ബോളിവുഡ് താരങ്ങള്‍ പൊതുവെ ശരീര സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. എന്നാല്‍ മികച്ച ശരീരസൌന്ദര്യമുള്ള നായക നടന്‍ ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം പേരുടെയും മനസിലേക്കെത്തുന്ന പേര് ഹൃത്വിക് റോഷന്‍റേത് ആയിരിക്കും. പല ബഹുരാഷ്ട്ര ബ്രാന്‍ഡുകളുടെയും അംബാഡിസറായ ഹൃത്വിക്കിന്‍റെ ഏറ്റവും പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ് ഇപ്പോള്‍.
ഓഗസ്റ്റ് അവസാന വാരത്തിലെയും ഒക്ടോബര്‍ ആദ്യ വാരത്തിലെയും തന്‍റെ ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടാണ് ഹൃത്വിക് റോഷന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ക്രിസ് ഗെതിന്‍ എന്ന ഫിറ്റ്നസ് ട്രെയിനറുടെ മേല്‍നോട്ടത്തില്‍ കര്‍ശനമായ ഭക്ഷണക്രമീകരണത്തോടെ ഈ കാലയളവില്‍ കഠിനമായ വര്‍ക്കൌണ്ട് ആണ് അദ്ദേഹം ജിമ്മില്‍ നടത്തിയത്. അതിന്‍റെ പ്രയോജനം വെറും അഞ്ച് ആഴ്ചകളില്‍ ലഭിക്കുകയും ചെയ്തു. “ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍, ഞാന്‍ ഒരു പ്രത്യേക രീതിയില്‍ വെളിപ്പെടണമെന്ന് ചിലപ്പോള്‍ ആവശ്യപ്പെടും. എന്നെ അതിനായി വെല്ലുവിളിക്കും. വെല്ലുവിളികള്‍ എനിക്ക് ഇഷ്ടമാണ്”, ചിത്രങ്ങള്‍ക്കൊപ്പം ഹൃത്വിക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
