ബിഗ് ബോസിൽ നിന്നിറങ്ങുന്നവരെ കാത്തിരിക്കുന്നത് പിന്നീട് ലൈം ലൈറ്റിൽ പല തരത്തിലുള്ള ഭാവിയാണ്. ചിലർ ആഘോഷിക്കപ്പെടും. ചിലർക്ക് വീട്ടിലേക്ക് പോവുന്നതിന് മുമ്പുള്ള താരപ്രഭയും നഷ്ടപ്പെട്ട് പോവും. ചിലർ ഇത്തരം സോഷ്യൽ മീഡിയ വാഴ്ത്തലിനും വീഴ്ത്തലിനും നിന്നു കൊടുക്കാതെ സ്വന്തം ജീവിതവും കരിയറുമായി മുന്നോട്ട് പോവും. ഓരോ സീസൺ കഴിയുമ്പോഴും ഇത്തരത്തിൽ പല സംഭവ വികാസങ്ങളും നടക്കാറുണ്ട്.
ബിഗ് ബോസ് മത്സരാർത്ഥിയായ ശേഷം ജീവിതം അടിമുടി മാറി മറിഞ്ഞ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. നാലാം സീസണിലെ വിജയി വരെ ബിഗ് ബോസ് താരം എന്ന ടാഗ് ലൈനിൽ നിന്ന് മാറി. എന്നാൽ ഇടയ്ക്ക് വെച്ച പുറത്തായ റോബിൻ ഇന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നു. ജനശ്രദ്ധയ്ക്ക് വേണ്ടി ബിഗ് ബോസിനകത്തും പുറത്തും ഒരുപോലെ സ്ട്രാറ്റജിയുള്ള വ്യക്തിയാണ് റോബിനെന്ന് വിമർശകർ പറയുന്നു. എന്നാൻ റോബിൻ സത്യസന്ധനും പരോപകാരിയുമാണെന്ന് ആരാധകർ പറയുന്നു.
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം റോബിന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ജനങ്ങളെ സംബന്ധിച്ച് കൗതുകകരമാണ്. തുടക്കത്തിൽ വൻ ഹൈപ്പാണ് റോബിന് ലഭിച്ചത്. പിന്നീട് ഉദ്ഘാടന പരിപാടികളിൽ പോയി അലറലും കൂവലുമായതോടെ ബിഗ് ബോസ് കാണാത്ത ജനങ്ങളെ സംബന്ധിച്ച് ഇതൊരു പരിഹാസത്തിനുള്ള വകയായി. റോബിൻ ആരാധകരാൽ ആഘോഷിക്കപ്പെട്ടപ്പോൾ റോബിനും ഫാൻസും മറ്റൊരു വശത്ത് വ്യാപക ട്രോളുകൾക്കിരയായി. സോഷ്യൽ മീഡിയയിലെ പ്രോഗ്രസീവ് ചിന്താഗതിക്കാരും റോബിനെയും ഫാൻസിനെയും വിമർശിച്ചു.
ഈ വിമർശനങ്ങൾക്കെല്ലാം ശക്തി പകർന്നത് അടുത്തിടെ ശാലു പേയാട്, ആരവ് തുടങ്ങിയവർ ഉന്നയിച്ച ആരോപണങ്ങളാണ്. റോബിൻ പ്രശസ്തിക്ക് വേണ്ടി ഏതറ്റം വരെയും പോവുമെന്നാണ് ഇവർ വാദിക്കുന്നത്. ഇതിന്റെ ചില തെളിവുകളും പുറത്തു വിട്ടു. സംഭവം വൈറലായതോടെ സാഹചര്യം മാറി. റോബിൻ ഫാൻസിന് പോലും പിന്തുണയ്ക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോയി.
ചില മാധ്യമങ്ങളിൽ തുടരെ റോബിനെതിരെയുള്ള അഭിമുഖങ്ങളും വാർത്തകളും വന്നു. ഇതിനിടെ താൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന റോബിന്റെ വാക്കുകളും പരിഹാസങ്ങൾക്ക് ആക്കം കൂട്ടി. ബിഗ് ബോസ് കാണുന്ന ആരാധകരേക്കാളും വലിയ മടങ്ങ് ഹേറ്റേഴ്സ് പുറത്തുണ്ടാകാനുള്ള സാഹചര്യം റോബിൻ തന്നെയാണൊരുക്കുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ വിമർശനങ്ങൾക്കപ്പുറം തന്റേതായ രീതിയിൽ മുന്നേറുകയാണ് റോബിൻ. താരമിപ്പോൾ തനിക്ക് ലഭിച്ച പുതിയ അംഗീകാരത്തിന്റെ വിശേഷമാണ് പങ്കുവെച്ചിരിക്കുന്നത്. ഈ വർഷത്തെ പോപ്പുലർ ഫേസ് എന്ന ബഹുമതി ലഭിച്ചിരിക്കുകയാണ് റോബിന്. മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡ്സിന്റേതാണ് പുരസ്കാരം.
മെയ് മാസത്തിൽ ദുബായിൽ വെച്ച് റോബിന് പുരസ്കാരം കൈമാറും. പോസ്റ്റിന് താഴെ അഭിനന്ദനങ്ങളുമായ് നിരവധി പേരെത്തി. സന്തോഷ വാർത്തയ്ക്ക് താഴെ അധികം ഹേറ്റേഴ്സ് വന്ന് കമന്റ് ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഹേറ്റേഴ്സ് എവിടെ പോയെന്ന് ചില ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്. ഹേറ്റേഴ്സിന് ഇത് താങ്ങാനുള്ള ശേഷി കൊടുക്കണേ എന്നാണ് ഒരാളുടെ കമന്റ്. റോബിന്റെ ഭാര്യയാവാൻ പോവുന്ന ആരതി പൊടിയും അഭിനന്ദനങ്ങളറിയിച്ചു. റോബിനിസം അവസാനിക്കില്ല, എപ്പോഴും ഒപ്പമുണ്ട്, അസൂയപ്പെട്ടിട്ട് കാര്യമില്ല എന്നിങ്ങനെയാണ് ചില ആരാധകരുടെ കമന്റുകൾ. അലറാൻ റെഡിയാണോയെന്ന പരിഹാസ കമന്റുകളുമുണ്ട്. ബിഗ് ബോസ് അഞ്ചാം സീസൺ ചൂടേറിയ ചർച്ചയായിരിക്കെയാണ് റോബിൻ ഈ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. ഇതിനകം പല പൊതുവേദികളിലും റോബിൻ മുഖ്യാതിഥിയായി എത്തിയിട്ടുണ്ട്.
