മുംബൈയിലെ ബാര്‍ബിക്യു നേഷനില്‍ നിന്ന് വാങ്ങിയ വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി. ഭക്ഷണം കഴിച്ച് തുടങ്ങിയതിന് ശേഷമാണ് യുപിയിലെ പ്രയാഗ്രാജ് സ്വദേശിയായ 35 കാരനായ രാജീവ് ശുക്ല എന്ന അഭിഭാഷകന് ചത്ത എലിയെ ഭക്ഷണത്തില്‍ കണ്ടത്. ഇതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനുവരി എട്ടിനായിരുന്നു സംഭവം. ഭക്ഷണത്തിനുള്ളില്‍ കിടക്കുന്ന ചത്ത എലിയുടെ ചിത്രവും പിന്നീട് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും രാജീവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇത്തരം ഒരു സംഭവം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് രാജീവ് പറയുന്നു. പരാതി കിട്ടിയിട്ടും റസ്റ്റോറന്റിന്റെ ഭാഗത്ത് നിന്നും വളരെ ലാഘവത്തോടെയുള്ള ഒരു മറുപടി സന്ദേശം വന്നതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും രാജീവ് പറഞ്ഞു.
തന്റെ മുംബൈ സന്ദര്‍ശന വേളയിലാണ് വോര്‍ളിയിലെ ബാര്‍ബിക്യൂ നേഷനില്‍ നിന്ന് ഒരു ക്ലാസിക് വെജ് മീല്‍ ബോക്സിന് രാജേഷ് ശുക്ല ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കിയത്.ഭക്ഷണം കഴിച്ചു തുടങ്ങിയതിന് ശേഷമാണ് അതിനുള്ളില്‍ കിടക്കുന്ന ചത്ത എലിയെ അദ്ദേഹം കണ്ടത്. അല്പസമയം കഴിഞ്ഞതും കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാജേഷ് സമീപത്തെ ഒരു ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.




