സുന്ദരികളായ രണ്ട് യുവതികള്‍ നടത്തിയ അസാധാരണ മോഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പഞ്ചാബിലെ മൊഹാലിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിവ. വിലകൂടിയ കാറിലെത്തി കുഞ്ഞുചെടിച്ചട്ടികള്‍ അടിച്ചുമാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും യുവതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .മോഷണവുമായി ബന്ധപ്പെട്ട് ആരും ഇതുവരെ പരാതിയും നല്‍കിയിട്ടില്ല.
അര്‍ദ്ധരാത്രിയോടെയാണ് അടിപൊളി വേഷത്തില്‍ ആഡംബര കാറില്‍ രണ്ട് യുവതികള്‍ റോഡുവക്കത്തെ വീടിനുമുന്നില്‍ എത്തിയത്. യുവതികളില്‍ ഒരാളാണ് കാര്‍ ഓടിച്ചിരുന്നത്. അല്പനേരം പരിസരം നിരീക്ഷിച്ചശേഷം ഡോര്‍ പതുക്കെ തുറന്ന് ഇരുവരും പുറത്തിറങ്ങി. പരിസരം ഒന്നുകൂടി നിരീക്ഷിച്ച് ആരും ഇല്ലെന്ന് ഉറപ്പിച്ചശേഷം വളരെ കൂളായി ഗേറ്റിനടുത്തേക്ക് വന്ന ഇരുവരും ഇരുവശത്തുമുളള തൂണുകള്‍ക്ക് മുകളില്‍ വച്ചിരുന്ന ചെറിയ ചെടിച്ചട്ടികള്‍ വളരെ വേഗത്തില്‍ എടുത്ത് കാറിലേക്ക് കയറുകയായിരുന്നു. നിമിഷങ്ങള്‍ക്കകം അവര്‍ സ്ഥലം വിടുകയും ചെയ്തു.
വീട്ടിലെ സി സി ടി വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള പത്തിലധികം മോഷണങ്ങളാണ് പ്രദേശത്ത് നടന്നത്. ഇതില്‍ ഒന്നില്‍പ്പോലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പുറത്തുവന്ന ദൃശ്യങ്ങളിലുളള യുവതികള്‍ തന്നെയാണോ ആ മോഷണങ്ങളും നടത്തിയതെന്നും വ്യക്തമല്ല.




