അയോധ്യയില്‍ പൂജിച്ച അക്ഷതം ലഭിക്കുന്ന വാര്‍ത്തകള്‍ വന്നതോടെ അക്ഷതം എന്താണ് എന്ന ചോദ്യങ്ങള്‍ ഉണ്ടാകുന്നു. അക്ഷതം എന്നാല്‍ ക്ഷതം ഇല്ലാത്തത് അഥവാ പൊട്ടാത്തത് എന്നര്‍ത്ഥം. ഹിന്ദുക്കളുടെ മിക്ക പൂജകളിലും അനുഷ്ടാനങ്ങളിലും അക്ഷതം ഉപയോഗിക്കുന്നു. അക്ഷതം കയ്യിലെടുത്ത് ധ്യാനിക്കുകയോ ജപിക്കുകയോ ചെയ്തശേഷം ആളുകളിലേക്ക് വിതറിയാണ് അനുഗ്രഹിക്കുന്നത്.
ദേശ വ്യത്യാസമനുസരിച്ച് അക്ഷതം തയ്യാറാക്കുന്നതിലും ഉപയോഗിക്കുന്നതിലും വ്യത്യാസമുണ്ട്. ഏതു തരത്തിലുള്ള ധാന്യം കൊണ്ടും അക്ഷതം തയ്യാറാക്കാം. എന്നാല്‍ ഏതു ധാന്യമായാലും പൊട്ടാന്‍ പാടില്ല എന്നതാണ് അടിസ്ഥാന കാര്യം. പൊട്ടുകയോ പൊടിയുകയോ ചെയ്യാത്ത ധാന്യമാണ് അക്ഷതം. കേരളത്തില്‍ സാധാരണ ഉണക്കലരിയും നെല്ലും 2 : 1 അനുപാതത്തില്‍ ചേര്‍ത്താണ് അക്ഷതം തയ്യാറാക്കുന്നത്. എന്നാല്‍ അരിക്ക് പകരമായി കടുകും എള്ളും ചേര്‍ത്ത അക്ഷതവും ഉപയോഗിക്കാറുണ്ട്.
തമിഴ് നാട്ടില്‍ നെല്ല് ഉപയോഗിക്കാറില്ല. ഉണക്കലരിക്ക് പകരം പച്ചരിയാണ് ഉപയോഗിക്കുന്നത്. പച്ചരിയില്‍ മഞ്ഞള്‍പൊടിയോ കുങ്കുമമോ ചേര്‍ത്ത് ഉപയോഗിക്കുന്നു. ഉത്തരേന്ത്യയില്‍ കൂടുതല്‍ ലഭിക്കുന്ന ധാന്യമായ ഗോതമ്ബാണ് ഉപയോഗിക്കുന്നത്. ഗോതമ്ബ് മണികളില്‍ മഞ്ഞള്‍പൊടിയോ കുങ്കുമമോ ചേര്‍ത്ത് ഉപയോഗിക്കും.




