താരമിപ്പോൾ അബോധാവസ്ഥയിലാണെന്നും എല്ലാവരുടേയും പ്രാർഥനകൾ വേണമെന്നും ബാലയുടെ സുഹൃത്തും സോഷ്യൽമീഡിയ താരവുമായ സൂരജ് പാലക്കാരൻ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയിൽ പറയുന്നു
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനും സംവിധായകനുമെല്ലാമായ ബാല ആശുപത്രിയിലെന്ന് റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ, ഹൃദയ സംബന്ധമായ അസുഖത്തിനാണ് താരത്തെ ചികിത്സിക്കുന്നതെന്നും റിപ്പോർട്ട്.
താരമിപ്പോൾ അബോധാവസ്ഥയിലാണെന്നും എല്ലാവരുടേയും പ്രാർഥനകൾ വേണമെന്നും ബാലയുടെ സുഹൃത്തും സോഷ്യൽമീഡിയ താരവുമായ സൂരജ് പാലക്കാരൻ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയിൽ പറയുന്നു.
നടി മോളി കണ്ണമാലി ഉൾപ്പെടെ നിരവധിപ്പേർക്ക് ചികിത്സയ്ക്കുൾപ്പെടെ ബാല സഹായം നൽകിയതിന്റെ വീഡിയോ വൈറലായിരുന്നു. ബാലക്ക് കുറച്ച് ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്.
സോഷ്യൽമീഡിയയിൽ സജീവമായ ബാലയുടെ രൂപമാറ്റം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരാധകർ ഏറെ ചർച്ച ചെയ്തിരുന്നു. ‘എന്റെ ഏറ്റവും അടുത്ത സുഹൃത്ത് നടൻ ബാല വളരെ സീരിയസായി അമൃത ആശുപത്രിയിൽ അഡ്മിറ്റാണ്. കരൾ സംബന്ധമായ രോഗമാണ്. കഴിഞ്ഞ ദിവസവും ബാലയെ കണ്ടിരുന്നു.’
‘ബാല ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. യാത്രയിൽ ആയിരുന്നു. പ്രാർഥിക്കണമെന്ന് ബാലയെ സ്നേഹിക്കുന്നവരോട് ആവശ്യപ്പെടുകയാണ്. കരൾ സംബന്ധമായ രോഗത്തിന് പുറമെ ഹാർട്ടിനും പ്രശ്നമുണ്ട്. ഇപ്പോൾ അദ്ദേഹം അബോധാവസ്ഥയിലാണുള്ളത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിൽ വന്ന് മലയാളിയായി ജീവിക്കുന്ന നടനാണ് ബാല.’
‘ബാല എപ്പോഴും പറയുന്ന ഒരു കാര്യമാണ്. താൻ ജീവിതത്തിൽ തോറ്റുപോയ ഒരാളാണെന്നും സ്നേഹത്തിന്റെ മുമ്പിൽ തോറ്റുപോയ ആളാണെന്നും. സൗഹൃദത്തിന്റെ മുമ്പിൽ തോറ്റുപോയ ആളാണെന്നും. ആ തോൽവിയാണ് ബാലയെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്.’
‘ബാലയെ എനിക്ക് വളരെ അടുത്ത് അറിയാം. അഗാധമായി ആളുകളെ സ്നേഹിക്കുന്ന പ്രകൃതമാണ് ബാലയുടേത്. പലപ്പോഴും അദ്ദേഹത്തിന്റെ വീഡിയോ കണ്ട് ആളുകൾ അദ്ദേഹത്തെ കളിയാക്കുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. വളരെ ജെനുവിനാണ് ബാല. അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹമാണ് തന്റെ കുഞ്ഞിനെ കാണണമെന്നത്.’
‘അതേ കുറിച്ച് എപ്പോഴും എന്നോട് പറയുമായിരുന്നു. ആ വിഷയത്തിൽ മാനസീകമായി വല്ലാതെ വിഷമിക്കുന്ന ഒരാളാണ് ബാല. പ്രേക്ഷകർ ബാലയ്ക്ക വേണ്ടി പ്രാർഥിക്കണം. ബാല ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്ടേഴ്സ് അറിയിച്ചിട്ടുള്ളത്.’
‘അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഒരു പബ്ലിസിറ്റിയും ആഗ്രഹിക്കാതെ പാവങ്ങൾക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ബാല ചെയ്തിട്ടുണ്ട്. എല്ലാവരും പ്രാർഥിക്കണം…’ സൂരജ് പാലാക്കാരൻ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. നടി മോളി കണ്ണമാലി അസുഖം ബാധിച്ച് ചികിത്സയിൽ ആയിരുന്നപ്പോൾ സഹായിക്കാൻ ഓടി എത്തിയവരിൽ പ്രധാനി ബാലയായിരുന്നു. അതിനാൽ തന്നെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി എത്തി മോളി കണ്ണമാലി ആദ്യം സന്ദർശിച്ചത് ബാലയെയാണ്. തന്നെ കാണാനെത്തിയ മോളി കണ്ണമാലിക്ക് മരുന്നിനും മറ്റ് ചിലവുകൾക്കുമായി ഒരു തുകയും ബാല നൽകിയിരുന്നു.
