മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായി മലയാളത്തിൽ ഒട്ടനവധി ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള താരം പിന്നീട് നായികയായും തിളങ്ങുകയുണ്ടായി. ഇരുപത്തൊമ്പതുകാരിയായ മഞ്ജിമ കളിയൂഞ്ഞാൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് സിനിമയിലേക്ക് എത്തുന്നത്.
പിന്നീട് 1998ൽ മയിൽപ്പീലിക്കാവിൽ അഭിനയിച്ചു മഞ്ജിമ. പിന്നീട് സാഫല്യമെന്ന സിനിമയിലും ബാലതാരമായി മഞ്ജിമ തിളങ്ങി. ശേഷമാണ് താരം പ്രിയം സിനിമയിലേക്ക് എത്തുന്നത്.
കുഞ്ചാക്കോ ബോബൻ നായകനായ സിനിമയിൽ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് മഞ്ജിമ അവതരിപ്പിച്ചത്. പിന്നീട് നായികയായി എങ്കിലും മഞ്ജിമയിന്നും മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് പ്രിയത്തിലെ കുട്ടിത്താരം എന്ന ലേബലിലാണ്.
പ്രിയത്തിന് ശേഷം തെങ്കശിപട്ടണം, മധുരനൊമ്പരകാറ്റ്, സുന്ദര പുരുഷൻ തുടങ്ങിയ സിനിമകളിലും ബാലതാരമായി മഞ്ജിമ അഭിനയിച്ചു. 2001 ആയപ്പോഴേക്കും മുതിർന്ന ക്ലാസുകളിലേക്ക് എത്തിയ മഞ്ജിമ പഠനത്തിൽ ശ്രദ്ധിക്കാനായി സിനിമയിൽ നിന്നും വിട്ടുനിന്നു.
ശേഷം വർഷങ്ങളോളം മഞ്ജിമയെ ആരും ലൈം ലൈറ്റിൽ കണ്ടില്ല. പിന്നീട് 2015ൽ നായികയായിട്ടായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ജി.പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെയായിരുന്നു ആ തിരിച്ചുവരവ്. ചിത്രത്തിൽ നിവിൻ പോളിയായിരുന്നു നായകൻ. പക്ഷെ സിനിമ വേണ്ടത്ര വിജയം നേടിയില്ല. മഞ്ജിമയ്ക്കും അഭിനയത്തിലെ പോരായ്മകളുടെ പേരിൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. വടക്കൻ സെൽഫിക്ക് ശേഷം മഞ്ജിമ നേരെ തമിഴിലേക്കാണ് പോയത്.
തമിഴിലും തെലുങ്കിലും താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചു. നായികയായി മലയാളത്തിൽ ഒരു വടക്കൻ സെൽഫിക്ക് പുറമെ മിഖായേലിൽ മാത്രമാണ് മഞ്ജിമ അഭിനയിച്ചിട്ടുള്ളത്. മിഖായേലും പരാജയമായിരുന്നു. ഇപ്പോൾ അന്യ ഭാഷ ചിത്രങ്ങളിലാണ് താരം കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്.
സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ ശേഷം പല താരങ്ങളുടെ പേരിനൊപ്പവും മഞ്ജിമയുടെ പേരും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ നടൻ ഗൗതം കാർത്തിക്കുമായുള്ള നടിയുടെ പ്രണയ കഥയാണ് വൈറലാകുന്നത്.
തമിഴ് സിനിമയിലെ യുവ നടന്മാരിൽ ഒരാളാണ് ഗൗതം കാർത്തിക്. പഴയകാല നടൻ മുത്തുരാമന്റെ ചെറുമകനുമാണ് ഗൗതം കാർത്തിക്ക്. എ.ആർ മുരുഗദോസ് നിർമ്മിക്കുന്ന ഓഗസ്റ്റ് 16 1947′ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് ഈ മുപ്പത്തിമൂന്നുകാരൻ.
കൂടാതെ സിമ്പു നായകനാകുന്ന ഏറ്റവും പുതിയ സിനിമ പത്തുതലയിലും ശ്രദ്ധേയ വേഷത്തിൽ ഗൗതം കാർത്തിക്ക് എത്തും. 2019ൽ ‘ദേവരാട്ടം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് ഗൗതം കാർത്തിക്കും മഞ്ജിമ മോഹനും പ്രണയത്തിലായത്.
കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും പ്രണയത്തിലാണ്. ഇവരുടെ ബന്ധത്തെ കുറിച്ച് വന്ന അടിസ്ഥാന രഹിതമായ വാർത്തകൾ മുമ്പ് തന്റെ മാതാപിതാക്കളെ വേദനിപ്പിച്ചിരുന്നുവെന്ന് മഞ്ജിമ തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
ഇരുവരുടേയും പ്രണയ കഥ തെന്നിന്ത്യയിൽ ചർച്ചയാകുമ്പോഴും മഞ്ജിമ പ്രണയം മീഡിയയോട് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഇരുവരുടേയും വിവാഹ നിശ്ചയം വൈകാതെയുണ്ടാകുമെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മഞ്ജിമ ഗൗതമിന്റെ കുടുംബത്തോടൊപ്പം ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോയതിന്റെ ചിത്രങ്ങൾ വ്യപാകമായി പ്രചരിച്ചതോടെയാണ് ഇരുവരുടേയും പ്രണയം വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയായത്.
വൈകാതെ ഇവരുടെ വിവാഹനിശ്ചയം ഊട്ടിയിലെ ഗൗതം കാർത്തിക്കിന്റെ ഫാം ഹൗസിൽ നടക്കുമെന്നുമാണ് കോളിവുഡിലെ ഏറ്റവും പുതിയ സംസാരം. അതിനിടെ ഗൗതമിന്റെ അടുത്ത സുഹൃത്തായ ഗോപിയുടെ വിവാഹ നിശ്ചയത്തിൽ മഞ്ജിമയും ഗൗതമിനൊപ്പം പങ്കെടുത്തിരുന്നു.
