ഒറിഗോൺ: ഏണിയിൽ നിന്ന് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ 65കാരന് വേദനാ സംഹാരിക്ക് പകരം നൽകിയത് പൈപ്പ് വെള്ളം. അണുബാധയ്ക്ക് പിന്നാലെ രോഗി മരിച്ചതോടെ നഴ്സിനെതിരെ പരാതിയുമായി കുടുംബം. അമേരിക്കയിലെ ഒറിഗോണിലാണ് സംഭവം. 65കാരനായ ഹൊറാസ് വിൽസൺ മെഡ്ഫോർഡിലെ ആസാന്റേ റോഗ് റീജിയണൽ മെഡിക്കൽ സെന്ററിൽ ചികിത്സ തേടിയെത്തിയതിന് പിന്നാലെയാണ് അണുബാധ ഗുരുതരമായി മരിക്കുന്നത്. ഏണിയിൽ നിന്ന് വീണ് വാരിയെല്ലുകൾ ഒടിയുകയും പ്ലീഹയ്ക്ക് പരിക്കേൽക്കുകയും ചെയ്താണ് ഹൊറാസ് വിൽസണെ ആശുപത്രിയിലെത്തിച്ചത്.
