അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഇത്തവണ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കാണ് തകര്‍ന്നടിഞ്ഞത്. സിലിക്കണ്‍ വാലിക്കും, സിഗ്നേച്ചര്‍ ബാങ്കിനും പുറമേയാണ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ച. ഇതോടെ, ഈ വര്‍ഷത്തെ മൂന്നാമത്തെ ബാങ്ക് തകര്‍ച്ചയാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
സിലിക്കണ്‍ വാലി ബാങ്കിന് സമാനമായ രീതിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റും ഫണ്ടിംഗ് നല്‍കിയിരുന്ന ബാങ്കാണ് ഫസ്റ്റ് ബാങ്ക്. സിലിക്കണ്‍ വാലി, സിഗ്നേച്ചര്‍ ബാങ്ക് എന്നിവ തകര്‍ന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ വന്‍തുക ഒരുമിച്ച് പിന്‍വലിച്ചതാണ് ബാങ്ക് തകര്‍ച്ചയുടെ ആരംഭം. നിക്ഷേപകര്‍ കൈവിട്ടതോടെ ഓഹരി വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന് സാധിച്ചിരുന്നില്ല.
അടച്ചുപൂട്ടിയ റിപ്പബ്ലിക് ബാങ്കിനെ ഏറ്റെടുക്കാന്‍ ജെ.പി മോര്‍ഗന്‍ ചെസ് ബാങ്ക് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഏറ്റെടുക്കലിന്റെ ഭാഗമായുള്ള നടപടികള്‍ ജെ.പി മോര്‍ഗന്‍ ചെസ് ബാങ്ക് ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതോടെ, ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിലുള്ള എല്ലാ നിക്ഷേപങ്ങളും അക്കൗണ്ടുകളും ജെ.പി മോര്‍ഗന്‍ ചെസ് ബാങ്കിലേക്ക് മാറ്റുന്നതാണ്.
