തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയാണ് സാമന്ത ഇന്ന്. കരിയറിലെ ഏറ്റവും മികച്ച കാലഘത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ഇന്ത്യയിലുടനീളം ശ്രദ്ധിക്കപ്പെട്ട സാമന്ത ബോളിവുഡിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്. നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ആമസോൺ പ്രെെമിലിറങ്ങിയ ഫാമിലി മാൻ സീസൺ 2, അല്ലു അർജുൻ നായകനായ പുഷ്പയിലെ ഡാൻസുമാണ് നടിയുടെ കരിയർ മാറ്റിമറിച്ചത്.
അതേസമയം, കുറച്ചു നാളുകളായി സാമന്തയുടെ വ്യക്തി ജീവിതവും വാർത്തകളിൽ ഇടം നെടുകയാണ്. തെലുങ്ക് സൂപ്പർ താരമായ നാഗാർജുനയുമായുള്ള വിവാഹമോചന വർത്തകളാണ് ഏറെ ചർച്ചയായത്. 2021 ലെ പുതുവർഷ ആഘോഷങ്ങൾക്ക് പിന്നാലെയാണ് ഇരുവരും പതിയെ അകന്ന് തുടങ്ങിയതും ഒടുവിൽ വേർപിരിയൽ പ്രഖ്യാപിച്ചതും. കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് രണ്ടു താരങ്ങളും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വേർപിരിയൽ പ്രഖ്യാപിച്ചത്.
ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. വിണ്ണയ് താണ്ടി വരുവായ എന്ന ഹിറ്റ് റൊമാന്റിക്ക് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പതിപ്പിൽ അഭിനയിച്ചതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്. 2017 ൽ വിവാഹിതരായ ഇരുവരും 2021 ആയപ്പോഴേക്കും വിവാഹമോചിതരായത് ആരാധകരെയെല്ലാം ഞെട്ടിച്ചിരുന്നു.
വിവാഹ ശേഷം രണ്ടു പേരും സിനിമ തിരക്കുകളിലേക്ക് കടന്നിരുന്നു. സാമന്ത സോഷ്യൽ മീഡിയയിൽ വളരെ സജീവമായി തുടരുകയും ചെയ്തിരുന്നു. എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് താരം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും അപ്രത്യക്ഷയായി. ഇതോടെ സാമന്ത ഡിപ്രഷനിൽ ആണെന്നതടക്കം വാർത്തകൾ വന്നിരുന്നു. ഇതിന് വിശദീകരണവുമായി സാമന്തയുടെ മാനേജർ അടക്കം രംഗത്ത് എത്തുകയും ചെയ്തു.
പിന്നീട് സമാന്തയ്ക്ക് ഗുരുതരമായ ചർമ്മ രോഗമാണെന്നും നടി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുകയാണെന്നുമുളള വാർത്തകളാണ് പുറത്തു വന്നത്. നടി പൊതുവേദികളിൽ നിന്നടക്കം മാറി നിന്നതിനെ തുടർന്നായിരുന്നു ഇത്. കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമങ്ങൾ പോലും വാർത്ത നൽകിയതോടെ സാമന്തയുടെ മാനേജർ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. വാർത്തകൾ തെറ്റാണെന്നാണ് മാനേജർ പറഞ്ഞത്.
വരുന്ന ഒക്ടോബർ രണ്ടിന് സാമന്ത – നാഗചൈതന്യ വിവാഹമോചനത്തിന് ഒരു വർഷം ആകാനിരിക്കെ സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി രണ്ടാം വിവാഹത്തിന് സമ്മതം മൂളിയെന്ന് സൈൻ ജോഷ് എന്ന മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. സാമന്ത ഗുരുവായി കാണുന്ന വ്യക്തിയാണ് സദ്ഗുരു. അദ്ദേഹം താരത്തെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ഈയിടെ കോഫീ വിത്ത് കരണിൽ എത്തിയപ്പോൾ താൻ ഇപ്പോൾ പ്രണയത്തിലേക്കോ വിവാഹത്തിലേക്കോ ഇല്ലെന്ന് സാമന്ത വ്യക്തമാക്കിയിരുന്നു. തന്റെ ഹൃദയത്തിലേക്കുള്ള വാതിൽ അടഞ്ഞു തന്നെ കിടക്കുകയാണെന്നാണ് താരം വ്യക്തമാക്കിയത്. എന്നാൽ സദ്ഗുരു സാമന്തയുടെ മനസ് മാറ്റിയെന്നാണ് പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല. എപ്പോഴും വിശദീകരണവുമായി എത്തുന്ന സാമന്തയുടെ മാനേജർ ഈ പുതിയ വാർത്തയിലും ഉടൻ വിശദീകരണവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
