കഴിഞ്ഞ കുറച്ചു കാലം മുൻപു വരെ വിശുദ്ധ നാടും തീര്‍ത്ഥാടന സ്ഥാനവുമായിരുന്ന ഇസ്രായേൽ അവസരങ്ങളുടെ നാളായി മാറിയിട്ട് കുറച്ചു നാളുകൾ ആയതേയുള്ളൂ. നിരവധി തൊഴിലവസരങ്ങളും മികച്ച ശമ്പളവും അനധികൃതമായി പോലും ഇവിടേക്കെത്തുവാൻ ആളുകളെ പ്രേരിപ്പിക്കുന്നു. വിശ്വാസങ്ങളിലൂടെ പരിചയപ്പെടുന്ന,ബൈബിൾ പരാമർശങ്ങളിലൂടെ അറിയുന്ന, ഇന്ത്യയുമായുള്ള നയതന്ത്ര വാർത്തകളിലൂടെ പരിചിതമായ ഒരു രാജ്യം എന്നതിനപ്പുറം ഒരുപാട് വിശാലവും അറിയേണ്ടതുമായ ഒരു രാജ്യമാണ് ഇസ്രായൽ. ഇതാ ഇസ്രായേൽ എന്ന രാജ്യം സന്ദർശിക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന കുറച്ചു കാരണങ്ങൾ നോക്കാം…
ജറുസലേം
ഇസ്രായേൽ എന്ന രാജ്യം ജീവിതത്തിലൊരിക്കലെങ്കിലും സന്ദർശിക്കണം എന്ന ആഗ്രഹത്തിനു പിന്നിൽ പലർക്കും ഉള്ള കാരണങ്ങളിലൊന്ന് ജറുസലേം എന്ന വിശുദ്ധഭൂമിയുടെ സാന്നിധ്യം തന്നെയാണ്. ഇസ്രയേലിന്റെ തലസ്ഥാനമായ ജറുസലേംഅതിന്റെ സമ്പന്നമായ ചരിത്രത്തിനും വിശ്വാസങ്ങള്‍ക്കും പ്രസിദ്ധമാണ്. ക്രിസ്തുമതം, ജൂതമസം, ഇസ്ലാം മതം എന്നീ മൂന്നു മതങ്ങൾക്കും ഒരുപോലെ വിശുദ്ധമായ സ്ഥലമാണിത്.
ഒരു ഓൾ ഇൻ വൺ യാത്ര
നിങ്ങളുടെ യാത്രാ താല്പര്യങ്ങള്‍ എന്തുതന്നെ ആയാലും അതിനു തക്ക കാഴ്ചകൾ, നിങ്ങളെ തീർത്തും തൃപ്തരാക്കുന്ന വിധത്തിൽ ഇവിടെ കാണാം. വലുപ്പം വെച്ചു നോക്കുമ്പോൾ അമേരിക്കൻ സംസ്ഥാനമായ ന്യൂ ജേഴ്സിയുടെ അത്രയും മാത്രമേ വലുപ്പമുള്ളുവെങ്കിലും ചരിത്രവും സംസ്കാരവും ശാസ്ത്രവും സാങ്കേതിക വിദ്യയും സാഹിത്യവും ഇസ്രായേലിനെ ലോകോത്തര രാജ്യങ്ങളിലൊന്നാക്കി മാറ്റുന്നു. ജറുസലേം വിശ്വാസികളുടെ നഗരമായി മാറുമ്പോൾ ടെൽ അവിവ് മനോഹരങ്ങളാട ബീച്ചുകളുടെയും ബാറുകളുടെയും നാടാണ്. കൗതുകം പകരുന്ന ചാവ് കടലും മറ്റ് മരുഭൂമിയും താഴ്വാരങ്ങളും കുന്നുകളും മലകളും ചരിത്രഇടങ്ങളും മ്യൂസിയവും ഇവിടെയുണ്ട്. ഒരുപാട് യാത്ര നടത്താതെയും പണം മുടക്കാതെയും ഇവിടുത്തെ കാഴ്ചകള്‍ കാണുകയും ചെയ്യാം,
സ്റ്റാർട്ട് അപ്പുകളുടെ നാട്
സ്റ്റാർട്ട് അപ്പുകളുടെ നാട് എന്നാണ് ഇസ്രയേൽ അറിയപ്പെടുന്നത്. 9 മില്യണിനടുത്ത് ജനങ്ങളാണ് ഇവിടെ വസിക്കുന്നത്. മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് വളരെ കുറഞ്ഞ ജനസംഖ്യയാണിത്. എന്നാൽ, ലോകത്തിൽ ഏറ്റവുമധികം സ്റ്റാർട്ട് അപ്പുകൾ ഉള്ള രണ്ടാമത്തെ രാജ്യമാണ് ഇസ്രായേൽ. 2022 ലെ ഒരു കണക്ക് അനുസരിച്ച് ആറായിരത്തോളം സ്റ്റാർട്ട് അപ്പുകൾ രാജ്യത്തുണ്ട്. ശാസ്ത്രത്തിനും സാങ്കേതിക വിദ്യകളെയും എന്നും മുന്‍നിരയിൽ നിന്ന് നയിക്കുവാൻ തക്ക ശക്തമായ രാഷ്ട്രം കൂടിയാണ് ഇസ്രായേൽ.
വർഷം മുഴുവനും വരാം
വർഷം മുഴുവനും സന്ദർശിക്കുവാൻ കഴിയുന്ന ചുരുക്കം ചില ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് ഇസ്രായേൽ. മെഡിറ്ററേനിയൻ കാലാവസ്ഥ ആസ്വദിക്കുവാൻ ആഗ്രഹമുള്ളവർക്കും സൂര്യപ്രകാശത്തില്ഡ കഴിയണമെന്നുള്ളവർക്കും ഇവിടേക്ക് വരാം.ഇന്ത്യൻ സഞ്ചാരികളെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഇവിടുത്തെ കാലാവസ്ഥ ഒരു പ്രശ്നമോ പരിഗണനയോ അല്ല. ഇവിടുത്തെ കാഴ്ചകൾ, ചരിത്രം, മ്യൂസിയങ്ങൾ, കടൽത്തീരങ്ങൾ, ബീച്ചുകൾ, തുടങ്ങിയവയാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്.
മ്യൂസിയങ്ങളുടെ നാട്
ചരിത്രത്തിലും ശാസ്ത്രത്തിലുമെല്ലാം താല്പര്യമുള്ള സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം മ്യൂസിയങ്ങളുടെ വലിയ ലോകമാണ് ഇവിടെയുള്ളത്. രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും പൈതൃകവും എല്ലാം ഇതിൽനിന്നു നിങ്ങൾക്ക് മനസ്സിലാക്കാം. കൗതുകം പകരുന്ന ഒട്ടേറെ അറിവുകൾ നിങ്ങൾക്കിവിടെ ലഭിക്കും.ഹോളോകോസ്റ്റ് മ്യൂസിയം, ടെൽ അവീവ് മ്യൂസിയം ഓഫ് ആർട്ട്, ഇസ്രായേൽ മ്യൂസിയം, ഹാഫിയയിലെ മാഡാടെക് തുടങ്ങിയവ ഇതിൽ ചിലതുമാത്രമാണ്.
കുടുംബവുമായി വരാം
പല വിദേശരാജ്യങ്ങളും കാഴ്ചകളും പലപ്പോഴും കുട്ടികളെയുംകൊണ്ട് പോകുവാൻ മുതിർന്നവരെ അനുവദിക്കാറില്ല. കുട്ടികൾക്ക് അനുയോജ്യമല്ലാത്ത കാഴ്ചകളും അവരെ രസിപ്പിക്കാത്ത ഇടങ്ങളും ആയാൽ ബുദ്ധിമുട്ട് ആണ്.എന്നാൽ കുടുംബവും കുട്ടികളുമായി ഒരു മികച്ച അവധിക്കാലും വാഗ്ദാനം ചെയ്യുന്ന നാടാണ് ഇസ്രായേൽ. കുട്ടികള്‍ക്ക് രസിക്കുവാനും ആസ്വദിക്കുവാനും കഴിയുന്ന നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. ടൈം എലിവേറ്റർ, ജെറുസലേമിലെ മിനി ഇസ്രായേൽ, സിസേറിയയിലെ സിസേറിയ നാഷണൽ പാർക്ക് തുടങ്ങിയവ കുട്ടികൾക്ക് ആനന്ദവും അറിവും ഒരുപോലെ നല്കുന്ന സ്ഥലങ്ങളാണ്.
രാത്രി ജീവിതം ആസ്വദിക്കാം
മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മികച്ച രാത്രിജീവിതം വാഗ്ദാനം ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് ടെൽ അവിവ്. മിഡിൽ ഈസ്റ്റിന്‍റെ പാർട്ടി ക്യാപിറ്റൽ എന്നാണ് ഇവിടം അറിയപ്പെടുന്നത്. പുലരുവോളം സജീവമായ ബീച്ചും ബാറുകളും ഡാൻസിങ് ഫ്ലോറും പബ്ബുകളും ഇവിടെയുണ്ട്. ബീച്ചുകൾ ബീച്ചുകളാണ് സഞ്ചാരികളെ ഇസ്രായേലിലേക്ക് ആകർഷിക്കുന്ന മറ്റൊരു കാര്യം. മെഡിറ്ററേനിയൻ, ചാവുകടൽ, ചെങ്കടൽ, ഗലീലി കടൽ എന്നിവിടങ്ങളിലെ തീരങ്ങൾ നിങ്ങളുടെ ഇസ്രായേൽ യാത്രയ്ക്ക് പൂർണ്ണത നല്കും, വിശ്രമിക്കുവാനും കളിക്കുവാനുമെല്ലാമായി ഇവിടം തിരഞ്ഞെടുക. കാനാൻ ദേശം ബൈബിളിൽ ഇസ്രായേലിനെ കാനാൻ ദേശം എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. തേനും പാലും ഒഴുകുന്ന ദേശമായാണ് ഇത് അറിയപ്പെടുന്നത്. എന്നാൽ ഭൂമിശാസ്ത്പരമായി നോക്കിയാൽ ഇസ്രായേലിന്റെ പകുതിയിലധികം ഭൂമിയും മരുഭൂമിയാണെന്നു കാണാം. എന്നിരുന്നാലും ഈ മരുഭൂമിയിൽ വിളവെടുത്ത് വിജയിച്ച ചരിത്രമാണ് ഈ നാടിനുള്ളത്. മാത്രമല്ല, ലോകത്ത് മുൻപന്തിയില്‍ നിൽക്കുന്ന കാർഷിക ഗവേഷണ കേന്ദ്രങ്ങള്‍ ഇസ്രയേലിനുണ്ട്.
