Friday, March 14, 2025
spot_img
More

    Latest Posts

    ബിഗ് ബോസിന് ശേഷം നല്ല സിനിമകൾ കിട്ടിയിട്ടില്ല, സായി വിഷ്ണു

    ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്റെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സായി വിഷ്ണു. വേറിട്ട ഗെയിം പ്ലാനോട് കൂടിയാണ് സായി ബിഗ് ബോസിൽ മുന്നേറിയത്. ഷോയുടെ തുടക്കത്തിൽ വളരെ മോശം മത്സരാർത്ഥി എന്ന പേരിൽ തുടങ്ങിയെങ്കിലും അവസാനമായപ്പോഴേക്കും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. മോഡലിങ്ങിൽ സജീവമായി നിന്നപ്പോഴാണ് ബിഗ് ബോസിൽ വരുന്നത്.

    ഷോയുടെ തുടക്കത്തിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും രണ്ടാം സ്ഥാനത്ത് എത്തി മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. വിമർശകരെ പോലും കയ്യടിപ്പിക്കുന്ന പ്രകടനമാണ് അവസാന നിമിഷത്തിൽ താരം കാഴ്ച വെച്ചിരുന്നത്. ബിഗ് ബോസിന് പുറത്ത് വലിയൊരു ആരാധകരെ നേടിയെടുക്കാനും സായി വിഷ്ണുവിന് സാധിച്ചു. ഓസ്‌കാർ എന്ന സ്വപ്നത്തിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് താനെന്ന് ബിഗ് ബോസിൽ എത്തിയപ്പോൾ നടൻ പറയുകയുണ്ടായി.

    ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. സായ് വിഷ്ണുവിൻ്റെ യൂട്യൂബ് ചാനൽ വഴിയാണ് തൻ്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിലൂടെ തൻ്റെ ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയാണ്.

    സായി വിഷ്ണുവിൻ്റെ കുടുംബത്തെപ്പറ്റിയും ബിഗ് ബോസ് ഹൗസിൽ എത്തിയതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ചുമാണ് കൂടുതൽ പേരും ചോദിച്ചത്. സായിയുടെ അമ്മയേയും അച്ഛനെയും വീഡിയോയിലൂടെ കാണിക്കുകയും ചെയ്തു. ‘പുതിയ വീടിൻ്റെ പണി നടക്കുന്നതിനാൽ വാടക വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. ബിഗ് ബോസിന് ശേഷം വീട്ടുകാർക്ക് കുറച്ച് കൂടി മെച്ചപ്പെട്ട സാഹചര്യം നൽകാൻ കഴിയുന്നുണ്ട്’, സായി പറഞ്ഞു.

    സോഷ്യൽ മീഡിയയിലെ അഭിമുഖങ്ങളിൽ കാണാത്തത് എന്താണെന്ന് കുറച്ച് പേർ ചോദിച്ചു. ‘ഷോ കഴിഞ്ഞപ്പോൾ മുതൽ അഭിമുഖങ്ങൾ ഒക്കെ വരാറുണ്ട്. പക്ഷെ എനിക്കൊരു താത്പര്യമില്ലാത്തത് കൊണ്ടാണ് പോകാത്തത്. അഥവാ പോയാലും ബിഗ് ബോസിനെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ച് അഭിപ്രായം പറയാനാകും കൂടുതൽ ചോദിക്കുക. എനിക്ക് കഴിഞ്ഞ കാര്യത്തെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും പറയാൻ താത്പര്യമില്ല’.

    ‘ബിഗ് ബോസിൽ വന്നത് കൊണ്ട് മാത്രം സിനിമയിൽ നല്ല അവസരങ്ങൾ ലഭിച്ചിട്ടില്ല. എനിക്കൊരു ക്രു ഉണ്ട്. ഞങ്ങളിപ്പോൾ ഞങ്ങളുടെ സിനിമക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. കൂടാതെ കുറച്ച് ഷോട്ട് ഫിലിംസും ചെയ്യുന്നുണ്ട്. ഞാൻ സ്ക്രിപ്റ്റ് ചെയ്ത് ഞാൻ നായകനായി എത്തുന്ന ഒരു സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ. ഇങ്ങോട്ട് നല്ല വേഷങ്ങൾ വരുമ്പോൾ അതും ചെയ്യും. ഞാൻ അഭിനയിക്കുന്ന എൻ്റെ സിനിമ എത്രയും പെട്ടെന്ന് നിങ്ങളിലേക്ക് എത്തിക്കാൻ പറ്റുമെന്നാണ് വിശ്വാസം’, സായി അറിയിച്ചു.

    ബിഗ് ബോസിൽ വന്നതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ചാണ് അവസാനം സായി പറഞ്ഞത്. സായിയുടെ വീട്ടിൽ ഉണ്ടായിരുന്ന ഒരു നായ് കുട്ടിയെക്കുറിച്ചാണ് പറഞ്ഞ് തുടങ്ങിയത്. ‘വീട്ടിലേക്ക് ഒരു ദിവസം വന്ന് കയറിയതാണ്. വീട്ടിൽ എല്ലാവരോടും അവൻ വേഗം ഇണങ്ങി. എന്നോടും വലിയ സ്നേഹമായിരുന്നു’.

    ‘പക്ഷെ എനിക്ക് എന്തോ പേടിയുളളത് കൊണ്ടാണോ എന്ന് അറിയില്ല വലിയ രീതിയിലുള്ള അടുപ്പം ഉണ്ടായിരുന്നില്ല. എന്നാലും ചെറിയ രീതിയിലൊക്കെ അവനുമായി സമയം ചിലവഴിക്കുമായിരുന്നു. ഞാൻ പുറത്തൊക്കെ പോയിട്ട് വരുമ്പോൾ നല്ല സ്നേഹമൊക്കെയാണ്’.

    ‘ഞാൻ ഒരിക്കൽ പുറത്ത് പോകാൻ വേണ്ടി ബസ് സ്റ്റോപ്പിലേക്ക് പോയപ്പോൾ അവനും എൻ്റെ പിറകെ വന്നു. ഞാൻ തിരിച്ച് വന്നപ്പോൾ അവനെ കണ്ടില്ല. പിന്നെയും രണ്ട് ദിവസം കഴിഞ്ഞും അവനെ കണ്ടില്ല. ഞാൻ അവനെ തിരക്കി ഇറങ്ങിയപ്പോൾ അവിടെയുള്ള ചേട്ടന്മാർ പറഞ്ഞു. അവനെ ഒരു വണ്ടി ഇടിച്ചിട്ട് പോയി. അതിന് ശേഷം കുറച്ച് കഴിഞ്ഞപ്പോൾ അവൻ മരിച്ചു എന്ന് അവർ പറഞ്ഞു . അത് എനിക്ക് ഭയങ്കര വിഷമം ആയിരുന്നു’.

    ‘ബിഗ് ബോസിൽ നിന്ന് വന്നതിന് ശേഷം ഞാൻ ഒരു റോട്ട് വീലറിനെ വാങ്ങി. എനിക്ക് പേടിയായിരുന്നു എന്നാലും വാങ്ങിയതാണ്. ഇപ്പോ അവൻ വന്നതിന് ശേഷം ജീവിതം ആകെ മാറി. എൻ്റെ മോനാണ് അവൻ. റാണ എന്നാണ് പേര്. എന്നെ സ്നേഹിക്കാനൊക്കെ ഒരാൾ ഉള്ളത് പോലെയാണ് തോന്നുന്നത്. എൻ്റെ റൂമിലേക്കൊന്നും മറ്റാരെയും കയറാൻ ഒന്നും സമ്മതിക്കില്ല’, സായി സന്തോഷം പങ്കുവെച്ചു.
    ബിഗ് ബോസിൽ എത്തുന്നതിന് മുമ്പ് മോഡൽ, നടൻ, വി ജെ എന്നിങ്ങനെ പല മേഖലകളിലും പ്രവർത്തിച്ചിരുന്ന ആളാണ് സായി വിഷ്ണു. എന്നാൽ ഷോയിൽ മത്സരാർഥിയായി എത്തിയതോടെയാണ് താരം ശ്രദ്ധേയനാവുന്നത്. മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച സായി പരിമിതികൾ നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നാണ് കരിയർ ആരംഭിച്ചത്. ബിഗ് ബോസിൽ ഇക്കാര്യങ്ങളൊക്കെ താരം വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ പ്രൊജക്ടുകളുടെ ഭാഗമായി സായി വിഷ്ണുവിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.