ബോളിവുഡ് സുന്ദരി രാകുല്‍ പ്രീത് സിംഗിന്റെ പ്രണയവും വിവാഹവുമൊക്കെ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. നടി പുതിയൊരു പ്രണയത്തിലാണെന്ന് സ്ഥിരീകരണം വന്നെങ്കിലും പഴയകാല കഥകളാണ് വീണ്ടും ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ബാഹുബലിയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ തെലുങ്ക് നടന്‍ റാണ ദഗ്ഗുപതിയുടെ പേരിനൊപ്പമാണ് മുന്‍പ് രാകുല്‍ പ്രീതിന്റെ പേരിലും ഗോസിപ്പുകള്‍ വന്നത്.
റാണ വിവാഹം കഴിച്ച് മറ്റൊരു ജീവിതത്തിലേക്ക് പോവുകയും രാകുല്‍ പുതിയൊരു പ്രണയം തുടങ്ങുകയും ചെയ്‌തെങ്കിലും കഥകള്‍ അവസാനിച്ചില്ല. വീണ്ടും ഇതേ കഥ പ്രചരിച്ചതോടെ ഒരു പരിപാടിയില്‍ വച്ച് ഗോസിപ്പുകള്‍ക്കെല്ലാമുള്ള മറുപടി രാകുല്‍ തന്നെ നല്‍കിയിരിക്കുകയാണ്. വൈറലാവുന്ന നടിയുടെ വാക്കുകളിങ്ങനയൊണ്.
നടി ലക്ഷ്മി മഞ്ജു അടക്കമുള്ളവര്‍ എന്റെ അയല്‍ക്കാരാണ്. അതിലുപരി നല്ല സുഹൃത്തുക്കളുമാണ്. ഇതേ ഗ്രൂപ്പിലാണ് റാണയും. അദ്ദേഹം എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ഞാനെന്റെ സിനിമാ ജീവിതം തുടങ്ങിയ നാള്‍ മുതല്‍ അദ്ദേഹം എന്റെ സുഹൃത്താണ്. ഞങ്ങള്‍ ഫ്രണ്ട്‌സായിരിക്കുന്ന കാലത്ത് അദ്ദേഹത്തിന് മറ്റൊരു പ്രണയമുണ്ടായിരുന്നു. എനിക്കങ്ങനെ ഒരു ബന്ധവുമില്ല. ആ സമയത്ത് ഞാന്‍ ജോലിയുടെ തിരക്കിലാണ്. ഇപ്പോഴും ഞാന്‍ സിംഗിളാണെന്നും’, നടി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം മറ്റൊരു അഭിമുഖത്തിലും റാണയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ചോദ്യങ്ങള്‍ രാകുലിന് നേരിടേണ്ടി വന്നിരുന്നു. ‘ഏറെ കാലമായി ഞങ്ങളിത് കേട്ട് കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കേട്ടിട്ട് ചിരിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. ഇതൊക്കെ വെറും ഗോസിപ്പുകള്‍ മാത്രമാണ്. റാണയും ഞാനും നല്ല സുഹൃത്തുക്കളാണ്. എനിക്ക് ആവശ്യമായിട്ടുള്ള സമയങ്ങളിലൊക്കെ അവന്‍ അവിടെ ഉണ്ടാവും. ഞാനന്റെ കുടുംബത്തില്‍ നിന്നും മാറി ഹൈദരാബാദിലാണ് താമസിക്കുന്നത്.
അവിടെ അടുത്ത വീടുകളിലായി ഇരുപതോളം സൃഹൃത്തുക്കളുണ്ട്. ആ ഗ്രൂപ്പിന്റെ ഭാഗമായി ഞാനും റാണയുമുണ്ട്. അയല്‍വാസികള്‍ കൂടിയായതിനാല്‍ ഞങ്ങള്‍ ഇടയ്ക്ക് ചുറ്റിക്കറങ്ങാറുള്ളത് സത്യമാണ്. പിന്നെ ആ ഗ്രൂപ്പില്‍ ഒന്നോ രണ്ടോ പേരേ വിവാഹം കഴിക്കാത്തതായി ഉള്ളു. അതില്‍ ഒരാള്‍ താനാണെന്നും രാകുല്‍ പറഞ്ഞു. പിന്നെ അവിവാഹിതരായ ആളുകളെ കുറിച്ച് ഇത്തരം കഥകള്‍ വരുന്നത് സാധാരണമാണെന്നും നടി സൂചിപ്പിക്കുന്നു.
കൂട്ടുകാരൊക്കെ വിവാഹിതരായിട്ടും രാകുല്‍ സിംഗിളായി കഴിയുന്നതിന്റെ കാരണവും ചിലര്‍ ചോദിച്ചിരുന്നു. ‘ഞാന്‍ സുഹൃത്തുക്കളോട് ആരെയെങ്കിലും കണ്ടെത്തി തരാന്‍ പറയാറുണ്ട്. അവരതില്‍ ഗൗരവ്വമില്ലാതെ പെരുമാറുകയാണ്. ഇപ്പോള്‍ അവരെല്ലാം ശ്രമിക്കുന്നുണ്ട്. ഇനി പ്രണയം ഉണ്ടാവുകയാണെങ്കില്‍ അത് മറച്ച് പിടിക്കാതെ എല്ലാവരോടും പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും’, രാകുല്‍ പറഞ്ഞു. പിന്നെ സോഷ്യല്‍ മീഡിയയിലൂടെ വരുന്ന ട്രോളുകളെ ഒന്നും താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും നടി പറഞ്ഞിരിക്കുകയാണ്.
