മലയാളികൾക്ക് ഏറെ സുപരിചിതരായവരാണ് ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ആൽബങ്ങളിൽ അഭിനയിച്ച് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും അവതാരകനായും തിളങ്ങിയ ആളാണ് ജിപി. സാന്ത്വനം എന്ന ഒറ്റ സീരിയലിലൂടെ ജനശ്രദ്ധനേടിയ ആളാണ് ഗോപിക. ഒരു പക്ഷേ സാന്ത്വനം അഞ്ജലി എന്ന് പറഞ്ഞാലാകും മലയാളികൾക്ക് ഗോപിയെ കൂടുതൽ അറിയാനാകുക. ഈ താരങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നു എന്ന വാർത്ത മലയാളികൾ ഏറെ അമ്പരപ്പോടെ ആണ് കേട്ടത്. അതിന് കാരണം ഒരു സൂചനയും ലഭിച്ചിരുന്നില്ല എന്നത് തന്നെ ആയിരുന്നു.
കഴിഞ്ഞ ദിവസം ആയിരുന്നു ജിപിയുടെയും ഗോപികയുടെ വിവാഹനിശ്ചയം. ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരങ്ങൾ തന്നെയാണ് ജീവിതത്തിലെ പുതിയ വിശേഷം പങ്കുവച്ചത്. ഇരുവരുടേതും അറേഞ്ച്ഡ് മാര്യേജ് ആണെന്നാണ് ജിപി പങ്കുവച്ച കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ പ്രണയ വിവാഹം ആണെന്ന് പറയുന്നവരും ഉണ്ട്. എന്താാലും ജിപി, ഗോപിക വിവാഹം ഒരിക്കലും ആരും പ്രതീക്ഷിച്ചിരുന്നില്ല. ആ അമ്പരപ്പ് ഇരുവരുടെയും പോസ്റ്റുകൾക്ക് താഴെ മലയാളികൾ കുറിക്കുന്നുമുണ്ട്.
“ദൃശ്യം സിനിമയ്ക്ക് ശേഷം മലയാളികൾ ഇങ്ങനൊരു ട്വിസ്റ്റ് കണ്ടിട്ടില്ല, ഒരിക്കലും പ്രതീക്ഷിക്കാത്ത കോമ്പോ”, എന്നിങ്ങനെ പോകുന്നു ചില കമന്റുകൾ. അതേസമയം, ഗോപികയ്ക്ക് നേരെ വിമർശനം ഉന്നയിക്കുന്നവരും ഉണ്ട്. ഏതാനു ദിവസങ്ങൾക്ക് മുൻപാണ് സാന്ത്വനം സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചത്. അന്ന് കരഞ്ഞ് വിളിച്ച ആൾ ഇന്ന് ഇത്രയും ആഢംബരത്തോടെ ചിരിച്ച് നിൽക്കുന്നത് കടുപ്പമായി എന്നൊക്കെയാണ് വിമർശന കമന്റുകൾ. ഇരുവരുടെയും പ്രായങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.
