തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് ധനുഷ്. ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നേടിയിട്ടുള്ള ധനുഷ് ഇന്ന് ബോളിവുഡും കടന്ന് ഹോളിവുഡിൽ വരെ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. തുടക്കകാലത്ത് നിരവധി കളിയാക്കലും വിമർശനങ്ങളും നേരിട്ടിട്ടുള്ള ധനുഷിന്റെ വളർച്ച ഓരോ സിനിമ പ്രേമിയെയും വിസ്മയിപ്പിക്കുന്നതാണ്.
2002ൽ പിതാവ് കസ്തൂരി രാജ സംവിധാനം ചെയ്ത ‘തുള്ളുവതോ ഇളമൈ’ എന്ന ചിത്രത്തിലൂടെയായിരുന്നു ധനുഷിന്റെ അരങ്ങേറ്റം. ഒരു സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയകഥ പറയുന്ന ചിത്രത്തിൽ സ്‌കൂൾ വിദ്യാർത്ഥി ആയിട്ടായിരുന്നു ധനുഷ് അഭിനയിച്ചത്. തുടർന്ന് 2003ൽ സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ‘കാതല്‍ കൊണ്ടേന്‍’ എന്ന ചിത്രത്തിലും ധനുഷ് നായകനായി. ചിത്രം വൻ വിജയമായിരുന്നു. എന്നാൽ ഈ സിനിമയ്ക്ക് പിന്നാലെ ധനുഷ് വലിയ രീതിയിൽ ബോഡി ഷെയിമിങ്ങിന് ഇരയായിരുന്നു.
Read more at: https://malayalam.filmibeat.com/features/kareena-kapoor-praises-dhanush-says-his-performances-are-another-level-084641.html
പക്ഷേ ഇതൊന്നും ധനുഷിലെ നടനെ തളർത്തിയില്ല. അതേവർഷം ഇറങ്ങിയ തിരുടാ തിരുടി, പിന്നീട് വർഷം ഇറങ്ങിയ ‘പുതുപേട്ടൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ധനുഷ് തമിഴ് സിനിമയിൽ തന്റെ ഇടം കണ്ടെത്തിയിരുന്നു. മാസ് ആക്ഷൻ ചിത്രങ്ങളിലും അഭിനയത്തിന് പ്രാധാന്യമുള്ള ചിത്രങ്ങളിലും ധനുഷ് ഒരുപോലെ തിളങ്ങി.
അതോടെ വലിയ ആരാധകവൃന്ദവും ധനുഷിനുണ്ടായി. പിന്നീട് അങ്ങോട്ടുള്ള വർഷങ്ങളിൽ ധനുഷ് എന്ന വമ്പൻ താരത്തിന്റെ വളർച്ചയാണ് തെന്നിന്ത്യൻ സിനിമാ ലോകം കണ്ടത്. 2018ൽ ഹോളിവുഡിലും ധനുഷ് അരങ്ങേറ്റം കുറിച്ചു. അതിനിടയിൽ നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഏഴ് ഫിലിം ഫെയല്‍ പുരസ്‌കാരങ്ങള്‍ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളും ധനുഷിനെ തേടിയെത്തി.
ഇപ്പോൾ ധനുഷ് വീണ്ടും ഹോളിവുഡിക്ക് എത്തുമ്പോൾ അത് ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്. റയാന്‍ ഗോസ്ലിംഗ് നായകനായ ദി ഗ്രേ മാന്‍ എന്ന സിനിമയിലൂടെയാണ് ധനുഷ് വീണ്ടും ഹോളിവുഡിലേക്ക് എത്തിയത്. അവഞ്ചേഴ്‌സ് ഒരുക്കിയ റൂസോ സഹോദരന്മാരാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത ദ ഗ്രേ മാന്‍ ഒരുക്കിയിരിക്കുന്നത്. അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ജൂലൈ 22 ന് പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
നിരവധി താരങ്ങളാണ് ധനുഷിന്റെ അഭിനയത്തെ പ്രശംസിച്ചു രംഗത്തെത്തിയത്. കരീന കപൂറാണ് ഒടുവിൽ ധനുഷിന്റെ ഗ്രേ മാനിലെ പ്രകടനത്തെ പ്രശംസിച്ചത്. കരീനയുടെ ഏറ്റവും പുതിയ ചിത്രമായ ‘ലാൽ സിങ് ഛദ്ദ’യുടെ പ്രൊമോഷന്റെ ഭാഗമായി സൂമിനു നൽകിയ ഒരു അഭിമുഖത്തിനിടെയാണ് ധനുഷിന്റെ പ്രകടനത്തെ കുറിച്ച് കരീന പറഞ്ഞത്. “ധനുഷ്! അദ്ദേഹം എന്തൊരു നടനാണ്, ഗംഭീരമാണ്. ഓരോ തവണയും അദ്ദേഹത്തെ ഏത് വേഷത്തിൽ കാണുമ്പോഴും അദ്ദേഹവും അദ്ദേഹത്തിന്റെ പ്രകടനവും മറ്റൊരു തലത്തിലാണ്.” കരീന പറഞ്ഞു.
ദി ഗ്രേ മാന്റെ സ്‌ക്രീനിങ് സമയത്ത്, സംവിധായകരായ ജോയും ആന്റണി റൂസോയും ധനുഷ് “ഗ്രഹത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ” ആണെന്ന് പറഞ്ഞിരുന്നു. ചിത്രത്തിൽ ധനുഷിന്റെ സഹനടനായ റെജ് ജീൻ പേജും ധനുഷിനെ പ്രശംസിച്ചിരുന്നു.
കരീന നായികയാകുന്ന ‘ലാൽ സിങ് ഛദ്ദ’ ഓഗസ്റ്റ് 11നാണ് തിയേറ്ററുകളിൽ എത്തുന്നത്. ആമിര്‍ ഖാൻ ആണ് ചിത്രത്തിലെ നായകൻ. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആമിര്‍ ഖാൻ തന്നെയാണ്ചിത്രത്തിന്റെ നിർമ്മാണം. ഓസ്കാർ ഉൾപ്പടെ നേടിയ ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗംപ്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിങ് ഛദ്ദ’. 1994ല്‍ റിലീസ് ചെയ്‌ത ‘ഫോറസ്റ്റ് ഗംപ്’ വമ്പൻ വിജയമായിരുന്നു.
‘തിരുചിത്രമ്പലം’ ആണ് ധനുഷിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെ തിരക്കഥ എഴുത്തിയിരിക്കുന ചിത്രം ഓഗസ്റ്റ് 18ന് ആണ് തിയേറ്ററുകളിൽ എത്തുക. നിത്യാ മേനോൻ. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്.
