ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നടി ശ്വേത മേനോനും പെട്ടുവെന്ന തരത്തില്‍ കുറച്ച് ദിവസങ്ങളായി വാര്‍ത്തകള്‍ വന്നിരുന്നു. മുംബൈ പോലീസ് അന്വേഷക്കുന്ന കേസില്‍ ശ്വേത മേനോന്റെ ചിത്രം സഹിതമാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഈ കേസില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞാണ് ശ്വേതയിപ്പോള്‍ എത്തിയിരിക്കുന്നത്.
മുംബൈയിലെ ഒരു സ്വകാര്യ ബാങ്കില്‍ നിന്നും നാല്‍പതോളം ഇടപാടുകാര്‍ക്ക് പണം നഷ്ടമായെന്നതാണ് കേസ്. പലരുടെയും അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടുവെന്നും അതില്‍ നടി ശ്വേത മേനോനും നഷ്ടം വന്നതായിട്ടുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ദേശീയ മാധ്യമങ്ങളില്‍ അടക്കം തന്റെ പേര് പറഞ്ഞ് വന്ന വാര്‍ത്തകള്‍ക്ക് വിശദീകരണം നല്‍കുകയായിരുന്നു ശ്വേത മേനോന്‍.
‘വാര്‍ത്തകളില്‍ പറയുന്ന ശ്വേത മേനോന്‍ ഞാനല്ല. കഴിഞ്ഞ ദിവസം മുതല്‍ ഇതേ കാര്യം തിരക്കി ഒരുപാട് കോളുകളാണ് എനിക്ക് വന്ന് കൊണ്ടിരിക്കുന്നത്. ഏതോ ടെലിവിഷന്‍ ആര്‍ട്ടിസ്റ്റാണ് അതെന്ന് തോന്നുന്നു’, എന്നുമാണ് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രതികരണത്തിലൂടെ ശ്വേത മേനോന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ബാങ്ക് തട്ടിപ്പിനിരയായ ശ്വേത മേനോന 57636 രൂപ നഷ്ടമായെന്നാണ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. മാത്രമല്ല ഫേസ്ബുക്ക് പേജിലൂടെ വാര്‍ത്തയിലെ സത്യാവസ്ഥ എന്താണെന്നും നടി സൂചിപ്പിച്ചിരുന്നു. ‘രാവിലെ മുതലുള്ള ആശയക്കുഴപ്പം തീര്‍ക്കാന്‍ ആഗ്രഹിക്കുകയാണെന്ന് പറഞ്ഞാണ് നടി സംസാരിച്ച് തുടങ്ങുന്നത്.
‘ടൈംസ് ഓഫ് ഇന്ത്യക്ക് വന്ന ഒരു പിശക് കാരണം അവര്‍ അവരുടെ സ്റ്റോറിയില്‍ എന്നെ ടാഗ് ചെയ്തു. ഇത് കണ്ട നിരവധി ബന്ധുക്കളും സുഹൃത്തുക്കളും എന്നെ വിളിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഞാന്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിട്ടില്ലെന്ന് എല്ലാവരേയും അറിയിക്കുകയാണെന്നും’, ശ്വേത മേനോന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
പള്ളിമണി എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ശ്വേത മേനോന്‍ തിരക്കുകളിലായിരുന്നു. അടുത്തിടെ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് നടി എത്തുകയും ചെയ്തിരുന്നു. ഇതിന് പുറമേ തന്റെ മകളെ കുറിച്ചും ഭര്‍ത്താവിനെ പറ്റിയുമൊക്െക പല അഭിമുഖങ്ങളിലൂടെയും ശ്വേത തുറന്ന് സംസാരിച്ചതും ശ്രദ്ധേയമായി. മകള്‍ക്ക് തന്റെ സ്വത്തുക്കളൊന്നും കൊടുക്കില്ലെന്ന് പറഞ്ഞാണ് നടി ആരാധകരെ പോലും ഞെട്ടിച്ചത്.
‘നിനക്ക് ഞാന്‍ വിദ്യാഭ്യാസം മാത്രം തരും. എന്റെ സമ്പാദ്യമോ സ്വത്തോ തരില്ലെന്ന് മകളോട് താന്‍ പറഞ്ഞിട്ടുണ്ടെന്നാണ്’, ഒരഭിമുഖത്തില്‍ ശ്വേത മേനോന്‍ വെളിപ്പെടുത്തിയത്. താനുണ്ടാക്കിയ സ്വത്തുക്കളൊക്കെ ഞാനും ഭര്‍ത്താവും കൂടി ഇവിടെ തന്നെ പൊടിച്ച് തീര്‍ക്കും. മകളെ പറക്കാന്‍ അനുവദിച്ചാലെ എന്തെങ്കിലും നേടണമെന്ന് അവള്‍ക്ക് തോന്നു. അതിന് വേണ്ടിയാണ് അങ്ങനൊരു തീരുമാനം പറഞ്ഞതെന്നാണ്’, നടി വ്യക്തമാക്കുന്നത്.
