ടെലിവിഷൻ പരിപാടികളിലൂടെയും സിനിമകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ സുബി സുരേഷിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളക്കര. ദിവസങ്ങൾക്ക് മുൻപ് വരെ വളരെ ഊർജസ്വലയായി ടെലിവിഷൻ ഷോകളിലും സോഷ്യൽ മീഡിയയിലുമെല്ലാം കണ്ടിരുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്ന സുബി ഇന്ന് രാവിലെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെടുന്നത്. കരൾ മാറ്റിവെക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായ ശേഷം അസുഖം മൂർച്ഛിക്കയുകയും കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.
പ്രിയപ്പെട്ട താരത്തിന്റെ വിയോഗ വാർത്തയിൽ അനുശോചനമറിയിച്ച് നിരവധി പേരാണ് എത്തുന്നത്. സ്ത്രീകളുടെ സാന്നിധ്യം അധികമില്ലാത്ത മിമിക്രി കലാരംഗത്തെ ശക്തമായ സ്ത്രീ സാന്നിധ്യം ആയിരുന്നു സുബി കോച്ചിൽ കലാഭവനിൽ നിന്ന് കരിയർ തുടങ്ങിയ സുബി പിന്നെ ടെലിവിഷനിലേക്കും സിനിമയിലേക്കുമെല്ലാം എത്തുകയായിരുന്നു.
മലയാള സിനിമ, ടെലിവിഷൻ ഇന്ടസ്ട്രിയൊലൊക്കെ നിരവധി സുഹൃത്തുക്കളാണ് സുബിക്ക് ഉണ്ടായിരുന്നത്. അതിൽ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു നടി മഞ്ജു പിള്ള. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് മലയാളത്തിന്റെ അതുല്യ നടി കെ പി എ സി ലളിതയും വിട പറഞ്ഞത്. ഒരേ ദിവസം തന്റെ രണ്ടു അടുത്ത സുഹൃത്തുക്കളെ നഷ്ടമായതിന്റെ വേദന പങ്കുവയ്ക്കുകയാണ് മഞ്ജു പിള്ള ഇപ്പോൾ. മനോരമ ന്യൂസിനോട് ആയിരുന്നു നടിയുടെ പ്രതികരണം.
സുബിയുടെ വേർപാടിന്റെ വേദനയിൽ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു മഞ്ജു പിള്ളയുടെ പ്രതികരണം. ‘സുബിയുമായി എനിക്ക് വർഷങ്ങളായുള്ള പരിചയമാണ്. സുബിക്ക് കൂടുതലും ആൺ സുഹൃത്തുക്കൾ ആയിരുന്നു. അതുകൊണ്ട് മമ്മി പറയുമായിരുന്നു, ഏതെങ്കിലും പെണ്ണിനോട് ഇത്രയും അടുപ്പം കാണിച്ചിട്ടുണ്ടെങ്കിൽ അത് മഞ്ജുവിനോട് ആയിരിക്കുമെന്ന്,’
‘ഞാൻ സുബിയുടെ വീട്ടിൽ പോയി നിക്കാറുണ്ട്. ഞാൻ ഇല്ലെങ്കിലും അവൾ എന്റെ വീട്ടിലും വന്ന് നിൽക്കാറുണ്ട്. എന്റെ അമ്മയുമായി അത്ര അടുപ്പമായിരുന്നു,’
‘സുബി ശാരീരികമായി ഒരുപാട് അസുഖങ്ങൾ ഉള്ള ആളായിരുന്നു. അത് അവളുമായി അടുത്ത ആളുകൾക്ക് ഒക്കെ അറിയാം. പലപ്പോഴും ക്രിട്ടിക്കൽ അവസ്ഥയിലൊക്കെ അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റാകുമ്പോൾ അവൾ വളരെ ശക്തിയോടെ തിരിച്ചുവരുമായിരുന്നു. ‘മഞ്ജു മോളേ അവളിത്തിരി സീരിയസാണെന്ന്’ മമ്മി വിളിച്ച് പറയുമ്പോഴും ഇത്ര പെട്ടെന്ന് പോകുമെന്ന് വിചാരിച്ചില്ല. പ്രതീക്ഷിക്കാത്തതായി പോയി,’
‘ഒറ്റയ്ക്ക് നിന്ന് പോരാടിയെടുത്ത ജീവിതമാണ് സുബിയുടേത്. ആരും സഹായത്തിനുണ്ടായിരുന്നില്ല. അവിടെ നിന്നാണ് എല്ലാം അവള്‍ എല്ലാം സ്വന്തമാക്കിയത്. ഞാൻ ഷൂട്ടിങ് സ്ഥലത്താണ്. പോകാൻ പറ്റില്ല, അതിന്റെ സങ്കടമുണ്ട്,’
ഇന്ന് ലളിതാമ്മ (കെ.പി.എ.സി ലളിത) പോയിട്ട് ഒരു വർഷമാവുകയാണ്. വളരെ അടുപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഒരേദിവസം ഇല്ലാതാകുന്നത് നല്‍കുന്ന ശൂന്യത വലിയതാണ്. സഹോദരീതുല്യമായ സ്നേഹ വാൽസ്യങ്ങൾ പരസ്പരം ഉണ്ടായിരുന്നു. ഒരു പ്രേമമുണ്ടായാലും ആരെയെങ്കിലും വായ്നോക്കിയാലും പോലും വിളിച്ച് പറയാന്‍ ആത്മബന്ധമുണ്ടായിരുന്നു,’ ‘ഞാൻ വഴക്ക് പറഞ്ഞാൽ കേട്ടോണ്ട് ഇരിക്കും. ബാക്കി ആരെങ്കിലുമാണെങ്കിൽ തിരിച്ചു പറയും. അങ്ങനെയൊരു ബന്ധം ആയിരുന്നുവെന്നും നിറകണ്ണുകളോടെ മഞ്ജു പിള്ള ഓർത്തു.
