നടനും നിര്‍മാതാവും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ഏറ്റവും തിളങ്ങിയത് പാട്ട് പാടിയാണ്. തിരക്കുകള്‍ക്കിടയിലും ചില ഗാനമേളകള്‍ക്കെല്ലാം വിനീത് പങ്കെടുക്കുന്നത് പതിവാണ്. അത്തരത്തില്‍ വാരനാട് എന്ന സ്ഥലത്തെ അമ്പലത്തില്‍ ഗാനമേളയ്ക്ക് എത്തിയ താരത്തിന് അവിടെ നിന്നും ഓടി രക്ഷപ്പെടേണ്ട അവസ്ഥയാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വിനീത് ഓടുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇത് പരിപാടി മോശമായതിനെ തുടര്‍ന്നാണെന്ന ആരോപണവും വന്നു. ഇതോടെ പരിപാടി നേരിട്ട് കണ്ടവരും തിരക്കഥാകൃത്തുമായ സുനീഷ് വാരനാട് അടക്കമുള്ളവര്‍ വിശീദകരണവുമായി എത്തിയിരിക്കുകയാണ്. ഇത്തരം പ്രചരണങ്ങള്‍ ശരിക്കും വിനീതിനോട് കാണിക്കുന്ന ക്രൂരതയാണെന്നാണ് താരം പറയുന്നത്.
വിനീത് ശ്രീനിവാസന്‍ ഓടി രക്ഷപ്പെട്ടു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം… എന്നും പറഞ്ഞാണ് സുനീഷ് വരനാട് ഒരു വീഡിയോയും കുറിപ്പും പങ്കുവെച്ചിരിക്കുന്നത്. ‘വാരനാട്ടെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു. രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും, സംഘവും നടത്തിയത്. അത്ഭൂതപൂര്‍വ്വമായ തിരക്കായിരുന്നു.
‘അതേ സമയം പരിപാടി കണ്ടിരുന്ന ആരാധകരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്തിയിരിക്കുകയാണ്. ‘ആദ്യാവസാനം പ്രേക്ഷക പങ്കാളിത്തവും പ്രോത്സാഹനവും ലഭിച്ച ഗംഭീര പരിപാടിയായിരുന്നു. അവസാനത്തെ രണ്ടു ഗാനങ്ങളൊഴികെ എല്ലാത്തിനും ഞാനും സാക്ഷിയായിരുന്നു. കണ്ടവനവിടെ നില്‍ക്കട്ടേ, കേട്ട ഞാന്‍ പറയാമെന്നതാണല്ലോ നിലവിലെ നാട്ടുനടപ്പ്.
വിനീതിനെ ഓടിച്ചു വിട്ടുവെന്ന രീതിയിലുള്ള ട്രോളുകളും വീഡിയോകളും ക്രൂരമാണ്. വ്യക്തി ജീവിതത്തിലും ജാഡയില്ലാതെ വിനീതനായി ജീവിക്കുന്ന വിനീതെന്ന കലാകാരനോടുള്ള അനാദാരവാണ്’.
‘വിനീത് ശ്രീനിവാസന്‍ എപ്പോഴാത്തെയും പോലെ സൗമ്യനായും സുന്ദരമായും സദസ്സിനെ കയ്യിലെടുത്ത് മനോഹരമായി പാടി. നമ്മുടെ നാട്ടുകാരെയും സംഘാടകസമിതിയേയുമാണ് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ ഉണ്ടെങ്കില്‍ പറയേണ്ടത്. ഇത് പോലൊരു സെലിബ്രിറ്റിയെ കൊണ്ട് വരുമ്പോള്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം. അവരെ സുരക്ഷിതമായി യാത്രയാക്കാനും മറ്റും കൂടെയുണ്ടാവണം. ഇതൊന്നും ഉണ്ടായില്ല. പിന്നെ പ്രബുദ്ധരായ നമ്മുടെ നാട്ടുകാരുടെ പെരുമാറ്റമാണ് എടുത്ത് പറയേണ്ടത്. ഒരു സെലിബ്രിറ്റി ആയാലും അദ്ദേഹമൊരു മനുഷ്യനാണ് എന്ന തിരിച്ചറിവ് ഉണ്ടാവണം. ഇവരെ പോലുള്ളവര്‍ നിരവധി വേദികളില്‍ ഇത് പോലെ അനുഭവിച്ചിട്ടുണ്ടാകും. പിന്നെ പരിപാടി മോശമായത് കൊണ്ട് നാട്ടുകാര്‍ ഓടിച്ചു പറപ്പിച്ചു എന്ന് പറയുന്നവരോട് പുശ്ചം മാത്രം..’
‘പ്രോഗ്രാം സൂപ്പര്‍ ആയിരുന്നു. അവസാന നിമിഷം സ്റ്റേജിലേക്ക് കേറിയ ആരാധകര്‍ കാരണം ബാക്കിയുള്ള പാട്ടുകളും കേള്‍ക്കാന്‍ പറ്റിയില്ല. വിനീതിന്, ഓടി രക്ഷപെടേണ്ടി വന്നു. പോലീസ് വേണ്ട പോലെ ഇടപെട്ടില്ല. ലക്ഷങ്ങള്‍ മുടക്കി പരിപാടി വെച്ചിട്ട് പുള്ളിയ്ക്ക് ഒരു പ്രൊട്ടക്ഷന്‍ കൊടുക്കാന്‍ ഒരു പോലീസുകാരനോ അവിടുത്തെ വാളന്റിയറിനോ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിന് ഇത്ര കാശ് മുടക്കി പരിപാടി വെക്കുന്നത്..’ എന്നിങ്ങനെ കമന്റുകള്‍ നിരവധിയാണ് വരുന്നത്.
