Friday, March 14, 2025
spot_img
More

    Latest Posts

    കൊച്ചു പെണ്‍കുട്ടി പ്രായമുള്ള ഒരാളെ പ്രണയിക്കുന്ന സിനിമയെന്ന് പറയുന്നു; ബാക്കിയുള്ളവർ മണ്ടന്മാരാണോന്ന് മുകേഷ്

    നടനും എംഎല്‍എയുമായ മുകേഷ് തന്റെ സിനിമാ ജീവിതത്തെ കുറിച്ചും അല്ലാത്ത വിഷയങ്ങളിലുമൊക്കെ പ്രതികരിക്കാറുണ്ട്. ഏറ്റവും പുതിയതായി ഓ മൈ ഡാര്‍ലിങ് എന്ന സിനിമയിലാണ് മുകേഷ് അഭിനയിച്ചത്. ബാലതാരമായിരുന്ന നടി അനിഖ സുരേന്ദ്രന്‍ നായികയായിട്ടെത്തുന്ന ചിത്രത്തെ കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്.

    എന്നാല്‍ ചിലര്‍ ആവിഷ്‌കാര സ്വതന്ത്ര്യമെന്ന് പറഞ്ഞ് നെഗറ്റീവ് റിവ്യൂ പറയുന്നതിനെതിരെ തുറന്നടിച്ചിരിക്കുകയാണ് താരം. ഫസ്റ്റ് ഷോ കഴിയുമ്പോള്‍ തന്നെ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത ഒരാള്‍ വന്ന് അത് കൊള്ളില്ലെന്ന് പറഞ്ഞിട്ട് പോകുമെന്നും ഇതൊക്കെ കാശ് കിട്ടാത്തതിന്റെ കുഴപ്പമാണെന്നും താരം പറയുന്നു. സിനിമയുടെ ജിസിസി റിലീസിനോട് അനുബന്ധിച്ച് ദുബായില്‍ വച്ച് നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മുകേഷ്.

    ‘സോഷ്യല്‍ മീഡിയ റിവ്യൂകളെ പറ്റി വളരെ മോശം അഭിപ്രായമാണ് തനിക്കുള്ളതെന്നാണ് മുകേഷ് പറയുന്നത്. അതിനെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. ഇതൊക്കെ ഒരാളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമല്ലേ? പത്ര സ്വാതന്ത്ര്യമല്ലേ? എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ അതില്‍ ഒരു ശരി ഉണ്ടെന്ന് നമുക്ക് തോന്നും. പക്ഷേ അതില്‍ ഒരു ശരിയുമില്ല. അത് ദുരുപയോഗം ചെയ്യുകയാണെന്ന് ഒരു സംശയവും ഇല്ലാതെ തന്നെ പറയാം.

    സോഷ്യല്‍ മീഡിയ ഇല്ലാത്ത കാലത്ത് വിദേശത്ത് ഷോകള്‍ നടത്തുമ്പോള്‍ അവിടെ പത്രവും റേഡിയോയും നടത്തുന്നവര്‍ പരിപാടിയെ കുറിച്ച് നല്ലതെഴുതുവാന്‍ സ്‌പോണ്‍സേഴ്സിന്റെ കൈയ്യില്‍ നിന്നും പണം ആവശ്യപ്പെടുമായിരുന്നു. പാവം സ്‌പോണ്‍സേഴ്സ് പേടിച്ച് പണം നല്‍കുകയും ചെയ്യും. കൊടുക്കരുതെന്ന് നമ്മള്‍ പറഞ്ഞാലും വേണ്ട കൊണ്ടുപൊക്കോട്ടെ എന്ന് പറയുന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സമ്പ്രദായമാണ് ഇപ്പോള്‍ ടെക്നോളജിയുടെ വളര്‍ച്ചയുടെ വേറെ രീതിയില്‍ എത്തിയിരിക്കുന്നത്.

    ഇവര്‍ക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കുറവല്ലെന്നാണ് മുകേഷ് പറയുന്നത്. കാശ് കിട്ടാത്തതിന്റെ കുഴപ്പമാണ്. ഫസ്റ്റ് ഷോ കണ്ടിട്ടാണോ എന്നറിയില്ല, ഓ മൈ ഡാര്‍ലിംഗില്‍ പ്രായമുള്ള ഒരാള്‍ കൊച്ചു പെണ്‍കുട്ടിയുമായി ഉള്ള പ്രണയമാണ് എന്നൊക്കെ ചുമ്മാ പറയുകയാണ്.

    മെല്‍വിനെയാണ് പ്രായമുള്ള ഒരാള്‍ എന്ന് പറയുന്നത്. നമ്മുടെ ഇന്നത്തെ നായകന്മാര്‍ക്ക് ഒക്കെ ഒന്നോ രണ്ടോ വയസ്സ് കുറവുള്ള നായികമാരല്ല വരുന്നത് എന്ന കാര്യം വിഴുങ്ങിയിട്ട്, കഥയെ കുറിച്ചോ സിനിമയെ കുറിച്ചോ പറയുന്നില്ല. എന്ത് കുറ്റം കണ്ടുപിടിക്കണം എന്ന് വിചാരിച്ചാണ് ചെറിയ ചെറിയ കുറ്റങ്ങള്‍ തേടി പോകുന്നതെന്ന്,’ മുകേഷ് സൂചിപ്പിക്കുന്നു. ‘മുകേഷും ലെനയും തമ്മിലുള്ള രംഗങ്ങളില്‍ ചിരിക്കാനുള്ളത് പറയുമ്പോള്‍ വിഷമം വരുന്നു, കരയാനുള്ളത് പറയുമ്പോള്‍ ചിരി വരുന്നു എന്നൊക്കെയാണ് ഒരുത്തന്‍ പറയുന്നത്. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ ഇവന്റെ ഒക്കെ ഫാദര്‍ ജനിച്ചിട്ട് പോലുമില്ല. ഒരു സീനെടുത്ത് കഴിഞ്ഞാല്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ കുഴപ്പമാണെന്ന് പറയുവാനുള്ള അവകാശവും സീനിയോരിറ്റിയും എനിക്കുണ്ട്.

    ഇതിപ്പോള്‍ കൊച്ചുകുട്ടികള്‍ വരെ വന്ന് ചുമ്മ അങ്ങ് പരിഹസിക്കുകയാണ്. ഇവര്‍ക്കൊക്കെ എന്തോ കിട്ടാനുള്ളത് കിട്ടിയിട്ടില്ലെന്നാണ് തോന്നുന്നത്. കുറ്റം പറയുമ്പോള്‍ നല്ല കാര്യങ്ങള്‍ കൂടി പറയണം. എന്നാലേ വിശ്വസിക്കുവാന്‍ പറ്റൂ.

    ഹിന്ദി ചിത്രം ഷോലെ ഒക്കെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. അതല്ലെങ്കില്‍ ഈ അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും ഒക്കെ എന്താണ് ഈ കാണിക്കുന്നത്? ഇവരുടെ മുഖത്ത് എന്താണ് വരുന്നത്? എന്നൊക്കെ അന്ന് ഇവര്‍ ചോദിച്ചേനെ. അമിതാഭ് ബച്ചനൊക്കെ രക്ഷപ്പെട്ടത് മഹാഭാഗ്യം,’ മുകേഷ് പറയുന്നു… ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. ടീനേജ് കാലത്തെ പ്രണയവും ഗൗരവ്വമുള്ളൊരു വിഷയവും പറയുന്ന ചിത്രത്തില്‍ അനിഖയും മെല്‍വിനുമാണ് നായിക, നായകന്മാരായി അഭിനയിച്ചിരിക്കുന്നത്. അനിഖയുടെ പിതാവിന്റെ റോളിലാണ് ചിത്രത്തില്‍ മുകേഷ് അഭിനയിച്ചിരിക്കുന്നത്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.