ലി, റോബിൻ എന്നിവരുടെ ആരാധകരാണ് സീസൺ ഫോർ വിജയമാകാൻ കാരണക്കാർ.
ബിഗ് ബോസ് മലയാളം ഷോ മറ്റ് ഭാഷകളേക്കാളും വലിയ ഷോയായി മാറിയെന്ന് ദി വാൾട്ട് ഡിസ്‍നി കമ്പനി ഇന്ത്യയുടേയും സ്റ്റാർ ഇന്ത്യയുടേയും പ്രസിഡന്റായ കെ മാധവൻ അറിയിച്ചിരുന്നു. ഫിനാലെയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
