കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ വരവേറ്റിരിക്കുകയാണ് ബിഗ് ബോസ് താരം ബഷീര്‍ ബഷി. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനെടുവിലാണ് രണ്ടാം ഭാര്യയായ മഷൂറ ഗര്‍ഭിണിയാണെന്നുള്ള കാര്യം അറിയുന്നത്. ഒടുവില്‍ ഫെബ്രുവരിയിലോ മാര്‍ച്ച് ആദ്യ ആഴ്ചയിലോ പ്രസവം നടക്കുമെന്നാണ് കരുതിയിരുന്നത്.
വേദന കൂടിയതിനെ തുടര്‍ന്ന് മഷൂറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്നാല് ദിവസം നോക്കിയെങ്കിലും നോര്‍മല്‍ ഡെലിവറി നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോയത്. ഒടുവില്‍ സിസേറിയനിലൂടെ ഭാര്യ ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷമാണ് ബഷീറും ആദ്യ ഭാര്യ സുഹാനയും ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
യൂട്യൂബ് ചാനലിലൂടെ ആശുപത്രിയിലെ ഓരോ വിശേഷങ്ങളും മഷൂറയും ബഷീറും ആരാധകരെ കാണിച്ചിരുന്നു. ലേബര്‍ റൂമില്‍ നിന്നുള്ള കാഴ്ചകളടക്കം പുറത്ത് വിടുകയും ചെയ്തു. ഒടുവില്‍ തനിക്കൊരു ആണ്‍കുഞ്ഞ് ജനിച്ചെന്ന വിവരമാണ് ബഷീര്‍ പുറംലോകത്തോട് പറയുന്നത്. സുഹാനയും കുഞ്ഞിന്റെ വരവിനെ കുറിച്ചുള്ള പോസ്റ്റുമായി എത്തിയിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുവെന്നാണ് താരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
പ്രസവത്തിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെങ്കിലും മഷൂറയ്ക്ക് നോര്‍മല്‍ ഡെലിവറിയ്ക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ സിസേറിയന് കൊണ്ട് പോവുകയാണെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ വേണമെന്നും സുഹാന ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ആണ്‍കുട്ടി ജനിച്ചിരിക്കുകയാണെന്ന് പറഞ്ഞ് സുഹാന തന്നെയാണ് ആദ്യമെത്തിയത്. ഇതോടെ താരകുടുംബത്തിന് ആശംസാപ്രവാഹമാണ്.
ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയായിരിക്കുമെന്നാണ് ബഷീര്‍ അടക്കമുള്ളവര്‍ കരുതിയിരുന്നത്. മഷൂറയുടെ ലക്ഷണങ്ങളും മറ്റുമൊക്കെ കണ്ടപ്പോള്‍ കൂടുതല്‍ പേരും പെണ്‍കുട്ടിയായിരിക്കുമെന്ന് നേരത്തെ മുതല്‍ പറഞ്ഞിരുന്നു. എന്നാല്‍ ബഷീറിന്റെ കുടുംബത്തിലേക്ക് അടുത്തതായി ജനിച്ചത് ഒരു രാജകുമാരന്‍ തന്നെയാണെന്ന് പറഞ്ഞാണ് ആരാധകര്‍ എത്തുന്നത്. ഏറ്റവും പുതിയതായി ബഷീര്‍ പങ്കുവെച്ച വീഡിയോയുടെ താഴെയും സമാനമായ കമന്റുകളാണ് വരുന്നത്.
ഭാര്യ പ്രസവിക്കുന്നതുമായി ബന്ധപ്പെട്ട ടെന്‍ഷനും ആകുലതകള്‍ക്കും ഇടയില്‍ വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ച ബഷീറിനാണ് അഭിനന്ദനങ്ങള്‍ ലഭിക്കുന്നത്. ഇത്ര ഡീറ്റൈല്‍ ആയിട്ട് എല്ലാ കാര്യങ്ങളും വീഡിയോ ചെയ്യുന്നതിന് സന്തോഷമുണ്ട്. കാരണം ഒരു പെണ്ണ് എത്രയൊക്കെ വേദന സഹിച്ചാണ് ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതെന്ന് അറിയാത്തവര്‍ക്ക് ഈ വീഡിയോ കാണുന്നതിലൂടെ അത് മനസിലാക്കാന്‍ സാധിക്കും. ചിലരുടെ വിചാരം പ്രസവിക്കുമ്പോഴുള്ള വേദന മാത്രമാണ് വേദന എന്നാണ്. അതിന് മുമ്പും കുറേ വേദന സഹിക്കാനുണ്ടെന്ന് ആര്‍ക്കും അത്ര അറിവില്ലായിരുന്നു.
നേരത്തെ ഏറെയും വിമര്‍ശനങ്ങള്‍ മാത്രം കിട്ടിയിരുന്ന കുടുംബമാണ് ബഷീറിന്റേത്. രണ്ട് ഭാര്യമാരുള്ളതിന്റെ പേരിലായിരുന്നു പലരും താരത്തെ കളിയാക്കിയത്. എന്നാല്‍ ഭാര്യമാരുടെയും മക്കളുടെയും കൂടെ അത്രയും സന്തോഷത്തോടെ കഴിയാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും ഇതൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാടിലുമായിരുന്നു ബഷീര്‍. പിന്നീട് വിമര്‍ശനങ്ങളെല്ലാം സ്‌നേഹമായി മാറുന്നതാണ് കാണാന്‍ കഴിഞ്ഞത്. മഷൂറ ഗർഭിണിയായെന്ന് അറിഞ്ഞതിന് പിന്നാലെ നിരവധി പേരാണ് താരകുടുംബത്തിന് പിന്തുണയുമായി വന്നത്. ഇക്കാര്യങ്ങളും താരം വീഡിയോയിലൂടെ ഉൾപ്പെടുത്തിയിരുന്നു. എന്തായാലും കുഞ്ഞിനൊപ്പം സന്തുഷ്ടമായൊരു ജീവിതം ആശംസിക്കുകയാണ് പ്രിയപ്പെട്ടവർ.
