കേരളത്തിലും ഏറ്റവും ചര്‍ച്ചയായ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ യുടെ നാല് പതിപ്പുകള്‍ ഇതിനകം കഴിഞ്ഞു. ഓരോ സീസണ്‍ കഴിയുന്നതിന് അനുസരിച്ചും ബിഗ് ബോസിനോടുള്ള ആരാധകരുടെ പ്രതീക്ഷകള്‍ കൂടി വരികയാണ്. അതുകൊണ്ട് തന്നെ അഞ്ചാമതും ഷോ എപ്പോള്‍ നടക്കുമെന്ന് അറിയാനാണ് ഏവരും കാത്തിരിക്കുന്നത്.
എന്നാല്‍ തമിഴിലേത് പോലെ ബിഗ് ബോസ് അള്‍ട്ടിമേറ്റാവും അടുത്തതായി വരാന്‍ പോവുന്നതെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ നാല് സീസണുകളിലെയും ശക്തരായ മത്സരാര്‍ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു സീസണ്‍ നടത്തുന്നതാണ് ബിഗ് ബോസ് അള്‍ട്ടിമേറ്റ്. മലയാളത്തിലും അതിന് സാധ്യതകളുണ്ട്. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി.
ബിഗ് ബോസിനെ പറ്റിയുള്ള റിവ്യൂ പറഞ്ഞാണ് രേവതി ശ്രദ്ധേയാവുന്നത്. ഇപ്പോള്‍ വീണ്ടും ബിഗ് ബോസ് 5 നെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സംശയങ്ങള്‍ക്കെല്ലാം മറുപടിയുമായിട്ടാണ് രേവതി വന്നത്. ‘തമിഴിലാണ് ബിഗ് ബോസ് അള്‍ട്ടിമേറ്റ് നടക്കുന്നത്. കഴിഞ്ഞ സീസണുകളിലെ മത്സരാര്‍ഥികളെ വിളിച്ച് രണ്ട് മാസത്തേക്ക് മാത്രമായി ഒരു മിനി ഷോയാണ് നടത്തുക. അതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടത്തുകയാണ്. ഇത് ടെലിവിഷനിലൂടെ കാണിക്കില്ല. പകരം ഒടിടിയിലൂടെയാണ് സംപ്രേക്ഷണം.
പക്ഷേ ഇപ്പോഴത്തെ പ്രശ്‌നം മലയാളത്തിന് സ്വന്തമായി സെറ്റ് ഇല്ലെന്നുള്ളതാണ്. ലാസ്റ്റ് സീസണ്‍ നടന്നത് മുംബൈയിലെ മറാത്തിയുടെ സെറ്റിലാണ്. രണ്ടും മൂന്നും സീസണുകള്‍ ചെന്നൈയില്‍ വച്ചാണ് നടത്തിയത്. അത് പരാജയമായതോടെ പ്രേക്ഷകര്‍ക്കും ആ സെറ്റിനോട് താല്‍പര്യമില്ല. മുംബൈയില്‍ തന്നെ വേണമെങ്കില്‍ ഹിന്ദിയുടെ പതിനാറാമത്തെ സീസണ്‍ ഒക്ടോബറില്‍ നടക്കാന്‍ പോവുകയാണ്. മറാത്തിയും ഉടനെയുണ്ടാവും. അതുകൊണ്ട് മലയാളത്തിന് ഉടനെ സെറ്റ് കിട്ടണമെന്നില്ല.
എന്തായാലും ബിഗ് ബോസ് ഫൈവ് സീസണ്‍ കഴിഞ്ഞതിന് ശേഷമാവും ഇനി അള്‍ട്ടിമേറ്റ് ഉണ്ടാവുക. അതിനുള്ള സാധ്യതകളാണ് കാണുന്നത്. മാര്‍ച്ചിലോ, ഏപ്രില്‍ മാസത്തിലേ ആയിരിക്കും ഷോ ഉണ്ടാവുക. ഹിന്ദി ബിഗ് ബോസ് തീര്‍ന്നതിന് ശേഷമാവും മലയാളത്തിലെ അടുത്ത സീസണ്‍ തുടങ്ങാന്‍ സാധിക്കുക. ഇവിടെ നൂറ് ദിവസമാണെങ്കില്‍ ഹിന്ദിയില്‍ നൂറ്റിയമ്പത് ദിവസം മുതല്‍ ആറ് മാസം വരെ ഉണ്ടാവാറുണ്ട്. അതൊക്കെ കഴിഞ്ഞതിന് ശേഷമാവും മലയാളത്തിലൊരു സീസണ്‍ വരാന്‍ സാധ്യത.
കന്നടയില്‍ ഒടിടി ആയി ബിഗ് ബോസ് വരുന്നുണ്ട്. അതും ഇരുപത്തിനാല് മണിക്കൂര്‍ ഉണ്ടാവും. എട്ട് സീസണ്‍ കഴിഞ്ഞതിന് ശേഷമാണ് കന്നടയില്‍ ഒടിടി വരുന്നത്. തെലുങ്കില്‍ ആറാമത്തെ സീസണ്‍ സെപ്റ്റംബറില്‍ നടക്കും. അതുപോലെ തമിഴിലും സെപ്റ്റംബറിലോ ഒക്ടോബറിലോ ആയിട്ട് അടുത്ത പതിപ്പ് നടന്നേക്കുമെന്നാണ് രേവതി പറയുന്നത്.
