ഇതരഭാഷകളിലെ ശ്രദ്ധേയ ചിത്രങ്ങള്‍ കാണുന്ന മലയാളികളെ സംബന്ധിച്ച് പരിചിതമാണ് പവന്‍ കുമാറിന്‍റെ വര്‍ക്കുകള്‍. അദ്ദേഹത്തിന്‍റെ പേര് ഒരുപക്ഷേ അറിയില്ലെങ്കില്‍ പോലും ലൂസിയയ്ക്കും യു ടേണിനുമൊക്കെ ഇവിടെ ആരാധകരുണ്ട്. പവന്‍ കുമാറിനെ സംബന്ധിച്ച് കരിയറില്‍ ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് ഇന്ന് തിയറ്ററുകളിലെത്തുന്ന ധൂമം. കന്നഡത്തിലും തെലുങ്കിലും തമിഴിലും സിനിമകള്‍ ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം എന്നത് മാത്രമല്ല പ്രത്യേകത. മറിച്ച് പവന്‍ ഏറ്റവും നീണ്ട കാലയളവ് മനസില്‍ കൊണ്ടുനടന്ന ചിത്രം കൂടിയാണ് ഇത്.
“എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു ദിവസമാണ് ഇന്ന്. 26-ാം വയസില്‍ എന്‍റെ മനസിലേക്ക് വന്ന ഒരു ആശയം ഇന്ന് സിനിമയായി അവതരിപ്പിക്കുമ്പോള്‍ എനിക്ക് 40 വയസുണ്ട്. ഞാന്‍ പ്രതീക്ഷിച്ചിരുന്ന രീതിയില്‍ ഈ ചിത്രം നിങ്ങളെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എന്നില്‍ സൃഷ്ടിച്ചതുപോലെ അത് നിങ്ങള്‍ക്കുള്ളിലും ചില സംവാദങ്ങള്‍ സൃഷ്ടിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് ഗംഭീരമായ 145 മിനിറ്റുകള്‍ ഉണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്‍റെ ചിത്രം കാണാനായി സമയം കണ്ടെത്തി, പരിശ്രമം നടത്തിയവര്‍ക്ക് നന്ദി”, റിലീസിന് മുന്നോടിയായി ട്വീറ്റ് ചെയ്തു.




