2023, ഈ വർഷം ഇതുവരെ മലയാള സിനിമയിൽ ലഭിച്ചത് ഒരുപിടി മികച്ച സിനിമകളാണ്. അവയിൽ ഏറെയും വൻ ഹൈപ്പോ പ്രൊമോഷൻ പരിപാടികളോ ഒന്നും ഇല്ലാതെ ഹിറ്റടിച്ച സിനിമകളാണ്. അതായത് സൈലന്റ് ആയി വന്ന് സൂപ്പർ ഹിറ്റായി ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച വച്ച സിനിമകൾ. ഈ അവസരത്തിൽ 2023ൽ ഇതുവരെ ഇറങ്ങിയതിൽ പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഒരേയൊരു സൂപ്പർ താരത്തിന്റെ ചിത്രങ്ങളാണ് ലിസ്റ്റിലുള്ളത്. ബാക്കി മൂന്ന് സിനിമകളും യുവതാരങ്ങൾ തകർത്താടിയ ചിത്രങ്ങളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ഒന്നാം സ്ഥാനത്ത് ഉള്ളത് ‘2018’ ആണ്. ജൂഡ് ആന്റിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രം കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥയാണ് പറഞ്ഞത്. ടൊവിനോ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. ഈ വർഷത്തെ ഒസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മമ്മൂട്ടി നായകനായി എത്തിയ ‘കണ്ണൂർ സ്ക്വാഡ്’ ആണ് രണ്ടാം സ്ഥാനത്ത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് റോബി വർഗീസ് രാജ് ആണ്. 100 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രം ആറാം വാരത്തിലും മികച്ച സ്ക്രീൻ കൗണ്ടേടെ പ്രദർശനം തുടരുകയാണ്.




